22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 21, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024
November 17, 2024
November 16, 2024
November 15, 2024

ഇന്ത്യ മണിപ്പൂരിലേക്ക്; പ്രതിപക്ഷ എംപിമാര്‍ സന്ദര്‍ശിക്കും

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി
July 27, 2023 3:48 pm

വംശീയ കലാപം തുടരുന്ന മണിപ്പൂരിലേക്ക് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’. 26 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളടങ്ങുന്ന സംഘം ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെത്തും. നിലവിലെ സാഹചര്യം നേരിട്ട് മനസിലാക്കുകയാണ് യാത്രയുടെ ലക്ഷ്യം.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടികളായിരിക്കും സംഘത്തെ നയിക്കുകയെന്ന് ഏകദേശ ധാരണയായിട്ടുണ്ട്. സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ ഇന്ന് പുറത്തുവിടും. നേരത്തെ ഇടതുപക്ഷ നേതാക്കളും എംപിമാരുടെ സംഘവും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മണിപ്പൂരില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

അതേസമയം മണിപ്പൂര്‍ കലാപം ചര്‍ച്ച ചെയ്യാന്‍ ഇനിയും തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷം ഇന്നും സ്തംഭിപ്പിച്ചു. പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. ലോക്‌സഭയില്‍ രാവിലെ പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ സ്പീക്കര്‍ നടപടികള്‍ രണ്ടുമണി വരെ നിര്‍ത്തിവച്ചു. തുടര്‍ന്നു സമ്മേളിച്ച സഭയില്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ പ്രസ്താവനയാണ് നടന്നത്. പ്രതിപക്ഷ നേതാക്കളെ അധിക്ഷേപിക്കാനായിരുന്നു മന്ത്രിയുടെ ശ്രമം. ഇതിനെതിരെയും പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് സഭ മൂന്നുമണി വരെ പിരിഞ്ഞു. വീണ്ടും സമ്മേളിച്ച സഭയില്‍ ശബ്ദവോട്ടോടെ ജന്‍ വിശ്വാസ് ബില്‍, അപ്രസക്തമായ നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്‍ എന്നിവ പാസാക്കി.

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം രാജ്യസഭയിലും തുടര്‍ന്നു. രാവിലെ പ്രതിഷേധത്തില്‍ മുങ്ങിയ സഭ 12 വരെ നിര്‍ത്തിവച്ചു. തുടര്‍ന്നു സമ്മേളിച്ചപ്പോഴും പ്രതിഷേധം ശക്തമായി തുടര്‍ന്നു. ഇതോടെ രണ്ടുമണി വരെ നിര്‍ത്തിവച്ചു. വീണ്ടും സമ്മേളിച്ച സഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രതിപക്ഷ അസാന്നിധ്യത്തില്‍ സിനിമാറ്റോഗ്രാഫ് ഭേദഗതി ബില്‍ ശബ്ദവോട്ടോടെ പാസാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

ഇന്ത്യ: അടുത്തയോഗം മുംബൈയില്‍

പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യയുടെ അടുത്ത യോഗം അടുത്തമാസം 25, 26 തീയതികളില്‍ മുംബൈയില്‍ നടക്കും. യോഗത്തില്‍ ഇന്ത്യ സഖ്യത്തിലെ പതിനൊന്ന് പേരെ ഉള്‍പ്പെടുത്തി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും. സമിതിയില്‍ ആരൊക്കെയാവും അംഗങ്ങള്‍ എന്നത് കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഇന്ത്യ അറിയിച്ചു.
ഉദ്ധവ് താക്കറെ (യുബിടി) വിഭാഗവും ശരദ് പവാര്‍ പക്ഷ എന്‍സിപിയുടെയും ആവശ്യം പരിഗണിച്ചാണ് മുംബൈ വേദിയായി തിരഞ്ഞടുത്തത്.
പാര്‍ലമെന്റ് സമ്മേളനാനന്തരം സംയുക്ത റാലി നടത്തുന്ന കാര്യം പരിശോധിച്ച് വരികയാണെന്നും നേതൃത്വം അറിയിച്ചു.

Eng­lish Sum­ma­ry: Oppo­si­tion alliance to vis­it Manipur, Modi crit­i­cized, Rahul retaliated

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.