23 December 2024, Monday
KSFE Galaxy Chits Banner 2

ശ്രീപദ്മനാഭന്‍ എന്ന മൈനര്‍ പയ്യന്‍!

ദേവിക
വാതിൽപ്പഴുതിലൂടെ
August 7, 2023 4:30 am

അനന്തപുരിനാഥനും തിരുവിതാംകൂര്‍ മഹാരാജ്യത്തിന്റെ ഉടയോരുമായ ശ്രീപദ്മനാഭസ്വാമിയുടെ ആസ്ഥാനമായ ക്ഷേത്രത്തിനു മുകളിലൂടെ പലതവണ ഹെലികോപ്റ്റര്‍ പറത്തിയതിന് പൊലീസ് കേസെടുത്തിരിക്കുന്നു. ക്ഷേത്രത്തിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയുണ്ടാക്കിയതിനും മൈനറായ ശ്രീപദ്മനാഭന്‍ കുട്ടിയെ വിമാനം തലയ്ക്കുമീതെ പറത്തി പേടിപ്പിച്ചതിനുമാണ് കേസ്. മൈനറായ ദൈവത്തിന്റെ ഇരിപ്പിടത്തിനു മുകളിലൂടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും ആളില്ലാ കളിവിമാനങ്ങളായ ഡ്രോണുകളും പറത്തുന്നതിനും നിരോധനമേര്‍പ്പെടുത്തി ഉത്തരവിറക്കുകയും ചെയ്തു! ഇതെന്തുമറിമായം ഭഗവാനേ. സര്‍വശക്തനായ ശ്രീപദ്മനാഭസ്വാമി വെറുമൊരു മൈനര്‍ പയ്യനോ. ശ്രീപദ്മനാഭന്‍ മാത്രമല്ല കോടാനുകോടി ദേവീദേവന്മാരും മൈനര്‍മാരായ ഇന്ത്യന്‍ പൗരത്വമുള്ളവര്‍. 1855ലെ ഇന്ത്യന്‍ പൗരത്വനിയമ പ്രകാരം ഭാരതീയ ദൈവപരമ്പരകള്‍ നിയമപരമായി വ്യക്തിത്വങ്ങളും മൈനറുകളുമാണ്. ഭരണഘടന ഹിന്ദുമൂര്‍ത്തികളെ ഇന്ത്യന്‍ പൗരന്മാരായാണ് വിവക്ഷിക്കുന്നതെന്ന് 1887ല്‍ ദാക്കോര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിലാണ് ആദ്യമായി വിധി പറയുന്നത്.
അവിടെയും കാര്യങ്ങള്‍ തീരുന്നില്ല. 1921ലെ വിദ്യാ വാരുതി തീര്‍ത്ഥ Vs ബാലുസ്വാമി അയ്യര്‍ കേസില്‍ മൈനറായ ഹിന്ദുമൂര്‍ത്തികള്‍ക്ക് സംഭാവനകള്‍ സ്വീകരിക്കാനും സമ്മാനങ്ങള്‍ കൈവശം വയ്ക്കാനും അവ ചെലവഴിക്കാനും അധികാരമുണ്ടെന്നാണ് വിധി.

 


