26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 24, 2024
July 23, 2024
July 16, 2024
July 12, 2024
July 11, 2024
July 10, 2024
July 9, 2024
July 8, 2024
July 2, 2024

ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പൊരുതുന്ന പെണ്‍സിംഹം: ആനി രാജ

Janayugom Webdesk
February 26, 2024 6:36 pm

ദേശീയ മഹിളാ ഫെഡറേഷൻ (എൻഎഫ്ഐഡബ്ല്യു) ജനറൽ സെക്രട്ടറി, സിപിഐ ദേശിയ എക്സിക്യൂട്ടീവ് അംഗം, എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കണ്ണൂർ ജില്ലയിലെ ഇരിട്ടി ആറളം വട്ടപ്പറമ്പ് വീട്ടിൽ തോമസിന്റെയും മറിയയുടെയും മകളാണ്. കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂൾ, ദേവമാത കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സ്കൾപഠന കാലത്തു തന്നെ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. സിപിഐയുടെ വിദ്യാർത്ഥിവിഭാഗമായ എഐഎസ്എഫിന്റെ മണ്ഡലം സെക്രട്ടറിയായി തുടക്കം. മഹിളാ സംഘം കണ്ണൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

രാജ്യത്ത് നടക്കുന്ന എല്ലാ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെയും മുന്നിൽ ആനി രാജയുണ്ട്. കർഷക സമരത്തിന്റെ മുന്നണിയിലും മണിപ്പൂർ കലാപത്തിനെതിരെ അവിടെയെത്തി സമാധാനം പുനഃസ്ഥാപിക്കാനുളള ജനകീയ ഇടപെടലുകളിലും നേത‍ൃത്വം നൽകുന്ന ശക്തയായ വനിതാ നേതാവ്. മണിപ്പൂർ കലാപത്തിനെതിരെ പ്രക്ഷോഭം നയിച്ചതിന് പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി. ഡൽഹിയിൽ ഗുണ്ടകളുടെയും പൊലീസിന്റെയും മർദനമേൽക്കേണ്ടിവന്നപ്പോഴും ഝാർഖണ്ഡിൽ മാവോ തീവ്രവാദിയെന്ന് മുദ്രകുത്തപ്പെട്ടപ്പോഴും, ജെഎൻയുവിൽ വിദ്യാർത്ഥിനിയായ മകൾ അപരാജിതയെ ഐഎസ് തീവ്രവാദിയെന്നു വിളിച്ച് ആക്ഷേപിച്ചപ്പോഴും ആനിരാജ പതറിയില്ല.

യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബപശ്ചാത്തലമായിരുന്നതിനാൽ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലേക്ക് വരുന്നതിൽ വലിയ എതിർപ്പായിരുന്നുവെങ്കിലും അച്ഛൻ തോമസ് കർഷകസംഘം പ്രവർത്തകനായിരുന്നതുകൊണ്ട് എഐഎസ്എഫ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് തടസം ഉണ്ടായില്ല. ഇരിട്ടിയിൽ നടന്ന പാരലൽ കോളജ് സമരത്തിൽ ആനി തോമസ് മുൻനിരയിലുണ്ടായിരുന്നു. സർക്കാരിന്റെ വിദ്യാഭ്യാസനയത്തിനെതിരെയുള്ള പോരാട്ടത്തെ പൊലീസ് ക്രൂരമായാണ് നേരിട്ടത്. പൊലീസ് ജീപ്പിടിച്ച് അന്ന് പരിക്കേറ്റു. ബിഎയ്ക്ക് പഠിക്കുമ്പോൾ മഹിളാസംഘത്തിന്റെ ജില്ലാ സെക്രട്ടറിയായി ചുമതല. 22-ാം വയസിൽ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം. പിന്നീട് മഹിളാസംഘം വടക്കൻ മേഖലാ സെക്രട്ടറി, സംസ്ഥാന അസി. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി, കേന്ദ്ര അവഗണനയ്ക്കെതിരെ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി. എഐവൈഎഫ് നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ 51 പെൺകുട്ടികൾ 33 ദിവസം നടത്തിയ ഐതിഹാസികമായ വനിതാ മാർച്ചിൽ അംഗമായിരുന്നു.
സിപിഐ ജനറൽ സെക്രട്ടറി ഡി രാജയാണ് ജീവിത പങ്കാളി. എഐഎസ്എഫ് നേതാവ് അപരാജിത രാജ ഏക മകൾ.

1990 ജനുവരി ഏഴിന് ഡി രാജയുമായുള്ള വിവാഹം. വിവാഹശേഷം ഡൽഹിയിലെത്തി പല ജോലിയും നാേക്കി. ബിഎഡ് ബിരുദമെടുത്ത് അധ്യാപികയായി, ആകാശവാണിയിൽ വാർത്താ വായന, വിവർത്തനം അങ്ങനെ പലതും. ഡി രാജ തമിഴ്‌നാട്ടിൽ നിന്ന് എംപിയായതോടെ സമ്പൂർണ രാഷ്ട്രീയ പ്രവർത്തനത്തിലേക്കിറങ്ങി. ഇന്ത്യയിൽ, പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ ഗ്രാമീണ മേഖലകളിൽ സ്ത്രീകൾക്കുവേണ്ടിയുള്ള പ്രവർത്തനം ഇപ്പോഴും തുടരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.