21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 20, 2025
April 20, 2025
April 19, 2025
April 18, 2025
April 15, 2025
April 15, 2025
April 14, 2025
April 9, 2025
April 1, 2025

അഴിമതിക്ക് കുട ചൂടാൻ ബിജെപിയുടെ തന്ത്രങ്ങൾ

പി ദേവദാസ്
August 2, 2023 4:45 am

ർഗീയതയും സാമുദായിക ധ്രുവീകരണവും പ്രലോഭനങ്ങളും മാത്രമല്ല അധികാരം നിലനിർത്തുവാനും അഴിമതി നടത്തുവാനും ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുവാനും വശത്താക്കുവാനും ബിജെപി ശ്രമിക്കുന്നതിന്റെ ഉദാഹരണങ്ങൾ വളരെയധികമാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി സുപ്രീം കോടതിയുടെ നിശിത വിമർശനം ഉണ്ടായിട്ടും നീട്ടി നൽകുന്നതിന് കുറുക്കുവഴികൾ തേടിയത് നാം കണ്ടതാണ്. ആഗോളതലത്തിൽ കള്ളപ്പണം ഒളിപ്പിക്കൽ, തീവ്രവാദത്തിനുള്ള ധനസഹായം എന്നിവ നിരീക്ഷിക്കുന്നതിനുള്ള ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്(എഫ്എടിഎഫ്) അവലോകനം നടക്കാനിരിക്കുന്നുവെന്നും ആ ഘട്ടത്തിൽ മിശ്രയുടെ സാന്നിധ്യം അനിവാര്യമാണെന്നും ബോധ്യപ്പെടുത്താൻ ശ്രമിച്ചാണ് കേന്ദ്രസർക്കാർ കാലാവധി നീട്ടി വാങ്ങിയിരിക്കുന്നത്. ഇത്തരത്തിൽ വിനീതവിധേയരായ ഉദ്യോഗസ്ഥരെ നിലനിർത്തുന്നതിനും അതേസമയം തങ്ങളുടെ നിലപാടുകൾക്ക് വിരുദ്ധമായി നിൽക്കുന്നവരെ പുകച്ചു പുറത്തു ചാടിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഉദാഹരണങ്ങൾ പലതാണ്.


ഇതുകൂടി വായിക്കൂ: എൻപിആർ എന്ന സംഘ്പരിവാര്‍ അജണ്ട


കേന്ദ്രസർക്കാരിന്റെ, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പല അവകാശവാദങ്ങളും പൊള്ളയാണെന്ന് തെളിയിക്കപ്പെടുന്നത് പുറത്തുവരുന്ന വിവിധ സർവേ റിപ്പോർട്ടുകളിലൂടെയാണ്. സർക്കാരിതര ഏജൻസികളും ആഗോള സംഘടനകളും നടത്തുന്ന സർവേ ഫലങ്ങൾ പുറത്തുവരുമ്പോൾ അവയുടെ വിശ്വാസ്യതയെക്കുറിച്ച് ചോദ്യമുന്നയിച്ചാണ് ബിജെപി നേരിടാറുള്ളത്. എന്നാൽ സർക്കാർ ഏജൻസികൾ നടത്തി പുറത്തുവിടുന്ന സർവേ റിപ്പോർട്ടുകൾ അവരെ പലപ്പോഴും പ്രതിസന്ധിയിലാക്കുന്നു. അത്തരത്തിൽ അടുത്തകാലത്ത് പുറത്തുവന്നതായിരുന്നു ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസ് (ഐഐപിഎസ്) നടത്തിയ ദേശീയ കുടുംബ ആരോഗ്യ സർവേ. എല്ലാ ഗ്രാമങ്ങളും വെളിയിട വിസർജന വിമുക്തമായിരിക്കുന്നു എന്ന കേന്ദ്ര അവകാശവാദം വസ്തുതാ വിരുദ്ധമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രസ്തുത സർവേ റിപ്പോർട്ട്. 19 ശതമാനം വീടുകളും കക്കൂസുകൾ ഉപയോഗിക്കുന്നില്ലെന്നും വെളിയിട വിസർജനം നടത്തുന്നുവെന്നും ഐഐപിഎസ് സർവേ വെളിപ്പെടുത്തിയിരുന്നു. 40 ശതമാനത്തിലധികം കുടുംബങ്ങൾ പാചകം ചെയ്യാൻ ആവശ്യമായ ഇന്ധനവും മറ്റു സൗകര്യങ്ങളും ലഭ്യമാകാത്തവരാണെന്ന് മറ്റൊരു സർവേ ഫലവും പുറത്തുവരികയുണ്ടായി. പ്രധാനമന്ത്രി ഉജ്വല യോജനയുടെ വിജയത്തിന്റെ അവകാശവാദങ്ങൾ ചോദ്യം ചെയ്യുന്നതായിരുന്നു ഈ സർവേ ഫലം.


