17 November 2024, Sunday
KSFE Galaxy Chits Banner 2

അറുപതിലെ അതിമധുരം

വിജയ് സി എച്ച്
ഓര്‍മ്മ
July 30, 2023 3:21 am

അന്ന് ചിത്രയുടേത് ഇന്നത്തെക്കാൾ ഇളം ശബ്ദമായിരുന്നു. സിന്ധുഭൈരവിയിലെ ‘പാടറിയേൻ പഠിപ്പറിയേ‘നും, നഖക്ഷതങ്ങളിലെ ‘മഞ്ഞൾപ്രസാദ’ത്തിനും 1986‑ലും 87‑ലും തുടർച്ചയായി ദേശീയ പുരസ്കാരം നേടിയതിനു ശേഷം, 89‑ൽ വീണ്ടും വൈശാലിയിലെ ‘ഇന്ദുപുഷ്പ’ത്തിനും ചിത്ര തന്നെ രാജ്യത്തെ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, നേരിൽ കണ്ടു വർത്തമാനം പറയാൻ ഇനിയും വൈകുന്നത് നീതികേടാണെന്നു തോന്നി. ഒരു വിദേശ ഇംഗ്ളീഷ് മീഡിയ ഗ്രൂപ്പ് ചിത്രയുമായുള്ള അഭിമുഖം പ്രസിദ്ധീകരിയ്ക്കാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഫ്രീലാൻസേർസിന് നല്ല പ്രതിഫലം കൊടുക്കുന്ന, ധാരാളം ഫീച്ചറുകൾ പതിവായി അച്ചടിയ്ക്കുന്ന ഒരു ദിനപത്രം.
ചിത്ര ഒരു സൗത്ത് ഇന്ത്യൻ സെൻസേഷനായി പേരെടുത്തു നിൽക്കുന്ന സമയമായിരുന്നു അത്. മലയാളം, തമിഴ്, തെലുഗു, കന്നഡ സിനിമകളിൽ തിരക്കോടു തിരക്കായിരുന്നു. ഒരു ദിവസം തന്നെ മൂന്നും നാലും റെക്കോർഡിങ്ങുകൾ! അതിനിടയിലുള്ള ഒരു ഇടവേളയിലാണ്, ചെന്നൈയിലെ സാലിഗ്രാമത്തിലുള്ള അവരുടെ പുതിയ വസതിയിൽ ചെല്ലാൻ എനിയ്ക്ക് അനുവാദം ലഭിച്ചത്.
സാലിഗ്രാമത്തിൽ തന്നെയുള്ള പ്രസാദ് സ്റ്റുഡിയോയിലാണ് അന്ന് ഉച്ചയ്ക്കുശേഷം റെക്കോർഡിങ്ങെന്നും, ഊണിനു ശേഷം അങ്ങോട്ടു പോകുന്നതിനു മുമ്പുള്ള സമയമാണ് എന്റേതെന്നും മാനേജർ പ്രത്യേകം പറഞ്ഞിരുന്നു. ഉച്ചയ്ക്ക് കൃത്യം ഒരുമണിയ്ക്ക് ഞാൻ ചിത്രയുടെ വീട്ടിൽ എത്തിയിരിയ്ക്കണം എന്നായിരുന്നു നിബന്ധന. നാഗത്തമ്മൻ കോവിലിനടുത്താണ് വീട്, അവിടെയെത്തിയാൽ ആരോടെങ്കിലും ചോദിച്ചാൽ മതിയെന്നും. 

താമസിച്ചിരുന്ന വടപളണിയിലെ ഹോട്ടലിൽ നിന്നു തന്നെ നേരത്തെ ഊണുകഴിച്ച്, പന്ത്രണ്ടരയ്ക്ക് ഞങ്ങൾ സാലിഗ്രാമത്തിലെ നാഗത്തമ്മൻ ക്ഷേത്രത്തിനു മുമ്പിലെത്തി. ആ കോവിലിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞു വരുന്ന ഒരു തമിഴൻ ഭക്തനോട് ചിത്രയുടെ വീട് അന്വേഷിച്ചു. എന്റെ ചോദ്യം ആ ഭക്തന് ‘സെരിയാ പുരിയാതെ’ വന്നപ്പോൾ ഭക്തനോട് ഒരിക്കൽ കൂടി ‘വിളക്കമാ കേൾക്കാൻ’ തീരുമാനിച്ചു. “പാടകി ചിത്രാവെ തെരിയാതാ? അവർ റൊമ്പം പുകഴ് പെട്രവർ” ഞാൻ ഭക്തനോട് സൗമ്യമായി ചോദിച്ചു.
