23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 25, 2024
September 5, 2024
January 28, 2024
January 10, 2024
December 6, 2023
November 28, 2023
November 11, 2023
October 4, 2023
September 19, 2023
September 17, 2023

കെഎസ്ഇബിയുടെ പേരില്‍ വ്യാജ സന്ദേശങ്ങളയച്ച് തട്ടിപ്പ്: MOJO NEWS

Janayugom Webdesk
July 28, 2023 10:27 pm

1. സര്‍ക്കാര്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട് യു.ജി.സി ചട്ടങ്ങള്‍ ലംഘിക്കുന്നതിനോ സ്പെഷ്യല്‍ റൂള്‍സിലെ നിബന്ധനകള്‍ ലംഘിക്കുന്നതിനോ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ‑സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. മന്ത്രിക്കോ സര്‍ക്കാരിനോ നിയമനവുമായി ബന്ധപ്പെട്ട് പ്രത്യേക താത്പര്യമില്ലെന്നും പരാതിക്കിടയാകാത്ത രീതിയില്‍ പ്രിന്‍സിപ്പല്‍ നിയമനം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

2. കെഎസ്ഇബിയുടെ പേരില്‍ വ്യാജ സന്ദേശങ്ങളയച്ച് തട്ടിപ്പ്. എത്രയും വേഗം പണമടച്ചില്ലെങ്കിൽ/ ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ ചില വ്യാജ എസ് എം എസ്/ വാട്സാപ് സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട്. ഇത്തരം സന്ദേശങ്ങൾ ഇപ്പോൾ മലയാളത്തിലും ലഭിക്കുന്നുണ്ടെന്നും ഇവയോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്നും കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

3. സിൽവർ ലൈൻ പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കാൻ തുടങ്ങിയെന്നത് തെറ്റായ പ്രചരണമാണെന്ന് കെ റെയില്‍. പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സാമൂഹികാഘാത വിലയിരുത്തൽ പഠനത്തിനുള്ള നടപടികളാണ് ആരംഭിച്ചിരുന്നത്. അലൈൻമെന്റിന്റെ അതിരടയാളം സ്ഥാപിച്ചത് ഈ ആവശ്യത്തിനായിരുന്നു. പദ്ധതിക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ സ്വീകരിച്ചത്. ഭൂമി ഏറ്റെടുക്കൽ നടപടി അനധികൃതമെന്ന രീതിയിൽ വന്ന വാർത്തകൾ ശരിയല്ലെന്നും കെ റെയില്‍ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. 

4. ഭീമാ കൊറേഗാവ് കേസില്‍ കുറ്റാരോപിതരായ സാമൂഹിക പ്രവര്‍ത്തകര്‍ വെര്‍ണൻ ഗോണ്‍സാല്‍വസിനും അരുണ്‍ ഫെരേരയ്ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ എന്നിവരുടെ ബഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കുറ്റകൃത്യം ഗൗരവമുള്ളതാണെങ്കിലും അഞ്ചു വര്‍ഷത്തെ തടവ് ജാമ്യം അനുവദിക്കുന്നതിന് ഇവരെ യോഗ്യരാക്കുന്നതായി പരമോന്നത കോടതി വിലയിരുത്തി. 

5. ബുള്‍ഡോസര്‍ വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം. ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ക്കുന്നത് തെറ്റാണെന്ന് അംഗീകരിക്കുമോയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീം കോടതി ആരാഞ്ഞു. രാംപൂര്‍ ജില്ലയിലെ ഒരു അനാഥാലയത്തിന്റെ ഭൂമിയില്‍ താമസിച്ചിരുന്ന കുടുംബത്തിന്റെ വീട് തകര്‍ത്തുവെന്നാരോപിച്ച് ക്രിമിനല്‍ പ്രോസിക്യൂഷന്‍ നേരിടുന്ന ഫഷത്ത് അല്‍ ഖാന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് യുപി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

6. ഇൻഡിഗോ എയർലൈൻസിന് 30 ലക്ഷം പിഴ ചുമത്തി ഡിജിസിഎ. ഒഇഎം മാർഗനിർദേശങ്ങൾക്ക് അനുസൃതമായി രേഖകളും നടപടിക്രമങ്ങളും ഭേദഗതി ചെയ്യാനും നിർദേശിച്ചു. ആറ് മാസത്തിനുള്ളിൽ എ 321 വിമാനങ്ങളിലെ വാല്‍ ഭാഗം ഇടിച്ച നാല് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടർന്ന് ഡിജിസിഎ പ്രത്യേക ഓഡിറ്റ് നടത്തി. 

7. ബീഹാർ സർക്കാർ ദർഭംഗയിൽ ഇന്റർനെറ്റ് സേവനം 72 മണിക്കൂർ നിർത്തിവച്ചു. മബ്ബി, കംതൗൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ അടുത്തിടെ രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് ഈ മാസം 27 മുതൽ 30 വരെ ഇന്റർനെറ്റ് നിരോധിച്ചിരിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് നാലിന് ആരംഭിച്ച നിരോധനാജ്ഞ ഞായറാഴ്ച വൈകീട്ട് നാലുവരെ തുടരും. ഇന്ത്യൻ ടെലഗ്രാഫ് ആക്ട് 1885ലെ സെക്ഷൻ‑5 പ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയത്. 

8. ഓഗസ്റ്റ് ഒന്നു മുതൽ നന്ദിനി പാലിന്റെ വില ലിറ്ററിന് മൂന്നു രൂപയായി വർധിപ്പിക്കാൻ കർണാടക മന്ത്രിസഭ തീരുമാനിച്ചു. പാൽ ഉത്പാദകരുടെ ആവശ്യങ്ങൾ പരിഗണിച്ച് വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കർണാടക മിൽക്ക് ഫെഡറേഷന്റെ ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് നാമമാണ് നന്ദിനി. 

9. ചൈനീസ് മുൻ വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്ങിനെ കുറിച്ചുളള വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സെെറ്റില്‍ വീണ്ടും ചേര്‍ത്തു. നേരത്തെ ഗാങ്ങിനെപ്പറ്റിയുള്ള ലേഖനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇതോടെ ഗാങ്ങിന്റെ തിരോധാനവും അനുബന്ധമായി നടന്ന സംഭവങ്ങളുടെയും പിന്നിലെ ദുരൂഹതകൾ വര്‍ധിക്കുകയാണ്.

10. മാർ‑എ-ലാഗോ രഹസ്യരേഖ കേസിൽ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മേൽ പുതിയ കുറ്റങ്ങൾ ചുമത്തി. സെക്യൂരിറ്റി ക്യാമറ ദൃശ്യങ്ങൾ ഇല്ലാതാക്കാൻ ജീവനക്കാരനോട് സമ്മർദം ചെലുത്തിയെന്നാണ് പുതിയ ആരോപണം. ഇതുപ്രകാരം പുതുക്കിയ കുറ്റപത്രത്തിൽ മൂന്ന് പുതിയ കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിരോധ വിവരങ്ങൾ മനഃപൂർവ്വം കൈവശം വച്ചതിന് ഒരു കുറ്റവും അന്വേഷണം തടസപ്പെടുത്താൻ ശ്രമിച്ചതിന് രണ്ട് കുറ്റവുമാണ് പുതുതായി ചേർത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.