29 September 2024, Sunday
KSFE Galaxy Chits Banner 2

ആശങ്കയുണര്‍ത്തുന്ന പൊതു ഡിജിറ്റല്‍ ഉപരിഘടന

Janayugom Webdesk
June 27, 2023 4:30 am

ജി20 അധ്യക്ഷപദവി വഹിക്കുന്ന രാഷ്ട്രം എന്നനിലയിൽ ‘പൊതു ഡിജിറ്റൽ ഉപരിഘടന’ അഥവാ ‘ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറി’(ഡിപിഐ)നു വേണ്ടിയുള്ള ഇന്ത്യയുടെ അമിതാവേശം വിവിധ കോണുകളിൽ ആശങ്കയുണർത്തുന്നു. കോവിൻ, യുപിഐ, ആധാർ എന്നിവ വഴി പൊതുസേവനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു എന്ന അവകാശവാദമാണ് കേന്ദ്രസർക്കാരിനെ ഡിപിഐയുടെ ആഗോള ചാമ്പ്യൻ പദവിയിൽ മത്സരാർത്ഥിയാക്കുന്നത്. ജൂൺ 12,13 തീയതികളിൽ പൂനെയിൽ കേന്ദ്ര ഇലക്ട്രോണിക് വിവരസാങ്കേതികവിദ്യ മന്ത്രാലയം ഒരു ‘ആഗോള ഡിപിഐ ഉച്ചകോടി’ തന്നെ അതിന്റെ പേരിൽ സംഘടിപ്പിക്കുകയുണ്ടായി. ഉച്ചകോടി ആരംഭിച്ച ദിവസം തന്നെയാണ് ഡൽഹി പൊലീസ് കോവിൻ പോർട്ടൽ ചോർച്ചയുടെ പേരിൽ നിരവധിപേരെ അറസ്റ്റ് ചെയ്തത്. അത് തികച്ചും യാദൃച്ഛികമാവാം. എന്നാൽ കോവിൻ പോർട്ടലിൽ നിന്നും പ്രമുഖ വ്യക്തികളടക്കം അനേകകോടിപേരുടെ പൂർണപേര്, ആധാർ നമ്പർ, മൊബൈൽ നമ്പർ, വാക്സിനേഷൻ വിവരങ്ങൾ എന്നിവ ചോർക്കപ്പെട്ടു എന്നത് അനിഷേധ്യ വസ്തുതയാണ്.

അതുകൊണ്ടുതന്നെ മതിയായ ചർച്ചകളും തയ്യാറെടുപ്പുകളും വിവരച്ചോർച്ചയും അതിന്റെ ദുരുപയോഗവും തടയാനുള്ള സുരക്ഷാ സംവിധാനങ്ങളും കൂടാതെ രാഷ്ട്രീയനേട്ടം ലക്ഷ്യമാക്കി തിടുക്കത്തിൽ ഡിപിഐയിലേക്ക് എടുത്തുചാടുന്നത് പൗരന്മാരിലും രാഷ്ട്രതാല്പര്യത്തിന്മേലും ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കു കാരണമായേക്കാം. അന്താരാഷ്ട്രതലത്തിൽ ഡിപിഐയുടെ പ്രമുഖവക്താവാകാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. എന്നാൽ രാജ്യം കണ്ട വിവിധ ഡിജിറ്റൽ വിവരച്ചോർച്ചകളുടെ പശ്ചാത്തലത്തിൽ ഡിപിഐയുമായി ബന്ധപ്പെട്ട വാചാടോപം യാഥാർത്ഥ്യവുമായുള്ള അന്തരമാണ് തുറന്നുകാട്ടുന്നത്. പണമിടപാടുകൾ മുതൽ പ്രതിരോധ കുത്തിവയ്പുകൾവരെ, എന്തിനും ഏതിനും, വിവേചനരഹിതമായി ഡിപിഐ വിന്യസിക്കുന്നതിന്റെ ഉപയോഗ്യത ചോദ്യംചെയ്യപ്പെടാതെ പോകുന്നത് ഖേദകരമാണ്. ഡിപിഐ സംബന്ധിച്ച ഇന്ത്യയുടെ ഇതുവരെയുള്ള സഞ്ചാരപഥം പരിശോധനാവിധേയമാക്കിയാൽ മൂന്നുവിഷയങ്ങൾ സംബോധന ചെയ്യപ്പെടേണ്ടതുണ്ട്, 1. ഡിപിഐയുടെ പ്രയോജനം സംബന്ധിച്ച അനുഭവവേദ്യമായ തെളിവുകൾ; 2. അനുയോജ്യത, അവസരം എന്നിവയുടെ ചെലവ് നിർണയത്തിന്റെ അഭാവം; 3. അവകാശനിഷേധങ്ങൾ സംബന്ധിച്ച സുതാര്യതയുടെയും മതിയായ ഉത്തരവാദിത്തത്തിന്റെയും അഭാവം, എന്നിവയാണ് അവ. ആഭ്യന്തരമായും അന്താരാഷ്ട്രതലത്തിലും ഡിപിഐ സംബന്ധിച്ച ആഖ്യാനങ്ങൾ എല്ലാംതന്നെ അനുഭവത്തേക്കാളേറെ സാങ്കേതിക ശുഭാപ്തിവിശ്വാസത്തിൽ അധിഷ്ഠിതമാണ്.