പാടകി (പാട്ടുകാരി) ചേർത്തു ചിത്രയെന്നു കേട്ടതുകൊണ്ടാണെന്നു തോന്നുന്നു ഭക്തൻ പെട്ടെന്ന് പ്രതികരിച്ചു.
“ചിന്നക്കുയിൽ ചിത്രാവാ…?” ഭക്തൻ ആവേശത്തോടെ എന്നോടു ചോദിച്ചു.
അതെ, “അന്ത ചിത്ര താൻ” എന്നു ഞാൻ മറുപടി കൊടുത്തു.
ഉടനെ ക്ഷേത്രത്തിന്റെ മുന്നിൽ തന്നെയുള്ള ഒരു ജങ്ഷൻ ഭക്തൻ ചൂണ്ടിക്കാണിച്ചു. “ഇന്ത സന്തിൽ നിൻട്ര് റൈറ്റ് പോക വേണ്ടിയത്. ലെഫ്റ്റ് പാത്താ, അങ്കെ, മലയാളത്താൻ പാർവൈയിൽ മുടിച്ച അഴകാന കെട്ടിടം ഒൺട്രു പാക്ക മുടിയും. അതു താൻ അവർ വസതി.”
നാഗത്തമ്മൻ ഭക്തനോട് ‘നൻട്രി സൊല്ലി’ കവലയിലേയ്ക്കു നീങ്ങി. മലയാളി സ്റ്റൈലിൽ നിർമ്മിച്ച വീടു തേടുന്നതിനിടയിൽ, ഫോട്ടോഗ്രാഫർ ചോദിച്ചു, “ഈ ചിന്നക്കുയിൽ വിശേഷണം എന്തിനാ? തമിഴന്മാർ മ്മ്ടെ ചിത്രയെ എന്തിനാ ഇങ്ങനെ കൊച്ചാക്കുന്നത്?”
മണിനാദം മുഴക്കുന്ന അമ്മക്കുയിലുകൾ സുശീലാമ്മയും ജാനകിയമ്മയും തെന്നിന്ത്യൻ പിന്നണി ആലാപന ലോകത്തെ ചക്രവർത്തിനിമാരായി നമ്മളെ നാദബ്രഹ്മത്തിൽ ആഴ്ത്തുമ്പോഴാണല്ലൊ, തിരുവനന്തപുരത്തു നിന്ന് ചിത്ര ചെന്നൈയിലേക്കു ചേക്കേറിയത്! അതിനാൽ ചിത്രയെ ചെറിയ കുയിലായിട്ടാണ് ഇളയരാജ തമിഴ് നാട്ടിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. ചിത്രയുടെ തമിഴിലെ തുടക്കമത്രയും ഇളയരാജയുടെ സംഗീത സംവിധാനത്തിലായിരുന്നു. സിന്ധുഭൈരവിക്കു തൊട്ടു പുറകിൽ ഇറങ്ങിയ ‘നീ താനേ അന്തക്കുയിൽ’ എന്ന തമിഴ് ചിത്രത്തിൽ ചിത്ര പാടിയ ‘ഇനിപ്പ്’ നിറഞ്ഞു കവിഞ്ഞൊഴുകുന്ന ‘പാടൽകൾ’ തമിഴ് നാട്ടിൽ അവരെ ശരിയ്ക്കുമൊരു പാടുന്ന ഇളം കുയിലായി വിളംബരം ചെയ്തു. 

