23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 25, 2024
September 5, 2024
January 28, 2024
January 10, 2024
December 6, 2023
November 28, 2023
November 11, 2023
October 4, 2023
September 19, 2023
September 17, 2023

മോഡിയെ വിമർശിച്ച് സിപിഐ നേതാവ് ആനി രാജ; 10 വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

Janayugom Webdesk
തിരുവനന്തപുരം
July 21, 2023 4:12 pm

മണിപൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് സിപിഐ നേതാവ് ആനി രാജ
നമസ്കാരം ഈമണിക്കൂറിലെ ഏറ്റവും പ്രധാനപ്പെട്ട 10 വാര്‍ത്തകളുമായി ജനയുഗം ഓണ്‍ലൈന്‍ മോജോ ന്യൂസിലേക്ക് സ്വാഗതം

1. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സാമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരെ കേസെടുക്കേണ്ടതില്ലെന്ന് ചാണ്ടി ഉമ്മൻ. ഇത്തരം വിഷയങ്ങളിൽ പിതാവിന്റെ നിലപാട് അതു തന്നെയാണെന്നും വിനായകൻ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻചാണ്ടിയും കാണുക എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ വിലാപയാത്ര നടക്കുന്ന സമയത്താണ് ഫെയ്സ്ബുക്ക് ലൈവിലൂടെ വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. 

2.2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. പുഴു, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടിയായി വിൻസി അലോഷ്യസിനെ തിരഞ്ഞെടുത്തു. രേഖ എന്ന ചിത്രമാണ് വിന്‍സിയെ മികച്ച നടിയാക്കിയത്.

3. വയനാട് വെണ്ണിയോട് ഗർഭിണിയായ യുവതി കുഞ്ഞുമായി പുഴയിൽചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും ഭർത്താവിൻറെ അച്ഛനുമെതിരെ ഗുരുതര പരാതിയുമായി ബന്ധുക്കൾ. യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചുവെന്നും ഭർത്താവും ഭർത്താവിൻറെ അച്ഛനും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. പാത്തിക്കൽ ഓംപ്രകാശിൻറെ ഭാര്യ ദർശനയാണ് കഴിഞ്ഞ പതിമൂന്നിന് അഞ്ചുവയസുള്ള മകൾ ദർശനയുമായി പുഴയിൽ ചാടിയത്. 

4. മണിപ്പൂരിലെ കലാപത്തിനിടെ കുകി വിഭാഗത്തിലെ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ട ബലാൽസംഗവും ചെയ്ത കേസിൽ രണ്ടു പേർ കൂടി പിടിയിൽ. സംഭവത്തിൽ ഇതുവരെ നാല് പേർ അറസ്റ്റിലായി. മെയ് നാലിന് നടന്ന സംഭവത്തിൻറെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങ‍ൾ പ്രചരിച്ചതോടെ ജൂലൈ19 നാണ് അക്രമം ജനങ്ങൾ അറിയുന്നത്. അതിനിടെ കേസിലെ പ്രധാന പ്രതിയുടെ വീട് ജനം അഗ്നിക്കിരയാക്കി. സ്ത്രീകൾ അടക്കമുള്ളവരാണ് പ്രതിയുടെ വീടിന് തീവെച്ചത്. ഇന്നലെ അറസ്റ്റിലായ ഹുയ്റെം ഹീറോദാസിൻറെ വീടാണ് ജനങ്ങൾ കത്തിച്ചത്. 

5. മണിപൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് സിപിഐ നേതാവ് ആനി രാജ. വിഷയത്തിൽ പ്രതികരിക്കാൻ പ്രധാനമന്ത്രിക്ക് ഒരു വിഡിയോ വേണ്ടിവന്നുവെന്ന് ആനി രാജ ആരോപിച്ചു. പ്രധാനമന്ത്രിയുടേത് രാഷ്ട്രീയ പ്രതികരണമാണെന്നും, മോദിക്ക് രാജ്യത്തെ ജനങ്ങൾ വോട്ടും സീറ്റും നിലനിർത്താനുള്ള ഉപകരണം മാത്രമാണെന്നും ആനി രാജ കുറ്റപ്പെടുത്തി. 

6. മണിപ്പൂർ വിഷയം ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സോമി സ്റ്റുഡന്റ്സ് ഫെഡറേഷൻ മണിപ്പൂർ സർക്കാരിനെതിരെ നൽകിയ ഹർജിയാണ് പരിഗണിക്കുക. ദൃശ്യങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സർക്കാർ നടപടിയെടുക്കണമെന്നുമടക്കമായിരുന്നു ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം. 

7. പിഡിപി നേതാവ് അബുദുൾ നാസർ മഅ്ദനി പിതാവിനെ സന്ദർശിച്ചു. ക‍ഴിഞ്ഞ ദിവസം ഉച്ചയോടെ ബെംഗളൂരുവിൽനിന്നു വിമാനമാർഗം തിരുവനന്തപുരത്തെത്തിയ മഅ്ദനി ഐസിയു ആംബുലൻസിലാണ് വീട്ടിലെത്തിയത്. 15 ദിവസത്തിൽ ഒരിക്കൽ വീടിനടുത്തെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. സുപ്രീംകോടതിയുടെ വിധി പകർപ്പ് വിചാരണക്കോടതിയിൽ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. ബംഗലൂരു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ എടുത്ത് കളഞ്ഞാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാൻ സുപ്രീംകോടതി അനുമതി നൽകിയത്. 

8. ബാംഗ്ലൂർ നഗരത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്ന് 4 ഗ്രനെയ്ഡുകൾ പിടിച്ചെടുത്തു. സുൽത്താൻ പാലായിൽ നിന്ന് ബുധനാഴ്ച പിടിയിലായ 5 അംഗ സംഘത്തിലെ ഷാഹിദ് തബ്രെസിന്റെ കൊടിഹള്ളിയിലെ വീട്ടിൽ നടത്തിയ പരിശോധനയിലായിരുന്നു ബാംഗ്ലൂർ സെൻട്രൽ ക്രൈംബ്രാഞ്ച് ഗ്രനെയ്ഡുകൾ കണ്ടെത്തിയത്. ഗ്രനെയ്ഡുകൾ അലമാരയിലെ രഹസ്യ അറയിലായിരുന്നു. 4 സ്ഥലത്ത് സ്ഫോടനം നടത്താനുള്ള നീക്കത്തിനിടെയായിരുന്നു ഇവർ പിടിയിലായത്. 

9. അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജിയിൽ സുപ്രീം കോടതി എതിർകക്ഷിയായ പൂർണേഷ് മോദിക്കും ഗുജറാത്ത് സർക്കാരിനും നോട്ടീസ് അയച്ചു. നോട്ടീസിന് പത്ത് ദിവസത്തിനുള്ളിൽ മറുപടി നൽകാമെന്ന് പൂർണേഷ് മോദിയുടെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു. തുടർന്ന് രാഹുൽ ഗാന്ധിയുടെ ഹർജി ഓഗസ്റ്റ് നാലിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.

10. മണിപ്പൂരിലെ ഉഖ്രുളിൽ റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്). പുലർച്ചെ 5.01നാണ് ഭൂചലനം ഉണ്ടായത്. 20 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് എൻസിഎസ് അറിയിച്ചു. അതേസമയം ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. അതിനിടെ രാജസ്ഥാനിലെ ജയ്പൂരിലും ഭൂചലനമുണ്ടായി. അര മണിക്കൂറിനുള്ളിൽ മൂന്ന് ഭൂചലനങ്ങളാണ് ഇവിടെ അനുഭവപ്പെട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.