23 December 2024, Monday
KSFE Galaxy Chits Banner 2

സൈബര്‍ ആക്രമണങ്ങളോട് പൊരുതി ഡോ. ഗിരിജ; തൃശൂര്‍ ഗിരിജ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നു…

പി ആര്‍ റിസിയ
July 7, 2023 7:30 am

സിനിമാ പ്രദര്‍ശനവും തിയറ്റര്‍ വ്യവസായവും വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ ആത്മവിശ്വാസം കൈമുതലാക്കി സിനിമാ തിയേറ്റര്‍ രംഗത്ത് നിലയുറപ്പിച്ചതാണ് തൃശൂര്‍ ഗിരിജ തിയേറ്ററിന്റെ സാരഥി ഡോ. ഗിരിജ കെ പി. തീയറ്റര്‍ രംഗത്തെ സ്ത്രീ സാന്നിധ്യമായ ഡോ. ഗിരിജ തന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ പടത്തുയര്‍ത്തിയ സാമ്രാജ്യത്തിനു നേരെ പലതരത്തിലും ഒളിയമ്പുകളെത്തിയപ്പോഴും അവയെ പ്രതിരോധിച്ച് മുന്നേറാന്‍ ഈ വനിതാ സംരംഭകയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി തിയേറ്ററിന് എതിരെ എത്തുന്ന ആക്രമണം ഇത്തവണ കനത്തു. സമൂഹമാധ്യമം വഴിയും നേരിട്ടും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയതോടെയാണ് പ്രശ്നങ്ങള്‍ രൂക്ഷമായത്. തീയേറ്ററിന്റെ സമൂഹമാധ്യമ പേജുകള്‍ പൂട്ടിക്കുകയും തിയേറ്റര്‍ തുറക്കാന്‍ സമ്മതിക്കാതിരിക്കുകയും തുടങ്ങി വലിയ ആക്രമണങ്ങളാണ് ഡോ.ഗിരിജ നേരിട്ടത്.
അച്ഛന്റെ കാലശേഷമാണ് കുടുംബസ്വത്തായി തിയേറ്റര്‍ ഡോ. ഗിരിജയുടെ കയ്യിലെത്തുന്നത്. കേരളത്തില്‍ റോള്‍ മോഡലാക്കാനോ, ഉപദേശം ചോദിക്കാനോ മറ്റൊരു സ്ത്രീ പോലും തിയേറ്റര്‍ ബിസിനസ്സില്‍ ഇല്ലാതിരുന്ന കാലം. ആത്മവിശ്വാസത്തോടെ ബിസിനസ് ഏറ്റെടുത്ത ഡോ. ഗിരിജ ആദ്യം തിയേറ്റര്‍ നവീകരിച്ചു. ഒരു ഫാമിലി തീയേറ്റര്‍ ആക്കുകയായിരുന്നു ലക്ഷ്യം. സ്റ്റേഡിയം സിറ്റിങ്, റിക്ലൈനര്‍ സീറ്റ് തുടങ്ങിയവ തൃശൂരില്‍ ആദ്യമെത്തിച്ചതും നവീകരിച്ച ഗിരിജ തീയേറ്ററിലാണ്. കുറെ കാലമായി പൂട്ടിക്കിടന്ന ഗിരിജ തിയേറ്ററിലേക്കുള്ള ഫര്‍ണിച്ചര്‍ മുതല്‍ പ്രൊജക്ടര്‍ വരെ, പെയിന്റ് അടിക്കല്‍ മുതല്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെ കാണല്‍ വരെ ഒറ്റയ്ക്ക് ഏറ്റെടുത്തു, ഒടുക്കം ട്വന്റി ട്വന്റി, പ്രേമം തുടങ്ങിയ ജനപ്രിയ സിനിമകള്‍ അവിടെ പ്രദര്‍ശിപ്പിച്ചു വിജയിപ്പിച്ചു, ഗിരിജയെ തൃശൂരിലെ ഒരു ഫാമിലി തിയേറ്റര്‍ ആക്കി മാറ്റിയെടുത്ത ഡോ. ഗിരിജയുടെ പോരാട്ടവും കഠിനാധ്വാനവും ചെറുതല്ല. 