ഇതുകൂടി വായിക്കൂ: കോവിന്‍ വിവരച്ചോര്‍ച്ച സത്യം മറയ്ക്കാന്‍ ശ്രമം


ഡിപിഐ സംബന്ധിച്ച ഏതാണ്ട് എല്ലാ ചർച്ചകളും ‘നൂതനം, കാര്യക്ഷമം, ഉൾക്കൊള്ളുന്നത്’ തുടങ്ങിയ വാക്കുകളുപയോഗിച്ചുള്ള പുകഴ്ത്തലുകളിൽ ഒതുങ്ങുന്നു. അത്തരം പ്രയോഗങ്ങളിൽ കുറ്റം കണ്ടെത്താനാകില്ലെങ്കിലും ആ അവകാശവാദങ്ങൾക്കൊന്നും അനുഭവവേദ്യമായ തെളിവുകൾ നിരത്താനില്ലെന്നതാണ് വസ്തുത. അനുഭവവേദ്യമായ തെളിവുകളുടെ ശേഖരം, അത്തരം സംവിധാനങ്ങൾ ഉണ്ടാക്കുന്ന ആഘാതപ്രത്യാഘാതങ്ങൾ എന്നിവ വിലയിരുത്തപ്പെടാതെയുള്ള അതിവേഗ ഡിപിഐ വിന്യാസമാണ് നടക്കുന്നത്. ആധാറിന്റെ കാര്യത്തിൽ ഒഴിവാക്കൽ, വിവരച്ചോർച്ച സംബന്ധിച്ച വെളിപ്പെടുത്തലുകൾ തുടങ്ങിയ പരാതികൾപോലും അഭിസംബോധന ചെയ്യാതെയാണ് സേവനലഭ്യതയ്ക്കായി അത് അതിവേഗം നടപ്പാക്കിവരുന്നത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽനിന്നും ആധാറിൽ രേഖപ്പെടുത്തിയ തെറ്റുകൾ കാരണം ആദിവാസികളടക്കം അഞ്ചുകോടിയില്‍പ്പരം തൊഴിലാളികൾ പുറത്തായതായി ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ ദിവസമാണ്. യുപിഐ, ഡിജിറ്റൽ പണമിടപാടുകൾ എന്നിവവഴി നടക്കുന്ന തട്ടിപ്പുകളും ക്രമക്കേടുകളും സംബന്ധിച്ച് ദിനംപ്രതിയെന്നോണം പരാതികൾ ഉയരുമ്പോഴും സർക്കാർ വായ്ത്താരി ഒരു കുറവുംകൂടാതെ തുടരുകയാണ്.

