23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 3, 2024
November 1, 2024
October 27, 2024
October 24, 2024
October 16, 2024
October 2, 2024
September 23, 2024
September 22, 2024
August 23, 2024
August 22, 2024

നാശം വിതച്ച് മഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Janayugom Webdesk
തിരുവനന്തപുരം
July 5, 2023 12:59 am

സംസ്ഥാനത്ത് കനത്തമഴ വ്യാപകനാശം വിതച്ചു. കനത്ത കാറ്റിൽ മരങ്ങൾ വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. രണ്ട് വീടുകള്‍ പൂര്‍ണമായും 137 വീടുകള്‍ ഭാഗികമായും തകര്‍ന്നു. നിരവധി വൈദ്യുത പോസ്റ്റുകളും തകർന്നു.

ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകള്‍ക്കാണ് അവധി. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചെങ്ങന്നൂര്‍ താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി.

ഔദ്യോഗികമായി രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. മുക്കം കൊടിയത്തൂർ തെയ്യത്തും കടവിൽ ഒരാളെ ഒഴുക്കിൽപ്പെട്ടു കാണാതായി. കാരക്കുറ്റി സ്വദേശി സി കെ ഉസ്സൻകുട്ടി(65)യാണ് ഒഴുക്കിൽപ്പെട്ടത്. ഇരിങ്ങാലക്കുടയില്‍ ചൂണ്ടയിടുന്നതിനിടെ തോട്ടില്‍ കാലുവഴുതി വീണ് വിദ്യാര്‍ത്ഥി മരിച്ചു. പടിയൂര്‍ വളവനങ്ങാടി കൊലുമപറമ്പില്‍ വെറോണി (20) ആണ് മരിച്ചത്.
പല ജില്ലകളിലും ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു. മലബാറില്‍ പാലക്കാടും വയനാടുമൊഴികെ ജില്ലകളിൽ മഴ അതിശക്തമായിരുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനു മുകളിലേക്ക് മരം വീണ് ബസിന് കേടുപാടുകള്‍ പറ്റി. തലശേരി താലൂക്കില്‍ ഒരു വീട് പൂര്‍ണമായി തകര്‍ന്നു. ഇവിടെ രണ്ട്, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളില്‍ ഓരോന്ന് വീതം വീടുകള്‍ ഭാഗികമായി തകര്‍ന്നു.

കോഴിക്കോട് പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. താമരശേരി ചുരത്തിൽ റോഡിന് കുറുകെ മരം വീണതിനെത്തുടർന്ന് വാഹനസഞ്ചാരം തടസപ്പെട്ടു. ആറാം വളവിലാണ് മരം റോഡിലേക്ക് വീണത്. മലപ്പുറം തീരദേശമേഖലകളിലെ ഇരുപതോളം വീടുകളിൽ വെള്ളം കയറി. പൊന്നാനി തീരദേശ മേഖലയില്‍ കടൽക്ഷോഭം രൂക്ഷമായി. പാലക്കാട് ജില്ലയിൽ മഴ ശക്തമായിരുന്നില്ല. തൃത്താല കിഴക്കേ പിലാക്കിട്ടിരിയിൽ മരം വീണ് വീട് ഭാഗികമായി തകർന്നു.
കൊല്ലം-ചെങ്കോട്ട പാതയില്‍ വൈദ്യുത ലൈനില്‍ മരം വീണതോടെ കിഴക്കന്‍ മേഖലയിലേയ്ക്കുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. കൊല്ലം-പുനലൂര്‍, പുനലൂര്‍-കൊല്ലം മെമു എന്നിവ റദ്ദാക്കി. കുണ്ടറ, പുനലൂര്‍, കടയ്ക്കല്‍, ചടയമംഗലം, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ മരം വീണ് വീടുകള്‍ തകര്‍ന്നു. കടയ്ക്കലില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു.

