24 January 2026, Saturday

ഡ്രൈവിങ് സ്കൂളുകളിലും ടെസ്റ്റ് കേന്ദ്രങ്ങളിലും ‘ഓപ്പറേഷൻ സ്റ്റെപ്പിനി’; കണ്ടെത്തിയത് നിരവധി ക്രമക്കേടുകള്‍

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇല്ലാതെയും ഡ്രൈവിങ് ടെസ്റ്റ്
Janayugom Webdesk
തിരുവനന്തപുരം
July 26, 2023 10:31 pm

സംസ്ഥാനത്ത് മോട്ടോര്‍ വാഹന ഡ്രൈവിങ് പരിശീലന മേഖലയുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ ക­ണ്ടെത്തിയത് നിരവധി ക്രമക്കേടുകള്‍. മോട്ടോർ വാഹന വകുപ്പിന്റെ 60 ഗ്രൗണ്ടുകളിലും തിരഞ്ഞെടുത്ത 170ൽ പരം ഡ്രൈവിങ് സ്കൂളുകളിലുമാണ് ‘ഓപ്പറേഷന്‍ സ്റ്റെപ്പിനി’ എന്ന പേരിൽ വിജിലന്‍സ് പരിശോധന നടത്തിയത്. കണ്ണൂര്‍ തോട്ടടയിലും കോഴിക്കോട് പേരാമ്പ്രയിലും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇല്ലാതെയാണ് ടെസ്റ്റ് നടത്തിയതെന്ന് പരിശോധനയില്‍ ക­ണ്ടെത്തി. കരുനാഗപ്പള്ളി ചുറ്റുമൂലയിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് ഒരേസമയം നടക്കുന്ന ഇരുചക്ര‑നാലുചക്ര വാഹനങ്ങളുടെ ടെസ്റ്റുകള്‍ നടത്തിയതെന്നും ക­ണ്ടെത്തി. ഇവിടങ്ങളിലൊന്നും കാമറ പ്രവര്‍ത്തിക്കുന്നില്ലെന്നും വിജിലന്‍സ് കണ്ടെത്തി. ഡ്രൈവിങ് പരിശീലനം നടത്തുന്നവർക്ക് ഗുണനിലവാരമുള്ള പരിശീലനം ഉറപ്പ് വരുത്തുന്നതിലേക്ക് ഡ്രൈവിങ് സ്കൂളുകാർക്കുള്ള മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ഒട്ടുമിക്ക ഡ്രൈവിങ് സ്കൂളുകാരും ഇത് പാലിക്കുന്നില്ലെന്ന് വിജിലന്‍സ് കണ്ടെത്തി. ഇത് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ട മോട്ടോർ വാഹനവകുപ്പ് ഉ­ദ്യോഗസ്ഥരിൽ ഒരു വിഭാഗം കൈക്കൂലി വാങ്ങി അവർക്ക് ഒ­ത്താശ ചെയ്ത് നൽകുന്നതായും വിജിലൻസ് ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തി. പല ഡ്രൈവിങ് സ്കൂളുകളിലും മതിയായ യോഗ്യതയുള്ള ഇൻസ്ട്രക്ടർമാർ ഇല്ലാതെയാണ് പ്രവർത്തിച്ച് വരുന്നത്. തൃപ്പൂണിത്തുറ സബ് ആർടിഒയുടെ കീഴിലുള്ള ഡ്രൈവിങ് സ്കൂളിലെ ഇൻസ്ട്രക്ടർ കഴിഞ്ഞ 10 മാസമായി വിദേശത്ത് ജോലി ചെയ്യുകയാണ്. ക­ണ്ണൂർ സൗത്ത് ബസാറിലെ ഡ്രൈ­വിങ് സ്കൂൾ 2021ൽ ലൈസൻസ് കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും പ്രവർത്തിച്ചു വരുന്നു. സംസ്ഥാനമൊട്ടാകെ ലൈസൻസ് നേടിയ പല പഠിതാക്കളേയും മി­ന്നൽ പരിശോധനാ വേളയിൽ വിജിലൻസ് ഉ­ദ്യോഗസ്ഥർ ഫോ­ൺ മുഖാന്തിരം ബന്ധപ്പെട്ടതിൽ പലർക്കും മതിയായ ലക്ചർ ക്ലാസുകൾ ലഭിച്ചിട്ടില്ലെന്ന് വ്യക്തമായി. കോട്ടയത്ത് മോട്ടോര്‍ വാഹന വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പേരിൽ ഡ്രൈവിങ് സ്കൂൾ നടത്തുന്നതായി വിജിലന്‍സ് കണ്ടെത്തി. ഇരിങ്ങാലക്കുട ആർടിഒയുടെ കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് ഡ്രൈവിങ് സ്കുളുകൾ വഴി ടെസ്റ്റ് പാസാകുന്നവരിൽ നിന്നും നാല് ചക്ര വാഹനങ്ങളുടെ ലൈസൻസിന് 300 രൂപയും ഇരുചക്ര വാഹന ലൈസൻസിന് 250 രൂപ വീതവും ഡ്രൈവിങ് സ്കൂളുകാർ വാങ്ങി ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതായും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ഇപ്രകാരം സംസ്ഥാനത്തെ പല ഡ്രൈവിങ് സ്കൂളുകാരും പഠിതാക്കളിൽ നിന്നും കൈക്കൂലി വാങ്ങി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പല സ്ഥലങ്ങളിൽ വ­ച്ചും കൈമാറുന്നതായും വിജിലന്‍സിന് ബോ­ധ്യമായി. അതിനെ പറ്റി വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.

eng­lish sum­ma­ry; ‘Oper­a­tion Stepi­ni’ in dri­ving schools and test centers

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.