ഇതുകൂടി വായിക്കൂ; കൈകേയി എന്ന വെറുക്കപ്പെട്ട അമ്മ


മൈനര്‍ ദൈവങ്ങള്‍ക്കുവേണ്ടി അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍‍ കേസുനടത്തിപ്പിന് പൂജാരിക്കും തന്ത്രിക്കും ദേവസ്വം ബോര്‍ഡിനും മുക്ത്യാര്‍ നല്‍കുകയും ചെയ്യാം. ഇതനുസരിച്ച് കേസ് തോറ്റാല്‍ ദൈവം തോറ്റു! സംസ്ഥാനങ്ങളുടെ സംയോജന കാലത്ത് തിരുവിതാംകൂറിനെ ലയനത്തിനു വിട്ടുകൊടുത്തത് ശ്രീപദ്മനാഭനായിരുന്നു. കാരണം രാജ്യത്തിന്റെ ഉടമ ദൈവവും നാടുവാണിരുന്ന രാജാക്കന്മാര്‍ ശ്രീപദ്മനാഭദാസന്മാരുമായിരുന്നു. ഹിന്ദുമൂര്‍ത്തികള്‍ നമ്മെപ്പോലെ സര്‍ക്കാരിന് കരവും നല്‍കണം. കരമടയ്ക്കാന്‍ പോകുന്ന വഴിക്ക് മൈനറില്‍ നിന്ന് ആരെങ്കിലും പണം തട്ടിപ്പറിച്ചാലോ എന്ന് ഭയന്ന് ദേവസ്വം ഭരണാധികാരികളായ മേജര്‍ ഉദ്യോഗസ്ഥരാണ് കരമടയ്ക്കേണ്ടതെന്നും വ്യവസ്ഥയുണ്ട്. 1934ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ബദരീനാഥിലെ മൂര്‍ത്തി അലഹബാദിലെ റാണിയില്‍ നിന്നും 54,000 രൂപയ്ക്ക് വിലയ്ക്കു വാങ്ങിയതാണ് ക്ഷേത്രം. ക്ഷേത്രം വിട്ടുകൊടുക്കാതെ വന്നപ്പോള്‍ ബദരീനാഥ് മഹാദേവന്‍ എന്ന മൈനര്‍ കേസുകൊടുത്താണ് നഷ്ടപരിഹാരം വാങ്ങിയത്. ഭഗവാനെ അഷ്ടബന്ധമിട്ട് ഉറപ്പിച്ചതിനാല്‍ അനങ്ങാന്‍ വയ്യാത്തതിനാലും മൈനറായിരുന്നതിനാലും പൂജാരിയെക്കൊണ്ടാണ് കേസ് കൊടുപ്പിച്ചത്. അതായത് ഹിന്ദുവിഗ്രഹങ്ങള്‍ക്കെല്ലാം ഭരണഘടനാപരമായ നിയമപരിരക്ഷയുള്ളതുകൊണ്ടാണ് ഈ കേസും പുക്കാറുമൊക്കെ! പക്ഷേ ഈ നിയമപരിരക്ഷ ക്രിസ്തുവിനും അള്ളാഹുവിനുമില്ലതാനും. പിന്നെന്ത് മതേതര ഭരണഘടന! നാമൊക്കെ പഠിച്ചുവച്ചിരിക്കുന്നതും എഴുതിപ്പിടിപ്പിച്ചിരിക്കുന്നതും മതേതര ഭാരതമെന്നാണ്. പക്ഷേ ഭരണഘടനാ വ്യാഖ്യാനത്തില്‍ മൈനര്‍ ദൈവങ്ങള്‍ നാടുവാഴുന്നകാലവും. അതുകൊണ്ടാണല്ലോ മൈനറുകള്‍ മിത്തല്ലെന്ന് ചിലര്‍ വാദിക്കുന്നത്!


ഇതുകൂടി വായിക്കൂ; സംവരണതത്വങ്ങള്‍ അട്ടിമറിക്കുന്ന ജാതിവിവേചനവും അവഗണനയും


 

 

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയും ഭാര്യ സോഫിയും വേര്‍പിരിഞ്ഞു. വിവാഹമോചിതരാകാനുള്ള തീരുമാനം ഇരുവരും ചേര്‍ന്ന് വാര്‍ത്താക്കുറിപ്പിറക്കിയാണ് മാലോകരെ അറിയിച്ചത്. 18 വര്‍ഷത്തെ ദാമ്പത്യത്തിനിടെ അവര്‍ക്ക് ഒമ്പത് മുതല്‍ 15 വയസുവരെ പ്രായമുള്ള മൂന്നു മക്കളുമുണ്ട്. പരസ്പര ബഹുമാനമുള്ള, സ്നേഹമുള്ള കുടുംബങ്ങളായി തുടരും. മക്കളുടെ ശോഭനമായ ഭാവിക്കുവേണ്ടി ഒന്നിച്ചു നീങ്ങും എന്നിങ്ങനെയുള്ള കാര്യങ്ങളും വാര്‍ത്താക്കുറിപ്പിലുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ വിവാഹമോചനം സാധാരണസംഗതി. എന്നാല്‍ ഇവിടെ‍ അങ്ങനെയല്ല. മിക്കവരും ഏകപത്നീവ്രതക്കാര്‍, മരിച്ചേ വേര്‍പിരിയൂ, പക്ഷേ, നമുക്ക് ഒരു പ്രധാനമന്ത്രിയുണ്ട്; മോഡിജി. അദ്ദേഹവും കല്യാണം കഴിച്ചു. ഒരു പ്രൈമറി സ്കൂള്‍ അധ്യാപികയായ യശോദാബെന്നിനെ. വിവാഹപ്പിറ്റേന്ന് ഇരുവരും മധുവിധുവിനിറങ്ങി. തെരുവിലെ ഒരു കമ്പിത്തൂണിനരികില്‍ ഭാര്യയെ ചാരിനിര്‍ത്തിയിട്ട് മോഡി പറഞ്ഞു ‘നീയിവിടെ ചാരിനിന്നോ, ഞാനൊരു ചായകുടിച്ചിട്ടുവരാം’. അന്നു മുങ്ങിയതാണ് മോഡി. നവോഢയായ യശോദ വര്‍ഷങ്ങളായി തൂണും ചാരിനില്പാണ്. ആ പാവം വിധവാ പെന്‍ഷന് നല്‍കിയ അപേക്ഷയും നിരസിക്കപ്പെട്ടു. അതോടെ യശോദാബെന്നിന് ഒരു സംശയം താന്‍ വിവാഹിതയായില്ലേ! പ്രധാനമന്ത്രിയുടെ പത്നിയെന്ന പേരിലുള്ള പ്രോട്ടോക്കോളോ ഉപേക്ഷിക്കപ്പെട്ട ഭാര്യക്കുള്ള ജീവനാംശമോ ഒന്നും വേണ്ട. താന്‍ വിവാഹിതയാണോ, തന്റെ ഭര്‍ത്താവ് മോഡിയാണോ എന്നറിയാന്‍ വിവരാവകാശ കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കി എട്ടുവര്‍ഷമായി അനന്തമായി കാത്തിരിക്കുകയാണ് സാധു യശോദാബെന്‍. മോഡിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചെലവിനു ചോദിക്കാന്‍ പറ്റുമോ. ‘ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി’ എന്ന പ്രമാണം എഴുതിവച്ചിരിക്കുകയല്ലേ!

