ചാന്ദ്ര പര്യവേക്ഷണ രംഗത്ത് രാജ്യത്തിന് വീണ്ടും അഭിമാനനിമിഷം. ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍–3 വിക്ഷേപണം വിജയകരം. ചന്ദ്രയാൻ പേടകം ഒന്നാം ഭ്രമണപഥത്തിലെത്തി. ഇന്ന് ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് പേടകവും വഹിച്ച് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം എല്‍വിഎം-3 എം-4 കുതിച്ചുയര്‍ന്നത്. ഇതോടെ ചാന്ദ്ര രഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യത്തിന് തുടക്കമായി. ഓഗസ്റ്റ് 23നോ 24നോ ആയിരിക്കും ചന്ദ്രയാന്‍–3 ലാന്‍ഡിങ് നടത്തുക.
വിക്ഷേപണം കഴിഞ്ഞ് 16-ാം മിനിറ്റിൽ പേടകം റോക്കറ്റിൽ നിന്ന് വേർപെടുകയും 22-ാം മിനിറ്റിൽ ഭൂമിയുടെ ഭ്രമണപഥത്തിലെത്തുകയും ചെയ്തു.
ലാന്‍ഡറും റോവറും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും ചേര്‍ത്ത് ചന്ദ്രയാന്റെ ആകെ ഭാരം 3,900 കിലോഗ്രാമാണ്. ലാൻഡറിന്റെ ഭാരം 1752 കിലോഗ്രാം. 26 കിലോഗ്രാമാണ് ആറ് ചക്രങ്ങളുള്ള റോവറിന്റെ ഭാരം. വിവിധ പഠനങ്ങൾക്കായി ഏഴ് പേലോഡുകളാണ് ചന്ദ്രയാന്‍–3ലുള്ളത്. രണ്ടെണ്ണം റോവറിലും നാലെണ്ണം ലാൻഡറിലും ഒരു പേലോഡ് പ്രൊപ്പൽഷൻ മൊഡ്യൂളിലുമാണ് സ്ഥാപിച്ചിരിക്കുന്നത്.
ഭൂമിയില്‍ നിന്ന് 170 കിലോമീറ്റര്‍ ഏറ്റവും കുറഞ്ഞ ദൂരവും 36,500 കിലോമീറ്റര്‍ കൂടിയ ദൂരവുമായിട്ടുള്ള പാര്‍ക്കിങ് ഓര്‍ബിറ്റിലാണ് ആദ്യം പേടകത്തെ സ്ഥാപിച്ചത്. തുടര്‍ന്ന് അഞ്ച് ഘട്ടമായി ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം വര്‍ധിപ്പിച്ചു കൊണ്ടുവരും. ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര തുടങ്ങുക. ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അഞ്ച് ഘട്ടമായി ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ചുകൊണ്ട് വരും.
ചന്ദ്രനില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിയ ശേഷമാവും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ വേര്‍പെടുക. ഇതിന് ശേഷമാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ് ഉണ്ടാവുക.
അഭിമാന നിമിഷം: ഐഎസ്ആർഒ
രാജ്യത്തിന് ഏറെ അഭിമാനകരമായ നിമിഷമാണിതെന്ന് ഐഎസ്ആർഒ. ചാന്ദ്രദൗത്യം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഇത് വിജയകരമായി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു. നേട്ടത്തില്‍ ശാസ്ത്രജ്ഞരെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ അഭിനന്ദിച്ചു. ഇന്ത്യയുടെ ബഹിരാകാശ ഇതിഹാസത്തിലെ പുതിയ അധ്യായം രചിച്ചിരിക്കുകയാണെന്ന് മോഡി പറഞ്ഞു.
കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്, ഐഎസ്ആർഒ മുൻ മേധാവിമാരായ കെ ശിവൻ, കിരൺ റെഡ്ഡി, സി രാധാകൃഷ്ണൻ തുടങ്ങിയവർ വിക്ഷേപണം നേരിട്ടു കാണാൻ ശ്രീഹരിക്കോട്ടയിൽ എത്തിയിരുന്നു. നൂറുകണക്കിന് ശാസ്ത്രപ്രേമികളും അപൂര്‍വ നിമിഷത്തിന് സാക്ഷികളായി.
English Summary: To touch the moon: Chandrayaan‑3 successfully launched
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.