19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 27, 2024
April 3, 2024
March 1, 2024
February 26, 2024
February 26, 2024
August 17, 2023
July 12, 2023
July 8, 2023
March 5, 2023
November 2, 2022

എന്‍എഫ്ഐഡബ്ല്യു നേതാക്കള്‍ക്കെതിരായ ദേശദ്രോഹക്കേസ്; നിയമപരമായി നേരിടും

Janayugom Webdesk
ന്യൂഡല്‍ഹി
July 12, 2023 12:02 am

മണിപ്പൂരിലെ കലാപം സംബന്ധിച്ച് വസ്തുതാന്വേഷണം നടത്തിയ ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ ഉള്‍പ്പെടെ സംഘാംഗങ്ങളായ മൂന്നു പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി.
സര്‍ക്കാര്‍ പിന്തുണയോടെയാണ് കലാപം എന്ന ആനി രാജയുടെ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് രാജ്യദ്രോഹക്കുറ്റവും ഉള്‍പ്പെടുത്തിയത്.
കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സര്‍ക്കാര്‍ പിന്തുണയോടെയാണ് കലാപം എന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ആനി രാജ പ്രതികരിച്ചു.
കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ച ചൂണ്ടിക്കാട്ടുകയാണ് താന്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തതുകൊണ്ട് വായടപ്പിക്കാനാകില്ല. ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കുന്ന കേസാണിത്. കേസില്‍ അത്ഭുതം തോന്നുന്നില്ല. സര്‍ക്കാരിന്റെ വീഴ്ചകളാണ് ഉയര്‍ത്തിക്കാട്ടിയത്. കേന്ദ്ര സര്‍ക്കാര്‍ കൂടി പങ്കാളികളായ അപ്രഖ്യാപിത അജണ്ടകള്‍ മണിപ്പൂരില്‍ നടക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും ആനി രാജ വ്യക്തമാക്കി.
മഹിളാ ഫെഡറേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ട സ്വതന്ത്ര അഭിഭാഷക ദീക്ഷ ദ്വിവേദിയെ രാജ്യദ്രോഹക്കുറ്റത്തില്‍ അറസ്റ്റ് ചെയ്യുന്നത് വിലക്കി സുപ്രീം കോടതി ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചത്. കേസ് 14ന് കോടതി വീണ്ടും പരിഗണിക്കും. രാജ്യദ്രോഹക്കുറ്റത്തിന് പുറമെ ഐപിസി 153, 153 ബി, 499, 504, 505 (2), 34 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സിപിഐ പ്രതിഷേധിച്ചു

ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത നടപടിയെ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. ആനി രാജ, നിഷാ സിദ്ദു, ദീക്ഷാ ദ്വിവേദി എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് വസ്തുതകള്‍ക്ക് നിരക്കാത്തതും സത്യവിരുദ്ധവും വൈരനിര്യാതനവും മാത്രം ലക്ഷ്യമിട്ടുള്ളതാണ്.
ജനപിന്തുണ നേടിയ വനിതാ നേതാക്കള്‍ക്കെതിരെ നടത്തുന്ന ഈ നീക്കം അധികാര ദുര്‍വിനിയോഗമാണ്. ഭരണഘടനയുടെ സത്തയെ ഹനിക്കാനും ജനാധിപത്യ നടപടികളെ വെല്ലുവിളിക്കാനുമാണ് സര്‍ക്കാര്‍ ശ്രമം. സത്യവും നീതിയും പാലിക്കപ്പെടാന്‍ കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. എന്‍എഫ്ഐഡബ്യു വസ്തുതാന്വേഷണ സംഘത്തിനെതിരെ ചുമത്തിയ കേസ് റദ്ദാക്കണമെന്ന് പീപ്പിള്‍സ് യുണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) തുടങ്ങിയ അവകാശ സംഘടനകളും ആവശ്യപ്പെട്ടു. 

മണിപ്പൂര്‍ കലാപത്തില്‍ സുപ്രീം കോടതി ; ജനങ്ങളുടെ ജീവനും സ്വത്തിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കണം

ന്യൂഡല്‍ഹി: മണിപ്പൂരില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ ഉചിത നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി. പ്രകോപനപരമായതും തെറ്റായതുമായ പ്രസ്താവനകള്‍ ഒരു വിഭാഗവും നടത്തരുതെന്നും കോടതി പറഞ്ഞു.
മണിപ്പൂരിലെ വിവിധ സംഘടനകളും സര്‍ക്കാരും സമര്‍പ്പിച്ച ഹര്‍ജികള്‍ ഒരുമിച്ചാണ് സുപ്രീം കോടതി പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് സുപ്രീം കോടതി വിലയിരുത്തി. സംസ്ഥാനത്ത് വലിയ ആക്രമണങ്ങളുടെ ഇരകളാകുകയാണ് തങ്ങളെന്ന് കുക്കി വിഭാഗം കോടതിയില്‍ വാദിച്ചു. തങ്ങളുടെ ആരാധനാലയങ്ങള്‍ അടക്കം തകര്‍ക്കപ്പെട്ടു. സൈന്യത്തോടും അര്‍ധ സൈന്യത്തോടും തങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശിക്കണമെന്ന് കുക്കി വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ വിഭാഗം തിരിച്ചുള്ള നിര്‍ദേശം പ്രസക്തമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എല്ലാ ജനങ്ങളുടെയും ജീവനും സ്വത്തും സംരക്ഷിക്കപ്പെടണം. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Eng­lish Sum­ma­ry: Sedi­tion case against NFIW lead­ers; Will face legal action

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.