24 September 2024, Tuesday
KSFE Galaxy Chits Banner 2

ദക്ഷിണ കൊറിയ‑യുഎസ് സഖ്യത്തിനെതിരായ ആണവ ആക്രമണം കിം ജോങ് ഉൻ ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് മുന്നറിയിപ്പ്

web desk
സിയോള്‍
July 22, 2023 10:27 pm

കൊറിയന്‍ ഉപദ്വീപില്‍ പിരിമുറുക്കം വര്‍ധിക്കുന്നു. ഉത്തര കൊറിയയുടെ ഭാഗത്ത് നിന്നുള്ള ഏതെങ്കിലും ആണവ ആക്രമണം കിം ജോങ് ഉന്നിന്റെ ഭരണത്തിന്റെ അന്ത്യത്തില്‍ കലാശിക്കുമെന്ന് ദക്ഷിണ കൊറിയ മുന്നറിയിപ്പ് നല്‍കി. ദക്ഷിണ കൊറിയ‑യുഎസ് സഖ്യത്തിനെതിരെ ആണവ ആക്രമണം ഉണ്ടായാൽ, സഖ്യത്തിൽ നിന്ന് ഉടനടി, അതിശക്തവും നിർണായകവുമായ പ്രതികരണം നേരിടേണ്ടിവരുമെന്നും ഉത്തര കൊറിയൻ ഭരണത്തിന്റെ അന്ത്യത്തിൽ കലാശിക്കുമെന്നുള്ള മുന്നറിയിപ്പ് ആവര്‍ത്തിക്കുന്നതായി ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഉത്തര കൊറിയയുടെ ആണവ പദ്ധതികളും മിസൈൽ പരീക്ഷണങ്ങളും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ വ്യക്തമായ ലംഘനങ്ങളാണെന്നും ദക്ഷിണ കൊറിയ ആരോപിച്ചു.

കൊറിയന്‍ ഉപദ്വീപില്‍ യുഎസ് ആണവ ശേഷിയുള്ള അന്തർവാഹിനിയും മറ്റ് തന്ത്രപ്രധാനമായ ആയുധങ്ങളും വിന്യസിക്കുന്നത് ആണവായുധങ്ങള്‍ പ്രയോഗിക്കുന്നതിനുളള മാനദണ്ഡമായി പരിഗണിക്കുമെന്ന ഉത്തര കൊറിയയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ദക്ഷിണ കൊറിയയുടെ മുന്നറിയിപ്പ്. 18,750 ടൺ ഒഹിയോ ക്ലാസ് ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി (എസ്എസ്ബിഎൻ) ദക്ഷിണ കൊറിയയിൽ എത്തിയതിനെ വിമർശിച്ച് ഉത്തര കൊറിയന്‍ പ്രതിരോധ മന്ത്രി കാങ് സൺ‑നാം കഴിഞ്ഞ ദിവസം പ്രസ്താവന പുറത്തിറക്കിയിരുന്നു. ദക്ഷിണ കൊറിയ- യുഎസ് ന്യൂക്ലിയര്‍ കണ്‍സള്‍ട്ടേറ്റീവ് ഗ്രൂപ്പിന്റെ (എന്‍സിജി) പ്രഖ്യാപനത്തിനെതിരെയും ഉത്തര കൊറിയ രൂക്ഷമായാണ് വിമര്‍ശനമുന്നയിച്ചത്.

ഉത്തര കൊറിയയുടെ തുടർച്ചയായ ആണവ, മിസൈൽ ഭീഷണികൾക്കെതിരായ പ്രതിരോധ നടപടിയെന്നാണ് എന്‍സിജിയെ ദക്ഷിണ കൊറിയ വിശേഷിപ്പിക്കുന്നത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂൻ സുക് യോളും യുഎസ് പ്രസിഡന്റ് ജോ ബെെഡനും തമ്മില്‍ ഏപ്രിലിൽ നടന്ന കൂടിക്കാഴ്ചയിലാണ് തന്ത്രപ്രധാനമായ അന്തർവാഹിനി ഉൾപ്പെടെയുള്ള ഉയർന്ന സൈനിക വിന്യാസം ദക്ഷിണ കൊറിയയില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചത്. 1981 ന് ശേഷം ആദ്യമായാണ് ഒരു യുഎസ് ബാലിസ്റ്റിക് മിസെെല്‍ അന്തര്‍വാഹിനി ദക്ഷിണ കൊറിയന്‍ കടലിലെത്തുന്നത്.

അതിനിടെ, കൊറിയന്‍ ഉപദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കടലിലേക്ക് ഉത്തര കൊറിയ നിരവധി ക്രൂയിസ് മിസൈലുകൾ തൊടുത്തുവിട്ടതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. ബുധനാഴ്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതിന് ശേഷമുള്ള ഉത്തരകൊറിയയുടെ ഏറ്റവും പുതിയ മിസൈൽ വിക്ഷേപണമാണിത്.

Eng­lish Sam­mury: Nuclear attack on South Korea-US alliance could end Kim Jong Un regime, warns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.