24 November 2024, Sunday
KSFE Galaxy Chits Banner 2

ജനകീയ കലയുടെ ഇതിഹാസമാനം

പി കെ ഗോപി
July 8, 2023 4:12 am

ഒരാള്‍ ചിത്രം വരയ്ക്കുമ്പോള്‍ എന്തുസംഭവിക്കുന്നു? ബാഹ്യരൂപങ്ങള്‍ അപ്രത്യക്ഷമാവുകയും ആന്തരികത പുനര്‍ജനിക്കുകയും ചെയ്യുന്നു. കണ്ണിന്റെ കാഴ്ചപ്പുറത്തു നിന്ന് ചിത്രം മനസിന്റെ കണ്ണാടിയില്‍ പ്രതിഫലിക്കാന്‍ വേണ്ടി യാത്രയാവുന്നു. നോട്ടത്തില്‍ നിന്ന് ദര്‍ശനത്തിലേക്ക് വരൂ എന്ന് ചിത്രം ആസ്വാദകനോടു പറയുന്നു. രൂപത്തെ ഭൂമിയില്‍ നിന്നോ, ആകാശത്തുനിന്നോ, ഏങ്കോണിച്ച മൂലയില്‍ നിന്നോ, കിണറില്‍ നിന്നോ, ഗുഹയില്‍ നിന്നോ നിരീക്ഷിച്ചാല്‍ എന്തു സംഭവിക്കുന്നുവെന്ന് ചിത്രം തന്നെ നമ്മോട് വിശദീകരിക്കുന്നു. പുരാണമോ ഇതിഹാസമോ കാഴ്ചവയ്ക്കുന്ന സങ്കല്പ സൗകുമാര്യത്തെ ചിത്രകലയുടെ കേവല പരിധിയില്‍ നിന്ന്, അലൗകികമാനങ്ങളിലേക്കുയര്‍ത്തുക എന്നത് മഹത്തായ സാധ്യതയാണ്. ആ സാധ്യതയുടെ വലിയ പരീക്ഷണങ്ങളിലൂടെ ഒറ്റവരയെയും നിറക്കൂട്ടുകളെയും സമൃദ്ധമായി ആനയിച്ച വലിയ പ്രതിഭയാണ് വിടപറഞ്ഞത്. ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഇനിയില്ല! പൊന്നാനിയിലെ കരുവാട്ടില്ലത്ത് 1925 മുതല്‍ ആരംഭിച്ചതാണ് വരയുടെ ആ ജന്മനിയോഗം. കരിക്കട്ടയുപയോഗിച്ച് വീട്ടുചുമരിലും മുറ്റത്തുമൊക്കെ കുസൃതിവരകളില്‍ തുടങ്ങിവച്ചതാണ് നൈസര്‍ഗികമായ ആ ചിത്രകലാവാസന. അനുഗൃഹീതകലാകാരനായ വരിക്കാശേരി കൃഷ്ണന്‍ നമ്പൂതിരിയായിരുന്നു വഴികാട്ടി. മദ്രാസ് ഫൈന്‍ ആര്‍ട്സ് കോളജിലെ പഠനവും കെസിഎസ് പണിക്കരുടെ ശിഷ്യത്വവും വാസുദേവന്‍ നമ്പൂതിരിയെന്ന ഗ്രാമീണനെ വിശ്വചിത്രകലയുടെ വിശാലലോകം കാണിച്ചുകൊടുത്തു.

ചിത്രകലയുടെ സങ്കേതമായ ചോളമണ്ഡലം നമ്പൂതിരിയുടെ കളരിയായി. ചായവും ബ്രഷും സന്തതസഹചാരികളായി. 1960ല്‍ മാതൃഭൂമിയില്‍ ചിത്രകാരനായതോടെ വരയുടെ സുവര്‍ണകാലം മലയാളികളാസ്വദിച്ചു തുടങ്ങി. എംടിയുടെയും വികെഎന്നിന്റെയുമൊക്കെ രചനകള്‍ക്ക് അതുവരെയില്ലാത്ത നിര്‍വചനങ്ങള്‍ വരയിലൂടെ ലഭിച്ചപ്പോള്‍ സാഹിത്യം പോലെ പ്രാധാന്യമുള്ള ചിത്രകലാസ്വാദനം കൂടി സാധ്യമായി. കലാകൗമുദിയില്‍ ‘രണ്ടാമൂഴ’ത്തിനു വരച്ച രൂപങ്ങളുടെ സ്ത്രീ-പുരുഷഭംഗിക്ക് ആസ്വാദകരേറെയുണ്ടായി. വായനയ്ക്കു മുമ്പേ വരയുടെ പ്രൗഢഭാവങ്ങളിലേക്ക് അറിയാതെ നോട്ടം ചെന്നു. അതാണല്ലോ ചിത്രകലയുടെ വിജയം. മഹാഭാരതകഥയുടെ ആഴപ്പൊരുളിലേക്ക് സര്‍ഗമനസിന്റെ തീര്‍ത്ഥയാത്രയൊരുക്കുന്നതില്‍ എഴുത്തും വരയും ചരിത്രപരമായ പങ്കുവഹിച്ചുവെന്നു പറഞ്ഞാല്‍ തെറ്റാവില്ല. ആകാശവും ഭൂമിയും നിറഞ്ഞ് എത്രയെത്ര കഥാപാത്രങ്ങള്‍! ചലച്ചിത്രമേഖലയില്‍ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: സ്നേഹിതന്മാരിൽ സ്നേഹിതനായ  ;രാജകുമാരൻ 


ലോഹത്തിലും ചായത്തിലും കളിമണ്ണിലും സിമന്റിലുമെല്ലാം പരീക്ഷണാത്മകമായ നിരവധി ശില്പങ്ങളും ചിത്രങ്ങളും സ്വതന്ത്രമായ ഘടനകളുമെല്ലാം നിര്‍മ്മിച്ചിട്ടുണ്ട്. ചുമര്‍ച്ചിത്രകലയിലും റിലീഫ് വര്‍ക്കുകളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ചിത്രകലയുടെ ആരാധകര്‍ക്ക് നമ്പൂതിരി എന്ന വാക്കു മാത്രം അന്നുമിന്നും വലിയ പ്രചോദനമാണ്. ലളിതമായ നാലുവരയില്‍ ഏതു രൂപഭാവവും മെനയാന്‍ കഴിയുന്ന അതുല്യപ്രതിഭ. അതിസങ്കീര്‍ണതയുടെ പുകമറയില്‍ നിന്ന് പരിചിതവും എന്നാല്‍ നവീനവുമായ ഒരു ശൈലികണ്ടെത്താന്‍ നമ്പൂതിരിക്ക് കഴിഞ്ഞിരുന്നുവെന്നതാണ് പ്രത്യേകത. വരയുടെ ലോകമേ, കണ്ണീരോടെ വിട നല്‍കുക… ചിത്രീകരണകലയുടെ ജനകീയാസ്വാദനത്തിന് മറക്കാനാവാത്ത മൗലികസംഭാവനകള്‍ നല്‍കിയ അപൂര്‍വ ജീവിതത്തിന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.