ആലപ്പുഴ ജില്ലയിൽ കാറ്റിലും മഴയിലും 73 വീടുകൾ തകർന്നു. തോട്ടപ്പള്ളി സ്പിൽവേയിൽ കാണാതായ ബിഹാർ സ്വദേശി രാജ്കുമാറിന് വേണ്ടിയുള്ള തെരച്ചിൽ രാത്രിയിലും തുടരുകയാണ്. തോട്ടപ്പള്ളി സ്പിൽവേയിലെ 39 ഷട്ടറുകൾ ഉയർത്തി.
എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് വെള്ളക്കെട്ടിലായതോടെ യാത്രക്കാർ ദുരിതത്തിലായി. പലയിടത്തും മരങ്ങൾ കടപുഴകി ഗതാഗത തടസം നേരിട്ടു. പാലാരിവട്ടത്ത് മരം വീണ് രണ്ടു ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. കാലടി മറ്റൂർ സർക്കാർ ആശുപത്രിക്ക് സമീപം വൻ മരം കടപുഴകി വീണ് എം സി റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
തൃശൂർ പാലസ് റോഡിൽ സാഹിത്യ അക്കാദമിക്കു സമീപം മരക്കൊമ്പൊടിഞ്ഞുവീണ് ബസ് സ്റ്റോപ്പ് തകർന്നു. തൃശൂർ‑ഷൊർണൂർ സംസ്ഥാനപാതയിലെ പെരിങ്ങാവിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലെ വൻമരം കടപുഴകി റോഡിലേക്ക് വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
തിരുവനന്തപുരം മുതലപ്പൊഴി ഫിഷിങ് ഹാർബറിൽ ഫിഷിങ് ബോട്ട് അപകടത്തിൽപെട്ടു. ശക്തമായ മഴയില്‍ വിതുര ഗവൺമെന്റ് ഹൈസ്‌കൂളിന്റെ മതിൽ ഇടിഞ്ഞുവീണു. ചിലയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.

പൂര്‍ണസജ്ജമെന്ന് റവന്യു മന്ത്രി

തിരുവനന്തപുരം: അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സംസ്ഥാനം പൂര്‍ണസജ്ജമാണെന്ന് റവന്യു മന്ത്രി കെ രാജന്‍. അനാവശ്യമായ ആശങ്ക ഉണ്ടാകേണ്ട കാര്യമില്ലെങ്കിലും നല്ല ജാഗ്രത ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. ജില്ലകളില്‍ അവധി പ്രഖ്യാപിക്കുന്നുണ്ടെങ്കില്‍ തലേന്ന് തന്നെ അറിയിക്കണമെന്ന് കളക്ടര്‍മാരോട് ആവശ്യപ്പെട്ടു. അവധിയിലായ റവന്യു ഉദ്യോഗസ്ഥര്‍ 36 മണിക്കൂറിനുള്ളില്‍ തിരിച്ചെത്തി ചുമതലയേല്‍ക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് കൂടി കഴിഞ്ഞാല്‍ മഴ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
മഴയുമായി ബന്ധപ്പെട്ട് നടത്തിവരുന്ന മുന്നൊരുക്കങ്ങളും പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മഴക്കെടുതിയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ലഭിക്കുന്ന അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. കേസുകളുള്‍പ്പെടെ നേരിടേണ്ടിവരും. ജില്ലാ കളക്ടര്‍മാരും അധികൃതരും നല്‍കുന്ന വിവരങ്ങള്‍ മാത്രം പങ്കുവയ്ക്കാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു.
എല്ലാ ജില്ലകളിലെയും കളക്ടർമാർ, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ എന്നിവർ അവലോകന യോഗത്തില്‍ പങ്കെടുത്തു.

മഴ അതിശക്തമായി തുടരും

തിരുവനന്തപുരം: അതിശക്തമായ മഴ ഇന്നും സംസ്ഥാനത്ത് വ്യാപകമായി തുടരുമെന്നാണ് മുന്നറിയിപ്പ്. 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറ‍ഞ്ച് അലര്‍ട്ട് നിലവിലുള്ളത്. കൊല്ലം ജില്ലയിലും നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലും മഞ്ഞ അലര്‍ട്ടാണ്. മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥലത്തേക്ക് മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നിർദേശം നൽകി.
അടച്ചുറപ്പില്ലാത്തതും മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയിൽപ്പെട്ടാൽ 1056 എന്ന നമ്പറിൽ കെഎസ്ഇബിയെ അറിയിക്കണം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077,1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.

Eng­lish Sum­ma­ry: rains; Hol­i­day for edu­ca­tion­al insti­tu­tions in six districts

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.