ഇതുകൂടി വായിക്കൂ: അരക്കില്ലങ്ങള്‍ സൃഷ്ടിക്കുന്ന സംഘ്പരിവാര്‍ ഭരണം


കേന്ദ്രസർക്കാരിന്റെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് തെളിയിച്ച കുടുംബാരോഗ്യ സർവേ റിപ്പോർട്ട് തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയ ഐഐപിഎസ് ഡയറക്ടർ കെ എസ് ജെയിംസിനെ സസ്പെൻഡ് ചെയ്തുകൊണ്ടാണ് കേന്ദ്രസർക്കാർ പ്രതികാരം ചെയ്തിരിക്കുന്നത്. നിയമനത്തിലെ ക്രമക്കേട് എന്ന വിചിത്രമായ കുറ്റം ആരോപിച്ചാണ് ജെയിംസിനെ സ്ഥാനത്തുനിന്ന് നീക്കിയിരിക്കുന്നത്.
ജമ്മു കശ്മീരിൽ ഉണ്ടായിരിക്കുന്ന രണ്ട് സംഭവങ്ങൾ അഴിമതിയോട് സന്ധി ചെയ്യുന്നതിന് തയ്യാറാകാത്ത ഉദ്യോഗസ്ഥരെ എങ്ങനെയാണ് ബിജെപി നേതൃത്വം നേരിടുന്നത് എന്നതിന്റെ ഉദാഹരണങ്ങളാണ്. പാരിസ്ഥിതിക ദുർബല പ്രദേശവും അതേസമയം പ്രധാന വിനോദസഞ്ചാര കേന്ദ്രവുമായ തെക്കൻ കശ്മീരിലെ പഹൽഗാമിൽ നിർമ്മാണത്തിലിരിക്കുന്ന ആരോഗ്യ റിസോർട്ടിന്റെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുന്ന നടപടി ഉണ്ടായിരിക്കുന്നത് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ ഓഫിസിൽ നിന്നാണ്. പഹൽഗാമിന്റെ പ്രാന്തപ്രദേശമായ അത്നാഡൻ വില്ലേജിലെ നിർമ്മാണത്തിലാണ് പഹൽഗാം വികസന അതോറിട്ടി (പിഡിഎ) യിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സെയ്ത് സജാദ് ഖാദരി നിയമലംഘനം കണ്ടെത്തിയത്. ഇക്കാര്യം അദ്ദേഹം അനന്തനാഗ് ഡെപ്യൂട്ടി കമ്മിഷണറെ അറിയിക്കുകയും നിർമ്മാണ പ്രവർത്തനം പൊളിച്ചുനീക്കുന്നതിന് അനുമതി തേടുകയും ചെയ്തു. എന്നാൽ നടപടിയെടുക്കുന്നതിന് പകരം അനധികൃത നിർമ്മിതിക്ക് അനുമതി നൽകുകയാണ് ചെയ്തത്. കൂടാതെ നടപടിക്ക് ശുപാർശ ചെയ്ത ചീഫ് എക്സിക്യൂട്ടീവ് ഓഫിസറെ സ്ഥലം മാറ്റുകയും ചെയ്തു. ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തു കളഞ്ഞ കേന്ദ്ര തീരുമാനം കോർപറേറ്റുകൾക്കും റിയൽ എസ്റ്റേറ്റ് മാഫിയകൾക്കും മേഖലയിലേക്ക് കടന്നു കയറുന്നതിനാണെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഈ നടപടി.


ഇതുകൂടി വായിക്കൂ: പ്രധാനമന്ത്രിയുടെ മൗനം; നാണംകെട്ട നിസംഗത


തട്ടിക്കൊണ്ടുപോകൽ കേസിൽ ബിജെപി നേതാക്കൾ അറസ്റ്റിലായതിന് പിന്നാലെ, പറഞ്ഞാൽ അനുസരിക്കുന്നവരെ പൊലീസ് ഉദ്യോഗസ്ഥന്മാരായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ബിജെപി നേതാവ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തെഴുതിയതാണ് മറ്റൊരു ഉദാഹരണം. ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ്, കിസാൻ മോർച്ച ദേശീയ എക്സിക്യൂട്ടീവ് അംഗം എന്നിങ്ങനെ വിവിധ ചുമതലകൾ രേഖപ്പെടുത്തിയ സ്വന്തം ലെറ്റർ പാഡിലാണ് മുഹമ്മദ് മഖ്ബൂൽ വാർ എന്ന ബിജെപി നേതാവ് അമിത് ഷായ്ക്ക് കത്തെഴുതിയത്. നിയമസഭാംഗമായിരുന്ന ആഷിക് ഗനിയെയും മറ്റു രണ്ടുപേരെയും ആണ് തട്ടിക്കൊണ്ടു പോകൽ കേസിൽ അറസ്റ്റ് ചെയ്തത്. നേരത്തെ മറ്റൊരു ബിജെപി നേതാവ് ഒരു ലക്ഷം രൂപ വീടുതൽ ധനം ആവശ്യപ്പെട്ട് മറ്റൊരു കേസിൽ അറസ്റ്റിൽ ആയിരുന്നു. ബിജെപി നേതാക്കൾക്ക് നേരിട്ട് പങ്കുള്ള ഇത്തരം കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കുന്ന പൊലീസിനെതിരെയാണ് സംസ്ഥാന ബിജെപി നേതാവ് അമിത് ഷായ്ക്ക് കത്തെഴുതിയിരിക്കുന്നത്. ഈ രണ്ടു കേസുകളും ഉണ്ടായ സ്ഥലങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരായ ബാരമുള്ള എസ്എസ‌്പി അമോദ് അശോക് നാഗ്പൂർ ഐപിഎസ്, ജമ്മുകശ്മീർ പൊലീസിലെ ഉദ്യോഗസ്ഥനായ സോപ്പോർ എസ്എസ‌്പി ഷബീർ നവാബ് എന്നിവരെ സ്ഥലം മാറ്റണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കൂടെ നിർത്താനുള്ള ശ്രമങ്ങൾ ആണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരത്തിലുള്ള ബിജെപി കോർപറേറ്റ് മൂലധന ശക്തികളെ സഹായിക്കുന്നതിനുവേണ്ടിയുള്ള സമീപനങ്ങൾ സ്വീകരിക്കുന്നതോടൊപ്പം വിവിധ തട്ടുകളിൽ പ്രവർത്തിക്കുന്ന നേതാക്കൾക്കും പ്രവർത്തകർക്കും അഴിമതി നടത്തുന്നതിന് വഴിയൊരുക്കുകയും ചെയ്യുന്നു എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.