24 September 2024, Tuesday
KSFE Galaxy Chits Banner 2

മോസ്കോയില്‍ ഡ്രോണ്‍ ആക്രമണം

Janayugom Webdesk
മോസ്കോ
July 30, 2023 10:51 pm

റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ ഡ്രോണ്‍ ആക്രമണം. ഇന്നലെ പുലര്‍ച്ചെയാണ് മൂന്ന് ഡ്രോണുകള്‍ മോസ്കോയിലെ കെട്ടിടത്തിന് മേല്‍ പതിച്ചത്. തലസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ഒന്ന് താല്ക്കാലികമായി അടച്ചിട്ടു. മോസ്കോയില്‍ ഈ മാസമുണ്ടാകുന്ന നാലാമത്തെയും ഈ ആഴ്ചയിലെ മൂന്നാമത്തെയും സംഭവമാണിത്.
ഡ്രോണ്‍ ആക്രമണം ഉക്രെയ്ന്റെ തീവ്രവാദശ്രമമാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. മോസ്കോ മേഖലയിലേക്ക് കടന്ന രണ്ട് ഡ്രോണുകളെ വെടിവച്ചിടുകയും രണ്ടെണ്ണം പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു. മോസ്കോ സിറ്റിയിലാണ് ഇവ തകര്‍ന്നുവീണത്. രണ്ട് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു.
ഡ്രോണ്‍ ആക്രമണത്തിന് ശേഷം നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള വ്നുകോവോ വിമാനത്താവളം താല്ക്കാലികമായി അടച്ചിട്ടു. ഒരു മണിക്കൂറിലധികം നേരം വിമാനത്താവളത്തിനകത്തേക്ക് വിമാനം പ്രവേശിക്കുന്നതും തിരിച്ച് പറക്കുന്നതും വിലക്കിയിരുന്നു.
അതേസമയം ഉക്രെയ്ൻ വിഷയത്തില്‍ സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്ലാദിമിര്‍ പുടിന്‍ സൂചന നൽകി. ഉക്രെയ്നുമായുള്ള ചർച്ചയെന്ന ആശയം തള്ളിക്കളയുന്നില്ലെന്നായിരുന്നു പുടിന്റെ പ്രതികരണം. സെന്റ് പീറ്റേഴ്സ്ബർഗിൽ നടക്കുന്ന റഷ്യ- ആഫ്രിക്ക ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പുടിൻ.
സമാധാന ചര്‍ച്ചകള്‍ നടത്തണമെന്ന ആഫ്രിക്കയുടെയും ചൈനയുടെയും ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് പുടിൻ പറഞ്ഞു. ആഫ്രിക്കൻ നേതാക്കൾ സമർപ്പിച്ച സമാധാന നിർദേശം പഠിക്കുകയാണെന്നും എന്നാൽ ചർച്ചയ്ക്ക് ഉക്രെയ്ൻ തയ്യാറാകുന്നില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുടിൻ ഉച്ചകോടിക്കിടെ പറഞ്ഞത്. ഉക്രെയ്ൻ സൈന്യം ആക്രമണം തുടരുന്നതിനിടെ വെടി നിർത്തൽ നടപ്പാക്കുക അസാധ്യമാണെന്നും പുടിൻ പറ‍ഞ്ഞിരുന്നു.
ചില ഉപാധികളുടെ അടിസ്ഥാനത്തിൽ മാത്രമേ സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാകൂ എന്നായിരുന്നു ഉക്രെയ്ന്റെയും റഷ്യയുടെയും നേരത്തെയുള്ള നിലപാട്. 1991ല്‍ നിലനിന്നിരുന്ന അതിർത്തികൾ പുനഃസ്ഥാപിക്കണം എന്നായിരുന്നു ഉക്രെയിനിന്റെ ആവശ്യം. എന്നാല്‍ റഷ്യ ഇത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഉക്രെയ്നുമായി ചര്‍ച്ചകള്‍ നടത്തണമെങ്കില്‍, കീവിന്റെ പുതിയ അതിർത്തി അംഗീകരിക്കണമെന്നാണ് റഷ്യയുടെ നിലപാട്.
അതേസമയം ഉക്രെയ്ന്‍ കൂടുതല്‍ ശക്തിനേടിയെന്നും റഷ്യയ്ക്ക് ഇനി യുദ്ധത്തിന്റെ നാളുകളാണെന്നും പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്കി പറഞ്ഞു.

eng­lish sum­ma­ry; Drone attack in Moscow

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.