22 January 2026, Thursday

വന്യസൗന്ദര്യമൊഴിഞ്ഞു: നിലമ്പൂർ–ഷൊർണൂർ പാതയിൽ മരങ്ങൾ വെട്ടിമാറ്റുന്നു

നഹാസ് എം നിസ്താർ
പെരിന്തൽമണ്ണ
July 22, 2023 11:06 pm

വന്യസൗന്ദര്യത്തിന്റെയും ഗ്രാമീണതയുടെയും കാഴ്ചകള്‍ അന്യമാക്കി, നിലമ്പൂർ–ഷൊർണൂർ റെയില്‍പ്പാതയിൽ പച്ചപുതച്ച മരങ്ങൾ വെട്ടിമാറ്റുന്നു. സംസ്ഥാനത്തെ ആദ്യ റെയിൽവേ ഹരിത ഇടനാഴിയായ (ഗ്രീൻ കോറിഡോർ) നിലമ്പൂർ–ഷൊർണൂർ പാതയില്‍ വൈദ്യുതീകരണ പ്രവൃത്തി പുരോഗമിക്കുന്നതിന്റെ ഭാഗമായാണ് മരങ്ങൾ വെട്ടിമാറ്റുന്നത്. 

പട്ടിക്കാട് റെയിൽവേ സ്റ്റേഷൻ മുതൽ മേലാറ്റൂർ വരെ മരങ്ങൾ മുറിക്കുന്ന പ്രവൃത്തി പുരോഗതിയിലാണ്. ഷൊർണൂർ മുതൽ വല്ലപ്പുഴ വരെ 803 ഫൗണ്ടേഷനുകളുടെ (വൈദ്യുതിക്കാലുകൾ സ്ഥാപിക്കാനുള്ള കോൺക്രീറ്റ് കുഴികൾ) പ്രവൃത്തിയും 188 തൂണുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയുമാണ് പൂർത്തിയായത്. ഷൊർണൂർ മുതൽ നിലമ്പൂർ വരെ 1204 തൂണുകളാണ് സ്ഥാപിക്കുക. വല്ലപ്പുഴ മുതൽ നിലമ്പൂർ വരെയുള്ള പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. 

ട്രാക്കുകളിൽ നിന്ന് നാലുമീറ്റർ അകലത്തിൽ ഇരുവശങ്ങളിലുമുള്ള മരങ്ങൾ വെട്ടിമാറ്റുന്ന പ്രവൃത്തി ഷൊർണൂർ മുതൽ ചെറുകര വരെ പൂർത്തിയായി. പദ്ധതിയുടെ പ്രധാന ഓഫിസുകളുടെയും ക്വാർട്ടേഴ്സുകളുടെയും നിർമ്മാണ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. വൈദ്യുതീകരണത്തിന്റെ ഭാഗമായി മേലാറ്റൂരിൽ സബ് സ്റ്റേഷൻ നിർമ്മിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് കെഎസ്ഇബി അധികൃതരുമായി ചർച്ച നടത്തി. പാലക്കാട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ സി ആർ രവീന്ദ്രന്റെ മേൽ നോട്ടത്തിലാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്. 

ഷൊർണൂരിൽനിന്ന് നിലമ്പൂർ വരെ 66 കിലോമീറ്ററാണ് വൈദ്യുതീകരണം. ട്രാക്ഷൻ സബ് സ്റ്റേഷൻ മേലാറ്റൂരിലും സ്വിച്ചിങ് സ്റ്റേഷനുകൾ വാടാനാംകുറിശിയിലും വാണിയമ്പലത്തും അങ്ങാടിപ്പുറത്തും സ്ഥാപിക്കും. ദക്ഷിണ റെയിൽവേയുടെ എട്ട് വൈദ്യുതീകരണ പദ്ധതിയിൽപ്പെട്ട ഒന്നാണ് ഈ പാത. 90 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഏഴ് പാലങ്ങൾക്കുസമീപം തൂണുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് പ്രധാനപ്പെട്ടത്. ഇത് വേഗത്തിൽ തുടങ്ങാനാകുമെന്നും അടുത്ത വർഷം അവസാനത്തോടെ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
അതേസമയം ഇന്ത്യയിലെത്തന്നെ അപൂർവമായ കാനനഭംഗി ആസ്വദിച്ചുള്ള ട്രെയിൻ യാത്ര ലഭിച്ചിരുന്ന നിലമ്പൂർ- ഷൊർണൂർ പാതയില്‍ പച്ചപ്പ് നഷ്ടപ്പെടുന്നത് സഞ്ചാരികളെ ഏറെ പ്രയാസത്തിലാക്കും. മനോഹര ദൃശ്യഭംഗി സിനിമകളിൽ വരെ ഇടം പിടിച്ചതാണ്.
ചെറുകര, പട്ടിക്കാട്, മേലാറ്റൂർ, അങ്ങാടിപ്പുറം സ്റ്റേഷനുകളിലെ ഭംഗി കാണാൻ മാത്രം നിരവധി പേർ ട്രെയിന്‍ യാത്ര ചെയ്യാറുണ്ട്. മേലാറ്റൂരിലെ വാകപൂത്ത് ചുവപ്പണിയുന്നതും ചെറുകരയിലെ ആൽമരങ്ങളും പട്ടിക്കാട്, നിലമ്പുർ മേലാറ്റൂർ സ്റ്റേഷനുകളിലെ തേക്ക് മരങ്ങളുടെ ഹരിതഭംഗിയും ഇനി ഓർമ്മയാവും. 

Eng­lish Sum­ma­ry: Wild beau­ty gone: Trees are being cut on the Nil­am­bur-Shornur road

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.