ഡിജിറ്റൽ അധിഷ്ഠിത പ്രതിവിധികൾ ഏറെ ചർച്ചകളും അഭിപ്രായ സമന്വയവും ആവശ്യമായ നയപരമായ വിഷയം എന്നതിനേക്കാൾ മുൻനിശ്ചയമനുസരിച്ചുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. ഇന്ത്യയിൽ ഭരണതലത്തിൽ വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, നീതിനിർവഹണം തുടങ്ങി വിവിധമേഖലകളിൽ ഡിപിഐ വിന്യാസം ദ്രുതഗതിയിലാണ് നടന്നുവരുന്നത്. ഇപ്പോൾത്തന്നെ വിവിധ മേഖലകളിൽ നിർദേശങ്ങൾ, പ്രാഥമിക ഇടപെടലുകൾ എന്നീ രൂപങ്ങളിൽ ഡിപിഐ വിന്യാസം നടപ്പായിക്കഴിഞ്ഞു. ആയുഷ്‌മാൻ ഭാരത് ഡിജിറ്റൽ മിഷൻ, നാഷണൽ ഡിജിറ്റൽ എജ്യൂക്കേഷണൽ ആർക്കിടെക്ചർ, ഇന്ത്യ ഡിജിറ്റൽ എക്കോസിസ്റ്റം ഫോർ അഗ്രിക്കൾച്ചർ, ഡിജിറ്റൽ എക്കോസിസ്റ്റം ഫോർ സ്കില്ലിങ് ആന്റ് ലൈവ്‌ലിഹുഡ് എന്നിവ അവയിൽ ചിലതാണ്. ഇവയിലെല്ലാം ഡിപിഐ അഭിഗമ്യത, സേവന മികവ്, ഉത്തരവാദിത്തം തുടങ്ങിയ നയപരമായ വെല്ലുവിളികൾക്കു പരിഹാരമാകുമെന്ന് മതിയായ തെളിവുകളൊന്നും കൂടാതെ സർക്കാർ അവകാശപ്പെടുന്നു. ഇത്തരം നിർദേശങ്ങൾ യോഗ്യമാണെന്ന് അംഗീകരിച്ചാൽത്തന്നെ, അത് പ്രത്യേക മേഖലയ്ക്ക് ഇന്നത്തെ സാഹചര്യത്തിൽ എത്രത്തോളം പ്രയോജനം ചെയ്യുമെന്ന ചോദ്യം അവഗണിക്കപ്പെടുന്നു. ഒരു മേഖലയുടെ അടിയന്തര ആവശ്യം ഡിജിറ്റലൈസേഷൻ ആണോ? ആണെങ്കിൽത്തന്നെ അവിടെ ഡിപിഐ വിന്യാസം അനുയോജ്യവും അനിവാര്യവുമാണോ? നിർദേശങ്ങളിലും പദ്ധതികളിലും അത്തരം വിഷയങ്ങൾ അവഗണിക്കപ്പെടുന്നു.


ഇതുകൂടി വായിക്കൂ: ട്വിറ്ററിന് കേന്ദ്രത്തിന്റെ അന്ത്യശാസനം


ഒരു പ്രത്യേക മേഖലയിൽ അത്തരം ഇടപെടലുകളുടെ സാധ്യതയും സ്ഥാപനപരമായ ശേഷിയും വിലയിരുത്തപ്പെടുന്നില്ല. ഒരു മേഖലയുടെ ഡിജിറ്റൽ സന്നദ്ധത ആ സേവനം പ്രയോജനപ്പെടുത്തേണ്ട ജനവിഭാഗങ്ങളുടെ സവിശേഷത, അതിനാവശ്യമായ നിയമനിർമ്മാണം, നിയന്ത്രണ സംവിധാനങ്ങൾ എന്നിവയായിരിക്കും ആ മേഖലയിലെ ഡിജിറ്റലൈസേഷൻ, ഡിപിഐ വിന്യാസം എന്നിവയുടെ വിജയത്തിന് നിദാനം. ഉദാഹരണത്തിന്, കോവിഡ് പ്രതിരോധ കുത്തിവയ്പിന്‌ ലക്ഷ്യമിട്ടവരിൽ ഗണ്യമായ ഒരു പങ്കിന് ഡിജിറ്റൽ സാങ്കേതികവിദ്യ ഇപ്പോഴും അപ്രാപ്യമായി തുടരുന്നു. കോവിൻപോലെ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം കോവിഡ് വ്യാപനംപോലുള്ള അടിയന്തര സാഹചര്യങ്ങളിൽ സാമാന്യജനങ്ങൾക്കും സമൂഹങ്ങൾക്കും ഏറെ പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിക്കുകയുണ്ടായി. വാക്സിന്റെ ലഭ്യതയും അവയുടെ ശേഖരവും പ്ലാറ്റ്ഫോം ഉപയോഗിക്കാൻ അറിയാവുന്ന ഡിജിറ്റൽ സാക്ഷരരും സമ്പന്നരും മേൽജാതിക്കാർക്കും അനുകൂലമായി വിവേചനപരമായാണ് വിതരണം ചെയ്യപ്പെട്ടത്. ഡിപിഐ പദ്ധതികൾ ഉയർത്തുന്ന മറ്റൊരു ആശങ്ക തിരഞ്ഞെടുക്കപ്പെട്ട മേഖലകളിലെ ഇപ്പോൾത്തന്നെ അപര്യാപ്തമായ ഫണ്ടുകൾ ഡിജിറ്റൽ ഉപരിഘടനയ്ക്കായി വകമാറ്റുമെന്നതാണ്. ഇപ്പോൾത്തന്നെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വീർപ്പുമുട്ടിക്കുന്നതാണ്. ആവശ്യമായ വിഭവശേഷിയില്ലാതെ വികസനപ്രവർത്തനങ്ങൾ താറുമാറായ അവസ്ഥയിൽ ഡിപിഐയുടെ പേരിൽ ഫണ്ടുകൾ വകമാറ്റുന്നത് പൊതുധനം സംബന്ധിച്ച് ഗൗരവതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്.

