22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 15, 2024
October 29, 2024
October 26, 2024
October 25, 2024
October 25, 2024
October 22, 2024
October 16, 2024
October 12, 2024
September 24, 2024
September 19, 2024

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ജനം മുന്നിട്ടിറങ്ങണം: മന്ത്രി കെ രാജൻ

സിപിഐ നേതൃത്വ പരിശീലന ക്യാമ്പുകള്‍
Janayugom Webdesk
വടക്കാഞ്ചേരി
July 31, 2023 11:22 am

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ജനങ്ങള്‍ മുന്നോട്ടു വരണമെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗവും റവന്യു മന്ത്രിയുമായ അഡ്വ. കെ രാജൻ. സിപിഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ നടന്ന സിപിഐ മേഖലാ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വർഗീയ — വംശീയ സംഘർഷങ്ങൾക്ക് ഭരണകൂടം തന്നെ സംരക്ഷണം നല്‍കി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഫലമായി കാശ്മീരിലും മണിപ്പൂരിലുമുൾപ്പെടെ എല്ലായിടത്തും കലാപങ്ങളും സംഘർഷങ്ങളും നിയന്ത്രണാതീതമായി വളർന്നിരിക്കുന്നു. അതിന്റെ ഫലമായി രാജ്യത്ത് സമാധാന ജീവിതം തകർന്നിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതേതര ജനാധിപത്യ മൂല്യങ്ങളും നിയമവാഴ്ചയും സംരക്ഷിക്കാനും രാജ്യത്തെ രക്ഷിക്കാനും വലിയ മുന്നേറ്റങ്ങൾക്ക് ജനങ്ങൾ തയ്യാറാകണമെന്ന് കെ രാജൻ ആവശ്യപ്പെട്ടു. 

കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന വർഗ്ഗീയ — ഫാസിസ്റ്റ് ശക്തികൾ രാജ്യത്തെ എല്ലാ വിധത്തിലും തകർത്തു കൊണ്ടിരിയ്ക്കുകയാണ്. ജനവിരുദ്ധ സാമ്പത്തിക നയങ്ങൾ അടിച്ചേൽപ്പിക്കന്നു. പൊതു മേഖല വിറ്റുതുലക്കുന്നു. സമ്പൂർണ്ണ സ്വകാര്യവത്ക്കരണം നടപ്പാക്കുന്നു. തൽഫലമായുണ്ടായ പണപ്പെരുപ്പം ജനജീവിതം ദുസ്സഹമാക്കി. തൊഴിലില്ലായ്മ രൂക്ഷമായി. തൊഴിൽ സുരക്ഷിതത്വം ഇല്ലാതായി. എന്നിട്ടും കൃഷിക്കാരുടെ നടുവൊടിക്കുന്ന നിയമനിർമ്മാണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര മണ്ഡലങ്ങളിലെ സിപിഐ മണ്ഡലം — ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവർ ഉൾപ്പെടുന്ന 225 പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു. 

മുതിർന്ന പാർട്ടി നേതാവ് സി എൽ സൈമൺ മാസ്റ്റർ പതാക ഉയർത്തി. വിവിധ വിഷയങ്ങളെ ആസ്പദമാക്കി സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, ജില്ല എക്സിക്യൂട്ടീവ് അംഗം ഇ എം സതീശൻ, സംസ്ഥാന കൗൺസിൽ അംഗം കെ പി സന്ദീപ് എന്നിവർ ക്ലാസ് എടുത്തു. എം ആർ സോമനാരായണൻ ക്യാമ്പ് ലീഡറും, കെ ടി ഷാജൻ ഡെപ്യൂട്ടി ലീഡറുമായി ക്യാമ്പിന് നേതൃത്വം നല്‍കി. പാർട്ടി ജില്ലാ കൗൺസിൽ അംഗങ്ങളായ അരുൺ കാളിയത്ത്, പ്രേംരാജ് ചൂണ്ടലാത്ത്, ലിനി ഷാജി, ടി പി സുനിൽ, വടക്കാഞ്ചേരി മണ്ഡലം അസി. സെക്രട്ടറി എ ആർ ചന്ദ്രൻ, ചേലക്കര മണ്ഡലം സെക്രട്ടറി ഇൻ ചാർജ്ജ് പി ശ്രീകുമാർ എന്നിവര്‍ സംസാരിച്ചു.

കയ്പമംഗലം: കൊടുങ്ങല്ലൂര്‍, കയ്പമംഗലം മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിപിഐ മേഖലാ നേതൃത്വ പരിശീലന ക്യാമ്പ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ജയദേവൻ ഉദ്ഘാടനം ചെയ്തു. വി എൻ സജീവൻ പതാക ഉയർത്തി. സംസ്ഥാന കൗൺസിൽ അംഗം കെ ജി ശിവാനന്ദൻ, ജില്ലാ ട്രഷറർ ടി കെ സുധീഷ്, എക്സിക്യൂട്ടീവ് അംഗം ടി പ്രദീപ്കുമാർ എന്നിവർ ക്ലാസുകൾ എടുത്തു. കൊടുങ്ങലൂർ മണ്ഡലം സെക്രട്ടറി സി സി വിപിൻ ചന്ദ്രൻ ലീഡറും കയ്പമംഗലം മണ്ഡലം സെക്രട്ടറി ടി പി രഘുനാഥ് ഡെപ്യൂട്ടി ലീഡറുമായി പ്രവർത്തിച്ചു. ഇ ടി ടൈസണ്‍ എംഎൽഎ, കെ എസ് ജയ, പി പി സുഭാഷ്, അഡ്വ. എ ഡി സുദർശനൻ, സുമ ശിവൻ, സി കെ രാമനാഥൻ തുടങ്ങിയവർ സംസാരിച്ചു. കൊടുങ്ങല്ലൂർ, കയ്പമംഗലം മണ്ഡലങ്ങളില ബ്രാഞ്ച് സെക്രട്ടറിമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, മണ്ഡലം കമ്മിറ്റി അംഗങ്ങൾ എന്നിവർ ക്യാമ്പില്‍ പങ്കെടുത്തു.

Eng­lish Sum­ma­ry; Peo­ple must come for­ward to pro­tect con­sti­tu­tion­al val­ues: Min­is­ter K Rajan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.