എന്നാല്‍ എതിരാളികള്‍ വമ്പന്മാരായതിനാല്‍ ഭീഷണികളുടെയും ഒറ്റപ്പെടുത്തലുകളുടെയും പേരില്‍ ഡോ. ഗിരിജ എന്നും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ആദ്യകാലങ്ങളില്‍ മറ്റു തിയേറ്റര്‍ ഉടമകള്‍ അവര്‍ക്കു സിനിമകളുടെ പ്രദര്‍ശനാവകാശം കിട്ടുന്നത് തടഞ്ഞിരുന്നു. അതിനെ അവര്‍ തരണം ചെയ്തപ്പോള്‍ കോവിഡ് കാലത്ത് ജീവനക്കാര്‍ക്ക് കോവിഡ് ആണെന്ന വ്യാജപ്രചരണം നടത്തി തിയേറ്റര്‍ അടപ്പിച്ചു. പ്രതിസന്ധികൾ ഓരോന്നായി മറികടന്ന്‌ മുന്നോട്ടുപോകവേയാണ് അവസാനമായി സൈബർ ഇടങ്ങൾ ഉപയോഗിച്ച്‌ ചിലർ തിയേറ്ററിന്റെ പ്രവർത്തനം തടയുകയും ഉടമയെ മാനസികമായി തകർക്കുകയും ചെയ്തത്.
നിരന്തര സൈബര്‍ ആക്രമണവും ബുക്കിങ് നമ്പറുകളിലേക്ക് അശ്ലീല വിഡിയോകളും സന്ദേശങ്ങളും അയയ്ക്കുന്നതുവരെയെത്തി കാര്യങ്ങള്‍. ഒരു രൂപ പോലും ബുക്കിങ് കമ്മിഷന്‍ വാങ്ങാതെ സോഷ്യല്‍ മിഡിയ വഴിയാണ് ഗിരിജ തന്റെ തിയേറ്ററിലേക്കുള്ള ബുക്കിങ് നടത്തിയിരുന്നത്. ഈ ബുക്കിങ് അക്കൗണ്ടുകളാണ് 12ലേറെ തവണ സൈബര്‍ ആക്രമണത്തിലൂടെ പൂട്ടിച്ചത്. സര്‍വീസ് ചാര്‍ജുകളൊന്നുമില്ലാതെ സ്വന്തമായി ഓണ്‍ലൈനിലൂടെ ബുക്കിങ് നടത്തുന്നതാണ് എതിരാളികളെ പ്രകോപിപ്പിച്ചത്.
തൃശൂര്‍ നഗര മധ്യത്തില്‍ വിശാലമായ പാര്‍ക്കിങ്ങോടു കൂടിയ തിയേറ്ററാണ് ഗിരിജ. അതിന്റെ ഉടമ ഒരു സ്ത്രീ ആയതിനാല്‍ അവരെ ദ്രോഹിച്ച് ചുളുവിലയില്‍ തിയേറ്റര്‍ കൈക്കലാക്കാനുള്ള കണക്കുകൂട്ടലാണോയെന്നതും സംശയിക്കേണ്ടിയിരിക്കുന്നു. സൈബർ കളികളുടെ പിന്നിൽ ഉള്ള ചിലരെ കുറിച്ച് ഗിരിജയ്ക്ക് വ്യക്തമായ ധാരണയുണ്ട്. ഇതുസംബന്ധിച്ച് പൊലീസിലും സൈബര്‍സെല്ലിലും ഡോ. ഗിരിജ പരാതിപ്പെട്ടിരുന്നു. 

നിലവിലെ സാഹചര്യത്തില്‍ സൈബര്‍ ആക്രമണം രൂക്ഷമായതോടെ തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്ക് ഗിരിജയ്ക്ക് പിന്തുണമായി രംഗത്തെത്തിയിരുന്നു. അതോടൊപ്പം കേരള മഹിളാസംഘം ഉള്‍പ്പെടെയുള്ള വിവിധ മഹിളാസംഘടനകളുടെയും വനിതകളുടെയും അകമഴിഞ്ഞ പിന്തുണയിൽ വീണ്ടും കുതിപ്പിലേക്ക്‌ ഉയരുകയാണ് ഗിരിജ തിയേറ്റര്‍. തിയേറ്ററിൽ പ്രദർശിപ്പിച്ച ‘മധുര മനോഹര മോഹം’ എന്ന സിനിമ കൂട്ടത്തോടെ കാണാനെത്തിയായിരുന്നു സ്‌ത്രീകളുടെ പിന്തുണ. സൈബർ ആക്രമണവും സമൂഹ മാധ്യമ അക്കൗണ്ട് പൂട്ടിക്കലുംവഴി തിയേറ്റർ നടത്താൻപോലും കഴിയാതായ സ്‌ത്രീസംരംഭകയ്ക്ക്‌ പൂർണ പിന്തുണ ഉറപ്പു നൽകിയാണ്‌ എല്ലാവരും തിയേറ്ററിൽനിന്ന്‌ മടങ്ങിയത്‌. ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്നെങ്കിലും ആരോഗ്യസ്ഥിതി പ്രതികൂലമായതിനാല്‍ നിലവില്‍ ഈ തിയേറ്ററാണ് രണ്ടു കുട്ടികളുടെ അമ്മ കൂടിയായ ഡോ. ഗിരിജയുടെ വരുമാന മാർഗം.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.