അതിലെല്ലാം ഉപരി പൗരന്മാരെ സംബന്ധിക്കുന്ന വിപുലമായ വിവരശേഖരം, അവയുടെ കൈകാര്യം, ഡിപിഐയുമായി ബന്ധപ്പെട്ട അവയുടെ കൈമാറ്റം എന്നിവ അടുത്തകാലത്ത് റിപ്പോർട്ടുചെയ്യപ്പെട്ട തരത്തിലുള്ള വലിയ വിവരച്ചോർച്ചയിലേക്കു നയിച്ചേക്കുമെന്ന ആശങ്കയാണ്. അത് പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാവും. അടുത്തകാലത്തുണ്ടായ കോവിൻ പോർട്ടലിൽ നിന്നുള്ള വിവരച്ചോർച്ചയുടെ ഉല്പത്തി ആരോഗ്യപ്രവർത്തകരിൽ നിന്നാണെന്നാണ് സൂചന. തന്ത്രപ്രധാന മേഖലകളിലെ ഡിപിഐ വിന്യാസം സാങ്കേതിക പ്രശ്നത്തെക്കാളുപരി ശേഖരിക്കുന്ന വിവരങ്ങൾ ചോരാതെ സംരക്ഷിക്കാനുള്ള മനുഷ്യരുടെ കഴിവിനെക്കൂടി ആശ്രയിച്ചിരിക്കുന്നു. ശേഖരിക്കുന്ന സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം അത് കൈകാര്യം ചെയ്യുന്ന മനുഷ്യരിൽ നിക്ഷിപ്തമാണ്. നിർദിഷ്ട ഡിജിറ്റൽ സ്വകാര്യ വിവര സംരക്ഷണ നിയമം 2022ൽ അതിനാവശ്യമായ സ്ഥാപന ചട്ടക്കൂടുകൾ ഒന്നുമില്ലെന്നത് സർക്കാരിനെ അതിന്റെ ഉത്തരവാദിത്തത്തിൽനിന്നും രക്ഷപ്പെടാൻ അനുവദിക്കുന്നു. പൗരന്മാർക്കുണ്ടാവുന്ന നാശനഷ്ടങ്ങൾക്ക് പരിഹാരമില്ലാത്ത അവസ്ഥയാണ് സംജാതമാകുന്നത്. അടുത്തകാലത്തുണ്ടായ വിവരച്ചോര്‍ച്ചകൾ ഡിപിഐ സംബന്ധിച്ച സമീപനത്തിൽ സമഗ്ര മാറ്റം ആവശ്യപ്പെടുന്നു. നയരൂപീകരണത്തിനു പകരം സാങ്കേതിക പ്രതിവിധികൾ എന്ന സമീപനം മാറിയേതീരൂ. സർക്കാരുകളും ഈ പ്രക്രിയയിൽ ഉൾപ്പെട്ട സംഘടനകളും തല്പരകക്ഷികളും ഈ വസ്തുതകൾ അംഗീകരിക്കാൻ തയ്യാറാവണം. (അവലംബം ആരുഷി ഗുപ്ത, അമൻ നായർ; ദി വയർ )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.