19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

May 1, 2024
October 5, 2023
September 12, 2023
September 11, 2023
September 10, 2023
September 5, 2023
September 3, 2023
September 3, 2023
September 2, 2023
August 23, 2023

ജനമനസില്‍ ഇടംനേടിയ വ്യക്തിത്വം: ഇ ചന്ദ്രശേഖരന്‍

Janayugom Webdesk
July 18, 2023 10:56 pm

ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് ജനങ്ങളുടെ മനസിലിടം നേടിയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. 2011ല്‍ കാഞ്ഞങ്ങാട് നിന്ന് ജയിച്ച് ആദ്യമായി സഭയിലെത്തുമ്പോള്‍ ഉമ്മന്‍ചാണ്ടിയായിരുന്നു മുഖ്യമന്ത്രി. ജനപ്രതിനിധി എന്ന നിലയില്‍ സാധാരണക്കാരുടെ ന്യായമായ ഏത് ആവശ്യങ്ങളുമായി ചെന്നാലും അദ്ദേഹം അത് സാധിക്കുന്നതിന് പരമാവധി ശ്രമിക്കുമെന്നതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. അക്കാര്യത്തില്‍ രാഷ്ട്രീയ പരിഗണനകള്‍ അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒരനുഭവം കുറിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ മടിക്കൈയിലുള്ള മണി എന്ന വിദ്യാര്‍ത്ഥി കാഴ്ചപരിമിതനായിരുന്നു. നന്നായി പഠിക്കുന്ന ആ വിദ്യാര്‍ത്ഥിക്ക് ചെന്നൈ ഐഐടിയില്‍ പ്രവേശനം ലഭിച്ചു. കാഴ്ചപരിമിതിയുടെ കാരണത്താല്‍ ഭീമമായ ഫീസില്‍ ഇളവ് ലഭിച്ചുവെങ്കിലും ഹോസ്റ്റല്‍ തുടങ്ങിയവയ്ക്കുള്ള രണ്ടര ലക്ഷം രൂപ മുന്‍കൂറായി അടയ്ക്കണമെന്ന സ്ഥിതി വന്നു. 

ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന നിര്‍ധന കുടുംബത്തില്‍പ്പെട്ട മണിക്ക് അത് അസാധ്യമായിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും സഹായം ലഭ്യമാകുമോ എന്ന വിഷയം ശ്രദ്ധയില്‍പ്പെടുത്തുന്നതിന് മുഖ്യമന്ത്രിയെ വിളിച്ചപ്പോള്‍ അദ്ദേഹം ഡല്‍ഹിയിലായിരുന്നു. വിഷയം അറിഞ്ഞതോടെ, താന്‍ രാത്രി 11 മണിയോടെ തിരിച്ചെത്തുമെന്നും രാവിലെ ആറ് മണിക്ക് നേരില്‍ കാണാമെന്നും പറഞ്ഞു. രാവിലെ അദ്ദേഹം കൃത്യസമയത്ത് ഞങ്ങളെ കാണുന്നതിന് തയ്യാറായി. വിഷയത്തിന്റെ ഗൗരവം മനസിലാക്കിയ മുഖ്യമന്ത്രി ഉടന്‍ പണം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുകയും മണിക്ക് ഐഐടി പഠനം ആരംഭിക്കാന്‍ സാധിക്കുകയും ചെയ്തു. പഠനം പൂര്‍ത്തിയാക്കിയ മണി ഇപ്പോള്‍ പയ്യന്നൂരില്‍ അധ്യാപകനാണ്.

ഇന്നലെ രാവിലെ ഉമ്മന്‍ചാണ്ടിയുടെ മരണ വിവരം അറിഞ്ഞപ്പോള്‍ ആദ്യം വിളിച്ചവരില്‍ ഒരാള്‍ മണിയായിരുന്നു, അക്കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട്. ഇത്തരത്തില്‍ നിരവധി അനുഭവങ്ങള്‍ പലര്‍ക്കും ചൂണ്ടിക്കാട്ടാനുണ്ടാകും. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവെന്ന നിലയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Eng­lish Summary:Popular per­son­al­i­ty: E Chandrasekaran
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.