ബെയ‍്ജിങ്: ചൈനീസ് തലസ്ഥാനമായ ബെയ‍്ജിങ്ങിലും പരിസര പ്രദേശങ്ങളിലും അതിശക്തമായ മഴയും പ്രളയവും. മഴയിലും വെള്ളപ്പൊക്കത്തിലും 20 പേർ മരിച്ചു. നിരവധി പേരെ കാണാതായി. ശനിയാഴ്ച മുതൽ ബുധനാഴ്ച രാവിലെ വരെ നഗരത്തിൽ 744.8 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. 1891 ന് ശേഷമുള്ള ഏറ്റവും ഉയർന്ന മഴയാണിത്. ജൂലൈ മാസത്തിൽ ആകെ പെയ്ത മഴയുടെ ശരാശരിയ്ക്ക് തുല്യമായ മഴ കഴിഞ്ഞ 40 മണിക്കൂറിനുള്ളിൽ പെയ്തു.
ഉഷ്ണമേഖല കൊടുങ്കാറ്റ് ഡോക്‌സുരി കഴിഞ്ഞയാഴ്ച തെക്കൻ ഫുജിയാൻ പ്രവിശ്യയിൽ ആഞ്ഞടിച്ചതിന് ശേഷം വടക്കോട്ട് നീങ്ങിയതിന് പിന്നാലെയാണ് തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്തത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആയിരക്കണക്കിന് പൗരന്മാരെ ക്യാമ്പുകളിലും സ്‌കൂളുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ചില മേഖലകളിൽ ട്രെയിൻ, റോഡ് ഗതാഗതം പൂർണമായും നിലച്ച അവസ്ഥയിലാണ്. കനത്ത മഴയിൽ ബെയ‍്ജിങ്ങിലും ഹെബെയ് പ്രവിശ്യയിലും റോഡുകൾ തകരുകയും വൈദ്യുതി തടസ്സപ്പെടുകയും കുടിവെള്ള പൈപ്പുകൾ തകരുകയും ചെയ്തു. ഹെബെയ് പ്രവിശ്യയിലെ ഒരു ചെറിയ നഗരമായ ഷുവോഷൂവിലാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിയത്. പല നദികളുടെയും സംഗമ സ്ഥാനമായ ഇവിടേക്ക് മറ്റിടങ്ങളിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്നുണ്ട്.
ചൈനയുടെ കിഴക്കൻ തീരത്ത് മറ്റൊരു ചുഴലിക്കാറ്റിന് സാധ്യതയുണ്ട് എന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു.അതേസമയം നഗരത്തിലെയും സമീപ ഗ്രാമങ്ങളിലെയും വെള്ളപ്പൊക്കത്തിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നതിന് വ്യക്തമായ വിവരങ്ങളില്ല. വിവിധയിടങ്ങിളിൽ ഒറ്റപ്പെട്ടവർക്കായി ഭക്ഷണമെത്തിക്കാനായി എയർഡ്രോപ് റെസ്‌ക്യൂ മിഷൻ സജ്ജമാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാനും, നാശനഷ്ടങ്ങൾ കുറയ്ക്കാൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പ്രാദേശിക സർക്കാരുകളോട് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉത്തരവിട്ടിട്ടുണ്ട്.
കൊടുങ്കാറ്റിനെ തുടർന്ന് കടുത്ത നാശ നഷ്ടങ്ങൾ ഉണ്ടായതിന് പിന്നാലെ തെക്കുപടിഞ്ഞാറുള്ള നഗരമായ ഷുവോസൗവിലേക്ക് അടിയന്തരമായി ആയിരകണക്കിന് ഉദ്യോഗസ്ഥരെ പ്രാദേശിക അധികൃതർ വിന്യസിച്ചിരുന്നു. ചൈനയിൽ ഇത്തവണ റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്. വരാനിരിക്കുന്ന തീവ്രമായ കാലാവസ്ഥ പ്രതിസന്ധിയെക്കുറിച്ച് വിദഗ്ദർ നേരത്തെ തന്നെ ചൈനക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
English summary; Flood: 20 dead in China
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.