ഞാനിത്രയും ചിന്നക്കുയിൽ ചരിതം പറഞ്ഞു തീർത്തപ്പോഴേയ്ക്കും, ഞങ്ങൾ ‘ശ്രുതി‘യുടെ മുന്നിലെത്തി. നല്ല നൻപൻ, നാഗത്തമ്മൻ ഭക്തൻ സൂചിപ്പിച്ചതു പോലെ, കേരള ട്രഡീഷണൽ രീതിയിൽ നിർമ്മിച്ച സുന്ദരമായൊരു ‘മലയാളത്താൻ’ ഭവനം!
സ്വരമാധുര്യം രാഗരസത്തിൽ അലിഞ്ഞുചേർന്ന സോപാനത്തിൽ ചവിട്ടിക്കയറി ഞങ്ങൾ ശ്രുതിയിൽ പ്രവേശിച്ചു. പല്ലവി അവിടെ സ്വതസിദ്ധമായ ചരിയോടെ ഞങ്ങളെ പ്രതീക്ഷിച്ചു നിന്നിരുന്നു.
കൂടിയാൽ അര മണിക്കൂർ സമയം മാത്രമേ അഭിമുഖത്തിനു ലഭിക്കൂ എന്ന ഏകദേശ ധാരണ ഉണ്ടായിരുന്നതിനാൽ, അറിയാനുള്ളതെല്ലാം ഇടതടവില്ലാതെ ചോദിച്ചു കൊണ്ടിരുന്നു. പൊതുവെ ചിരിച്ചും, ചോദ്യങ്ങൾക്ക് കയ്പ് കൂടുമ്പോൾ മാത്രം അൽപം ഗൗരവത്തിലും, ചിത്ര ഉത്തരങ്ങൾ നൽകിക്കൊണ്ടുമിരുന്നു. അവസാനത്തെ ചോദ്യവും, അതിനിടയ്ക്കൊരു ചായയും കഴിഞ്ഞു നോക്കുമ്പോൾ, അര മണിക്കുറിന് ഇനിയും അഞ്ചു മിനിറ്റുകൾ അവശേഷിയ്ക്കുന്നു.
ചിത്രയോടൊരു പാട്ടു പാടാൻ ആവശ്യപ്പെട്ടാലോ? എന്നാൽ, അത് ഞാൻ അർഹിക്കാത്തൊരു ആഡംബരമാകുമോ എന്നൊരു ഉൽക്കണ്ഠയും. ഓരോ പാട്ടിനും ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന എന്റെ മുന്നിലിരിയ്ക്കുന്നയാൾ, മൂന്നു തവണ മികച്ച ആലാപനത്തിന് രാഷ്ട്രപതിയിൽനിന്ന് പുരസ്കാരം സ്വീകരിച്ച ദേശീയ ഗായിക!
ഒടുവിൽ അതുവരെ സംസാരിച്ചതു കൊണ്ടുണ്ടായ സൗഹൃദം, സ്വാതന്ത്ര്യമെടുക്കാൻ കൂട്ടുനിന്നു. ഞാൻ ചോദിച്ചു.
“ഓ… , പാടാലോ. ഏതു പാട്ടാണ് വേണ്ടത്?” ചിത്ര ആരാഞ്ഞു.
