*രാജ്ഘട്ടിലും വെള്ളം കയറി
*മൂന്ന് കൗമാരക്കാര്‍ മുങ്ങി മരിച്ചു
*വെള്ളപ്പൊക്കത്തില്‍ ദുരൂഹതയെന്ന് കെജ്‌രിവാള്‍
*യുപിയിലേക്കുള്ള വെള്ളവും ഡല്‍ഹിയിലേക്ക് തുറന്നുവിട്ടു
Janayugom Webdesk
ന്യൂഡല്‍ഹി
July 14, 2023 10:27 pm
രാജ്യതലസ്ഥാനം വെള്ളക്കെട്ടില്‍ തുടരുന്നു. രാജ്ഘട്ട് അടക്കമുള്ള മേഖലകളില്‍ വെള്ളം കയറി. മൂന്ന് കൗമാരക്കാര്‍ മുങ്ങി മരിച്ചു. യമുനയ്ക്ക് അപ്പുറവും ഇപ്പുറവും തമ്മിലുള്ള റോഡ് ഗതാഗതം സ്തംഭിച്ചു. അതേസമയം യമുനാ നദിയിലെ വെള്ളപ്പൊക്കത്തിനു പിന്നിലും ബിജെപി രാഷ്ട്രീയം എന്ന ആരോപണം ശക്തമാകുന്നു.
വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ മുകുന്ദപൂരിലാണ് കുളിക്കാനിറങ്ങിയ മൂന്നു കൗമാരക്കാര്‍ മുങ്ങിമരിച്ചത്. 12–15 വയസ്സു വരുന്ന കൗമാരക്കാരാണ് അപകടത്തില്‍ പെട്ടത്. ഇവരെ രക്ഷിക്കാന്‍ ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിള്‍ വെള്ളത്തിലേക്ക് കുതിച്ചെങ്കിലും ഇതിനോടകം മരണം സംഭവിക്കുകയാണുണ്ടായത്. അതിശക്തമായ നീരൊഴുക്കാണ് യമുനയില്‍ നിലവിലുള്ളത്. ഇത് സംബന്ധിച്ച അന്വേഷണം നടക്കുകയാണെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.
യമുനാ നദിക്ക് കുറുകെ ഉയര്‍ത്തിയ പാലങ്ങളിലൂടെയുള്ള ഗതാഗതം പൊലീസ് നിരോധിച്ചതോടെ ന്യൂഡല്‍ഹിയും പഴയ ഡല്‍ഹിയും തമ്മിലുള്ള റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ബ്രിട്ടീഷുകാര്‍ കെട്ടിയുയര്‍ത്തിയ ഇരുമ്പുപാലം വഴിയുള്ള ഗതാഗതം നിരോധിച്ചിട്ട് കാലം കുറെയായി. ഇതിനു ബദലായി ഉണ്ടാക്കിയ റോഡുകളിലും വെള്ളം കുതിച്ചെത്തി.
കഡ്കഡൂമയില്‍ വാഹന ഗതാഗതം പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നു. ഡല്‍ഹിയിലെ സുപ്രധാന ഗതാഗത മേഖലയായ ഐടിഒ രാവിലെ തന്നെ വെള്ളത്തില്‍ മുങ്ങി. സാധാരണ നിലയില്‍ മഴമുലം ഉണ്ടാകുന്ന ജലപ്രവാഹം ഓടകളിലൂടെ ഒഴുക്കി വിട്ടും പമ്പു ചെയ്തും പരിഹാരം കണ്ടെത്തുന്ന നടപടികളാണ് ഡല്‍ഹിയില്‍ സാധാരണയായി തുടരുന്നത്. എന്നാല്‍ ഓടകള്‍ക്കു മേല്‍ യമുനാ ജലം കുതിച്ചതോടെ ഈ സംവിധാനങ്ങളും പരാജയപ്പെട്ടതാണ് യമുന ഡല്‍ഹിയെ ഇന്നലെ രണ്ടായി വിഭജിച്ചത്. സുപ്രീം കോടതി പരിസരങ്ങളും വെള്ളക്കെട്ടിന്റെ പിടിയിലാണ്.
ഹരിയാനയിലെ ഹത്‌നികൂണ്ട് അണക്കെട്ടില്‍ നിന്നുള്ള നീരൊഴുക്കാണ് ഡല്‍ഹിയെ മുക്കിയത്. ഹത്‌നികുണ്ടില്‍ നിന്നും ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലേക്ക് ഒഴുകേണ്ട കനാലുകളിലേക്കുള്ള ഷട്ടറുകള്‍ ബന്ധിച്ച് മുഴുവന്‍ വെള്ളവും ഡല്‍ഹിയിലേക്ക് തുറന്നു വിട്ടുവെന്നാണ് ആരോപണം.
വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ ദേശീയ ദ്രൂതകര്‍മ്മ സേനയുടെയും സൈന്യത്തിന്റെയും സഹായം ഡല്‍ഹി സര്‍ക്കാര്‍ തേടി. നിലവിലെ വെള്ളപ്പൊക്ക കെടുതിക്ക് കാരണം കേന്ദ്ര ഇടപെടല്‍ വൈകിയതാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആക്ഷേപം ഉയര്‍ത്തി. ഇക്കാര്യത്തില്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഭാഗത്തു നിന്നും വീഴ്ചകള്‍ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം വിരല്‍ ചൂണ്ടേണ്ട സമയമല്ല ഇത് എന്നായിരുന്നു ഇതേക്കുറിച്ച് ലെഫ്റ്റനന്റ് ഗവര്‍ണറുടെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.