
പ്രധാനമന്ത്രി കര്‍ഷിക വിള ഇന്‍ഷ്വറന്‍സ് പദ്ധതി (പിഎം ഫസല്‍ ബീമയോജന) വഴി കീശ വീര്‍പ്പിച്ചത് സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികള്‍. പദ്ധതി പ്രകാരം രാജ്യത്തെ സ്വകാര്യ കമ്പനികള്‍ 57,000 കോടി രൂപ നേട്ടമുണ്ടാക്കിയതായി കേന്ദ്രസര്‍ക്കാര്‍ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ എഴ് വര്‍ഷത്തിനിടെ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് പ്രീമിയം തുകയായി 1,97,675 കോടി ലഭിച്ചപ്പോള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തത് 1,40,036 കോടി രൂപ മാത്രമാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ രാജ്യസഭയെ അറിയിച്ചു. ഇതുവഴി കമ്പനികളുടെ ലാഭം 57,000 കോടി രൂപയാണ്.
2022–23 ല്‍ കമ്പനികള്‍ക്ക് 27,900 കോടി രൂപ പ്രീമിയം ലഭിച്ചപ്പോള്‍ കര്‍ഷകര്‍ക്ക് വിള നഷ്ടത്തിന് വിതരണം ചെയ്തത് 5,760 കോടി മാത്രമായിരുന്നു. ചില സംസ്ഥാനങ്ങളില്‍ കമ്പനികള്‍ ഒരുരൂപ പോലും കര്‍ഷകര്‍ക്ക് വിതരണം ചെയ്തില്ല. എന്നാല്‍ പ്രീമിയമായി ശതകോടികള്‍ പിരിച്ചെടുത്തു. മധ്യപ്രദേശില്‍ സ്വകാര്യ കമ്പനികള്‍ 672 കോടി സ്വീകരിച്ചുവെങ്കിലും വിള നഷ്ടത്തിന് ആരും അവകാശം ഉന്നയിക്കാത്തതിനാല്‍ തുക വിതരണം ചെയ്തിട്ടില്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
കര്‍ഷകര്‍ ഇന്‍ഷ്വറന്‍സ് വിഹിതമായി രണ്ട് ശതമാനം തുകയാണ് ഖാരിഫ് സീസണില്‍ പ്രീമിയം അടയ്ക്കുന്നത്. റാബി സീസണില്‍ ഇത് 1.5 ശതമാനമാകും. അഞ്ച് ശതമാനം തുകയാണ് വിള സീസണിലാകെ കര്‍ഷകര്‍ കമ്പനികള്‍ക്ക് നല്‍കുന്നത്. 50 ശതമാനം കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളാണ് വഹിക്കുക.
ഇന്‍ഷ്വറന്‍സ് തുക യഥാസമയം വിതരണം ചെയ്യാത്തതും വൈകി നല്‍കുന്നതും ശ്രദ്ധയില്‍പ്പെട്ടതായും ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. സംസ്ഥാന വിഹിതം കേന്ദ്ര വിഹിതത്തില്‍ നിന്നും മാറ്റി തുക വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കര്‍ഷകരുടെ ഉന്നമനത്തിനായി 2016 ല്‍ ആരംഭിച്ച വിള ഇന്‍ഷ്വറന്‍സ് പദ്ധതി കര്‍ഷകര്‍ക്കല്ല മറിച്ച് സ്വകാര്യ കമ്പനികളുടെ കീശ വിര്‍പ്പിക്കാനാണ് പര്യാപ്തമായതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ തെളിയിക്കുന്നു.
English Summary: Agricultural Crop Insurance 57,000 crores Profit making private companies
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.