“അടുത്ത കാലത്ത് ചിത്ര പാടിയ പാട്ടുകളെല്ലാം കേട്ടു കേട്ടു ഇമ്പം കുറഞ്ഞിരിയ്ക്കുന്നു. മൂന്നാലു വർഷം മുന്നത്തെ ഒരു പാട്ടു പറയട്ടേ? ”
“പറയൂ, ഓർമ്മയുള്ള വരികൾ പാടാം…”
“നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന പടത്തിലെ, ആ ‘ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാൻ… ’ എന്ന ഗാനം വളരെ ഇഷ്ടമാണ്. കുറെ കാലമായി കേട്ടിട്ടില്ല… ”
കണ്ഠം ഒന്നു ക്ലിയർ ചെയ്ത്, ചിത്ര പാടാൻ തുടങ്ങി:
ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാൻ…
എന്നിൽ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലർ തേൻകിളീ
മഞ്ഞുവീണതറിഞ്ഞില്ലാ
വെയിൽ വന്നുപോയതറിഞ്ഞില്ലാ
പൈങ്കിളീ മലർ തേൻകിളീ
മഞ്ഞുവീണതറിഞ്ഞില്ലാ വെയിൽ വന്നുപോയതറിഞ്ഞില്ലാ
ഓമനേ നീ വരും നാളുമെണ്ണിയിരുന്നു ഞാൻ
പൈങ്കിളീ മലർ തേൻകിളീ
വന്നു നീ വന്നു നിന്നു നീയെൻ്റെ ജന്മസാഫല്യമേ
തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തംബുരു മീട്ടിയോ
ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
പൈങ്കിളീ മലർ തേൻകിളീ
എൻ്റെ ഓർമയിൽ പൂത്തുനിന്നൊരു
മഞ്ഞമന്ദാരമേ
എന്നിൽ നിന്നും പറന്നുപോയൊരു ജീവചൈതന്യമേ
ചിത്രയുടെ ആലാപനം നേരിൽ ശ്രവിച്ച ഈയുള്ളവൻ അൽപനേരം ഏതോ ലോകത്തായിരുന്നു! ജന്മത്തിൽ ഒരിയ്ക്കൽ മാത്രമെത്തുന്ന ചില അനുഭവങ്ങൾ ഇനിയൊരു ജന്മമുണ്ടെങ്കിൽ അതിലും ഓർത്തങ്ങനെ ഇരിയ്ക്കാൻ മാത്രം മാസ്മരികം! സ്വാഭാവികം, ചിത്ര പാടിയ ഒരു പാട്ടെങ്കിലും ഉറങ്ങുന്നതിനു മുന്നെ എന്നും കേൾക്കണമെന്ന് പറയുന്ന ഒട്ടനവധി സംഗീതപ്രിയരെ ഈ ലേഖകനു നേരിട്ടറിയാം.
ചിത്ര ഇന്ന് ചിന്നക്കുയിലല്ല. മകൾ നന്ദന നഷ്ടമായ വേവലാതി ഉള്ളിലൊതുക്കി, ഇപ്പോഴും നമുക്കു വേണ്ടി മധുരമായ് പാടിക്കൊണ്ടിരിയ്ക്കുന്ന അമ്മക്കുയിൽ. നാൽപതു വർഷത്തെ ആലാപന ജീവിതത്തിൽ, മുപ്പതിനായിരത്തോളം ഗാനങ്ങൾ! അവയിൽ ഇംഗ്ളീഷും, ഫ്രഞ്ചും, ലാറ്റിനും, അറബിക്കും, സിംഹളയുമെല്ലാമുണ്ട്. ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിൽ ആലപിച്ചു, മികച്ച ഗായികയ്ക്കുള്ള രാജ്യത്തെ ഏറ്റവും വലിയ പുരസ്കാരം ഏറ്റവുമധികം തവണ (ആറ്) നേടിയ വാനമ്പാടി. ആറു സംസ്ഥാന സർക്കാരുകളിൽനിന്ന് മികച്ച ഗായികയ്ക്കുള്ള അംഗീകാരം 36 തവണ നേടിയ പിന്നണി ഗായിക. പത്മഭൂഷൺ പുരസ്കാരവും കഴിഞ്ഞ വർഷം അവരെ തേടിയെത്തി. ബ്രിട്ടീഷ് പാർലമെന്റ് (The House of Com­mons) ബഹുമതി നൽകിയ ഇന്ത്യയിലെ പ്രഥമ വനിത!
കേരളത്തിൽ നിന്ന് ആദ്യമായി തെന്നിന്ത്യയിലെ മാത്രമല്ല, ദേശീയ തലത്തിൽ തന്നെ, മുൻ നിരയിലെത്തിയ പാട്ടുകാരിയാണ് ചിത്ര. ആലാപനത്തിനപ്പുറത്ത്, അവരിന്ന് നമ്മുടെ സംസ്കൃതിയുടെ ഒരു ഭാഗമായി മാറിയിരിയ്ക്കുന്നു! 

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.