22 December 2024, Sunday
KSFE Galaxy Chits Banner 2

മുതലപ്പൊഴിയില്‍ അടിയന്തര നടപടി

സ്വന്തം ലേഖിക
തിരുവനന്തപുരം
July 31, 2023 11:46 pm

മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമായി അടിയന്തര നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. മന്ത്രിതല ഉപസമിതിയുടെ നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തിലാണ് നടപടികള്‍ തീരുമാനിച്ചത്. മന്ത്രിമാരായ സജി ചെറിയാൻ, വി ശിവൻകുട്ടി, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ അഡാനി തുറമുഖം അധികൃതരും മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളുമായി നടന്ന ചർച്ചയിലാണ് തീരുമാനം. 

മുതലപ്പൊഴിയിലെ മണലും പാറയും അടിയന്തിരമായി നീക്കംചെയ്യാൻ അഡാനി പോർട്ടിനോട്‌ ആവശ്യപ്പെട്ടതായി മന്ത്രി സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുതലപ്പൊഴി– വിഴിഞ്ഞം ഫിഷിങ്‌ ഹാർബറുകളിൽ ഡ്രഡ്‌ജിങ്‌ സമയബന്ധിതമായി നടപ്പാക്കാനുള്ള ധാരണാപത്രം അഡാനി പോർട്ട്‌ ഗ്രൂപ്പിനായിരുന്നു. എന്നാൽ അഞ്ച്‌ മീറ്റർ താഴ്‌ചയിലേക്ക്‌ ഡ്രഡ്‌ജിങ്‌ എത്തിയിരുന്നില്ല. ഇത് മത്സ്യത്തൊഴിലാളികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ന് മുതൽ കരയിൽനിന്ന്‌ പ്രവർത്തിക്കാവുന്ന ലോങ്‌ ബൂം ക്രെയിൻ ഉപയോഗിച്ച്‌ പാറ നീക്കം ചെയ്യും. മൂന്ന് ദിവത്തിനുള്ളിൽ യുദ്ധകാലാടിസ്ഥാനത്തിൽ മണൽ നീക്കം ആരംഭിക്കണം. ഡ്രഡ്‌ജർ എത്തിച്ച്‌ പൊഴിയിലെ മണൽനീക്കം ഉടൻ ആരംഭിക്കണമെന്നും അഡാനി ഗ്രൂപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച എല്ലാ നിര്‍ദേശങ്ങളും അഡാനി ഗ്രൂപ്പ് അംഗീകരിച്ചു. ഇന്നലത്തെ യോഗതീരുമാനങ്ങൾ നടപ്പാക്കാതെ വന്നാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കമ്പനി പ്രതിനിധികളെ നേരിട്ട് മന്ത്രിമാർ അറിയിച്ചു. 

തുടര്‍ച്ചയായി അപകടങ്ങൾ ഉണ്ടാകുന്നതിനാല്‍ തുറമുഖം താല്ക്കാലികമായി അടച്ചിടണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെങ്കിലും മത്സ്യത്തൊഴിലാളി സംഘടനകൾ അത് പാടില്ലെന്ന് അഭ്യർത്ഥിച്ചു. തൊഴിലാളികളുടെ ഈ ആവശ്യം സർക്കാർ അംഗീകരിച്ചതായി മന്ത്രി പറഞ്ഞു. മുതലപ്പൊഴിയിലെ മണൽ ലോറി ഉപയോഗിച്ച്‌ നീക്കുന്നതിനുള്ള (സാന്റ് ബൈപ്പാസിങ്‌) ദീർഘകാല പദ്ധതി നടപ്പാക്കുന്നതിന്‌ 11 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. മൂന്നു മാസത്തിനുള്ളിൽ പദ്ധതിക്ക്‌ ഭരണാനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു.
സുരക്ഷയുടെ ഭാഗമായി 30 ജീവനക്കാരെ മുതലപ്പൊഴിയില്‍ നിയോഗിക്കും. മൂന്ന്‌ ഷിഫ്‌റ്റ്‌ അടിസ്ഥാനത്തിൽ 10 പേര്‍ എന്ന നിലയില്‍ 24 മണിക്കൂറും ഇവരുടെ സേവനം പ്രയോജനപ്പെടുത്തും. തൊഴിലാളികൾക്ക്‌ ലൈഫ്‌ ജാക്കറ്റുകൾ വാങ്ങിനൽകുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ വി ജോയ് എംഎൽഎ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.