22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 8, 2024
October 28, 2024
October 27, 2024
October 26, 2024
October 23, 2024
October 21, 2024
September 30, 2024
September 5, 2024
September 5, 2024
September 1, 2024

സുധാകനും മാവുങ്കലും അറസ്റ്റും കോണ്‍ഗ്രസും

web desk
June 24, 2023 8:31 pm

ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ കുമ്പക്കുടി സുധാകരന്‍ എന്ന കെ സുധാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിന് പുതിയൊരു ചരിത്രംകൂടി സമ്മാനിച്ചിരിക്കുന്നു. ‘പുരാവസ്തു തട്ടിപ്പ്’ കേസില്‍ അറസ്റ്റുവരിച്ചു. ആ ധീരതയെ വാഴ്ത്തി അദ്ദേഹത്തിന്റെ ആരാധകര്‍ രാത്രിവെളിച്ചത്തില്‍ പ്രകടനങ്ങളും നടത്തി. ചരിത്രം പഠിച്ച സുധാകരന് പുരാവസ്തുവുമായി എന്ത് ബന്ധം എന്ന് ചോദിക്കരുത്. നിയമം പാസായ ഇതേ കെ സുധാകരന്‍ തന്നെയാണല്ലോ, ഇടുക്കിയിലെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനായ ധീരജിന്റെ കൊലപാതകികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആത്മധൈര്യം നല്‍കിയവരാണെന്നും ആ ‘കുട്ടികളെ’ സംരക്ഷിക്കുമെന്നും പരസ്യമായി പറഞ്ഞത്. ചരിത്രമായാലും നിയമമായാലും സുധാകരന് പുല്ലാണ്.

കെ സുധാകരന്‍ കെപിസിസിയുടെ പ്രസിഡന്റാണ്. പദവി ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തില്‍ തന്നെ ‘രാഷ്ട്രീയ കേസുകള്‍’ നടത്താന്‍ ഒരു ലീഗല്‍ സെല്‍ ഉണ്ടാക്കി. ആ ലീഗല്‍ സെല്ലിലെ വക്കീലന്മാരെ വച്ചാണ് ധീരജിന്റെ കൊലയാളികള്‍ക്ക് നിയമസഹായം ചെയ്തത്. അതേ ടീമിനെ തന്നെ സുധാകരന്റെ തട്ടിപ്പ് കേസിനും കോടതികളിലിറക്കിയേക്കും.

സുധാകരന്‍ വെറുമൊരു പാര്‍ട്ടി പ്രസിഡന്റ് മാത്രമല്ല. കണ്ണൂരില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം കൂടിയാണ്. സുധാകരനുവേണ്ടി കേരളം ഒന്നാകെ ഇളകിയില്ല. പോട്ടെ, കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മൊത്തത്തില്‍ പ്രതികരിക്കാനും നിന്നില്ല. അങ്ങോട്ട് ചെന്നതിനാല്‍ പ്രതിപക്ഷ നേതാവും ഏതാനും നേതാക്കളും ചാനലുകള്‍ക്ക് ഓരോ സുധാകരനുകൂല ബൈറ്റ് കൊടുത്തു എന്നത് സത്യം. അറസ്റ്റിന്റെ പേരില്‍ ഏതാനും ഇടങ്ങളില്‍ പ്രകടനങ്ങള്‍ നടന്നിരുന്നു എന്നതും വാസ്തവം.

പ്രകടനത്തിലുടനീളം കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള രോഷമായിരുന്നു. അതിനര്‍ത്ഥം സുധാകരന്റെ അറസ്റ്റല്ല അവരുടെയും പ്രശ്നം. രാഷ്ട്രീയമായി അത്രമേല്‍ വിരോധം കാണിക്കുന്ന ഒരാള്‍‍ക്കെതിരെ പ്രകടനത്തിലൂടെ നാല് ചീത്തവിളിക്കാന്‍ കിട്ടുന്ന അവസരം അവര്‍ മുതലെടുത്തെന്നുമാത്രം. നരേന്ദ്ര മോഡി സര്‍ക്കാര്‍ ഗ്യാസിന് വില കൂട്ടിയ ദിവസം പിണറായി വിജയന് മൂര്‍ദ്ദാബാദ് വിളിച്ച മഹിളാകോണ്‍ഗ്രസ് വരെയുള്ള നാടല്ലേ. സുധാകര സ്നേഹത്തിന്റെ പേരിലും കണ്ടത് ആ പ്രകടനം തന്നെയായിരുന്നു. സുധാകരന് ജാമ്യം നല്‍കി സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചശേഷവും വികാരപ്രകടനങ്ങള്‍ തുടര്‍ന്നിരുന്നു. പോരാത്തതിന് പിറ്റേന്ന് കരിദിനവും ആഘോഷിച്ചു. അണികള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ കെപിസിസിയുടെയും പ്രസിഡന്റ് പദവിയുടെയും വില എന്താകും. തട്ടിപ്പ് കേസാണെങ്കിലും പദവി ഒഴിയും വരെ പാര്‍ട്ടി പ്രസിഡന്റ് ഒരു പ്രസിഡന്റ് തന്നെയല്ലേ.

ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ആ കേസ് തട്ടിപ്പോ വ്യാജനോ അല്ല. സാക്ഷാല്‍ തട്ടിപ്പുവീരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ഇടനിലക്കാരനെപ്പോലെ നിന്നുകൊടുത്തു. പോരാത്തതിന് കാശും കൈപ്പറ്റി. സുധാകരന് കൊടുക്കാനാണെന്ന് പറഞ്ഞ് ആവശ്യക്കാരില്‍ നിന്ന് 25 ലക്ഷം കൈപ്പറ്റിയ മോന്‍സന്‍, അവിടെയും ഒരു തട്ടിപ്പ് നടത്തി. 25ല്‍ നിന്ന് 15 സ്വന്തം പോക്കറ്റിലിട്ട്, 10 ലക്ഷമാണ് കോണ്‍ഗ്രസുകാര്‍ വീരശൂരപരാക്രമി പട്ടം ചാര്‍ത്തിക്കൊടുത്തിരിക്കുന്ന സുധാകരന് കൈമാറിയത്. മോന്‍സന്റെ തട്ടിപ്പിന് കൂട്ടുനില്‍ക്കുകയും പണം കൈപ്പറ്റുകയും മാത്രമല്ല, അയാളുടെ തട്ടിപ്പിന് ഇരയുമായി, കോണ്‍ഗ്രസിന്റെ ഈ ധീരന്‍. സുധാകരനെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസുകാര്‍, സുധാകരനോട് മോന്‍സണ്‍ കാണിച്ച വഞ്ചനക്കെതിരെയും നാല് മുദ്രാവാക്യം മുഴക്കേണ്ടതായിരുന്നു. ഇതെന്താണ് ഈ കോണ്‍ഗ്രസ് ഇങ്ങനെ?

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തില്‍ തുടര്‍ന്നതിന്റെ ‘ധാര്‍മ്മിക’ ഉത്തരവാദിത്തം ഏറ്റെടുത്താണ് സുധാകരന്റെ മുന്‍ഗാമിയായ മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റ് പദവി ഒഴിഞ്ഞത്. പക്ഷെ അങ്ങനെയൊരു ധാര്‍മ്മികതയൊന്നും കെ സുധാകരനില്‍ നിന്ന് ആരും പ്രതീക്ഷിക്കേണ്ട. അന്ന് പക്ഷെ മുല്ലപ്പള്ളി ബലിയാടാവുകയായിരുന്നു. കേരളത്തിലെ ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങളും പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ സന്തതസഹചാരി എന്ന് പറയാനാവില്ലെങ്കിലും ഏറെക്കുറെ അടുത്തുനില്‍ക്കുന്ന ബിജെപി പ്രസി‍ഡന്റ് കെ സുരേന്ദ്രനും ചേര്‍ന്ന് ഇടതടവില്ലാതെ നടത്തിയ ‘സര്‍ക്കാര്‍ വിരുദ്ധ പോരാട്ടം’ ചെറുതൊന്നുമായിരുന്നില്ല. കേരളത്തില്‍ അഞ്ച് വര്‍ഷം നടന്ന ക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങളിലൂടെ ചര്‍ച്ച ചെയ്യാതിരിക്കുന്നതില്‍ ഈ സംഘം നന്നായി വിജയിച്ചു. വ്യാജനും വസ്തുതാ വിരുദ്ധവുമായ ആരോപണങ്ങള്‍ പടച്ചുവിട്ടുകൊണ്ടേയിരുന്നു. പക്ഷെ ജനങ്ങളുടെ കണ്ണുമൂടിവയ്ക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. പഴി പക്ഷെ മുല്ലപ്പള്ളിക്ക് വേണ്ടുവോളം കിട്ടി. മുല്ലപ്പള്ളിയെ കസേരയില്‍ നിന്ന് തട്ടിത്താഴെയിടാന്‍ മുന്നില്‍ നിന്നതില്‍ വമ്പനായിരുന്നു കെ സുധാകരന്‍. സുധാകരനെ തെറിപ്പിച്ച് കസേര കയ്യടക്കാന്‍ മോഹിക്കുന്നവര്‍ കോണ്‍ഗ്രസില്‍ ഒന്നൊന്നുമല്ല, ഡസന്‍ കണക്കിനുണ്ടാവും. കാണാം വരും ദിവസങ്ങളില്‍.

Eng­lish Sam­mury: Mon­san Mavun­gal also cheat­ed K Sudhakaran 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.