
കോവിഡിലും പ്രളയത്തിലും തളർന്ന ആഭ്യന്തര വിനോദ സഞ്ചാര മേഖലയിൽ പുത്തനുണർവ്. സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിലെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണം 2.05 കോടിയാണ്. 2021–22ലെ 92.21 ലക്ഷത്തേക്കാൾ 122.35 ശതമാനം അധികമാണിത്. സന്ദർശകരിൽ രണ്ട് കോടിയും ആഭ്യന്തര വിനോദ സഞ്ചാരികളാണ്. കോവിഡ് ലോക്ഡൗൺ കാരണം 2020ൽ സഞ്ചാരികളുടെ വരവ് മുൻവർഷത്തേക്കാൾ 73 ശതമാനം കുറവായിരുന്നു. 53 ലക്ഷം സന്ദർശകരാണെത്തിയത്. ഇതുമൂലം 2000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി. എന്നാൽ 2021ൽ മുൻവർഷത്തേക്കാൾ 43 ശതമാനം വർധനയുണ്ടായി. എങ്കിലും 2019നെ അപേക്ഷിച്ച് 61 ശതമാനം കുറവായിരുന്നു. വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനവും കേരളത്തിലുണ്ടായ വകഭേദങ്ങളും പ്രാദേശിക നിയന്ത്രണങ്ങളുമാണ് 2021ലെ മന്ദഗതിക്ക് കാരണം. 2022ന്റെ തുടക്കത്തിൽ ഒമിക്രോൺ വകഭേദം വീണ്ടും ഭീതി സൃഷ്ടിച്ചെങ്കിലും കുറച്ചു നാളുകൾക്കുള്ളിൽ തിരിച്ചുവരവ് നേടി. ആഭ്യന്തര സഞ്ചാരികളെ ആകർഷിക്കാൻ സംസ്ഥാന ടൂറിസം വകുപ്പ് ആവിഷ്കരിച്ച പലപദ്ധതികളും മാറ്റത്തിന് കാരണമായി. കഴിഞ്ഞവർഷം ഏറ്റവുമധികം വിനോദ സഞ്ചാരികളെ വരവേറ്റത് എറണാകുളമാണ്. 40, 48,679 പേർ. തിരുവനന്തപുരത്ത് 30, 58,858 പേരെത്തി. ഇടുക്കി സന്ദർശിച്ചവർ 26,56,730 ലക്ഷം പേരാണ്. കോവിഡാനന്തരം പൂര ആവേശം വീണ്ടെടുത്ത തൃശൂരിൽ 21,30, 420 പേരെത്തി. 2022ൽ 35,168.42 കോടി രൂപയാണ് കേരളത്തിന്റെ ടൂറിസം മേഖല നേടിയ വരുമാനമെന്ന് ടൂറിസം വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു. 2021ലെ 12,285.91 കോടി രൂപയേക്കാൾ 186.25 ശതമാനം അധികമാണിത്. 2028 ഓടെ ഇന്ത്യൻ ടൂറിസം വ്യവസായത്തിൽ കേരളം 6.9 ശതമാനം വളർച്ചയോടെ 32.05 ലക്ഷം കോടി രൂപ കൈവരിക്കുമെന്നാണ് വേൾഡ് ട്രാവൽ ആന്റ് ടൂറിസം കൗൺസിലിന്റെ പ്രവചനം.
english summary; Domestic tourists flock in; Awakening in the tourism sector
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.