ഇനി കഞ്ചാവ് ബിസിനസും സര്‍ക്കാര്‍ കുത്തകയില്‍. ഭൂമിയിലെ സ്വര്‍ഗമായ കശ്മീരിനെ ഒരു കഞ്ചാവു തോട്ടമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ തുടങ്ങിക്കഴിഞ്ഞു. കേന്ദ്ര ശാസ്ത്ര–വ്യവസായ ഗവേഷണ കൗണ്‍സിലിന്റെ കീഴില്‍ കഞ്ചാവില്‍ നിന്ന് ഔഷധം ഉല്പാദിപ്പിക്കാനുള്ള തോട്ടങ്ങള്‍ കനേഡിയന്‍ സ്ഥാപനമായ ഇന്‍ഡസ്കാനുമായി ചേര്‍ന്ന് ആരംഭിക്കാനാണ് പദ്ധതി. കഞ്ചാവില്‍ നിന്ന് വിവിധ നാഡീരോഗങ്ങള്‍ക്കും പ്രമേഹത്തിനും അര്‍ബുദത്തിനുമുള്ള മരുന്ന് ഉല്പാദിപ്പിക്കുമത്രേ. പാവപ്പെട്ടവര്‍ അരിവാങ്ങാന്‍ അഞ്ചോ പത്തോ കഞ്ചാവു ചെടികള്‍ നട്ടുവളര്‍ത്തിയാല്‍ ഓടിച്ചിട്ടുപിടിക്കുന്ന പൊലീസ്, ഇപ്രകാരം പിടിച്ചെടുത്ത ആയിരക്കണക്കിന് ടണ്‍ കഞ്ചാവ് അമിത് ഷായുടെ കാര്‍മ്മികത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം കത്തിച്ചുകളഞ്ഞത്. എന്തായാലും വ്യാപക സ്വകാര്യവല്‍ക്കരണത്തിനിടെ കഞ്ചാവ് ദേശവല്‍ക്കരണം എന്ന് മേനിപറയാം! ഈയിടെ പ്രസിദ്ധീകരിച്ച ജയിലുകളിലെ ഭക്ഷണവിവര പട്ടിക വായിച്ചവര്‍ പാഷാണം വര്‍ക്കിയെപ്പോലെ കൊതിച്ചുപോയിട്ടുണ്ടാകും, കര്‍ത്താവ് എന്നെയും ജയില്‍പ്പുള്ളിയാക്കേണമേ എന്ന്. മട്ടന്‍കറി, ചിക്കന്‍ഫ്രൈ, ചപ്പാത്തി, കടലക്കറി, തൈര്, കപ്പപ്പുഴുക്കും മീന്‍കറിയും, തോരന്‍, അവിയല്‍, തൈര്, പുളിശേരി, ഇഡ്ഡലി, ദോശ എന്നിങ്ങനെ നാവൂറുന്ന വിഭവങ്ങള്‍. ഗോതമ്പുണ്ടയുടെയും ചക്കപ്പുഴുക്കിന്റെയും മെനു എന്നേ ഓര്‍മ്മത്താളുകളിലായി. ജയില്‍ ചപ്പാത്തിയും ചിക്കനും വിളമ്പി ക്രിമിനലുകളെ തടിവയ്പിക്കുന്ന മധുരമനോജ്ഞ സംവിധാനം. ഇത് വായിച്ചശേഷം ജയിലില്‍ പോകുന്നതിന് മുമ്പുള്ളതും, ജയിലില്‍നിന്ന് ഭക്ഷണം കഴിച്ചുചീര്‍ത്തതുമായ തടവുപുള്ളികളുടെ ചിത്രങ്ങള്‍ക്കുവേണ്ടി പരതി. കിട്ടിയത് രണ്ടു കൈകളുമില്ലാത്ത അകൃശഗാത്രനായ, പട്ടിണിക്കോലം പോലെ തോന്നിക്കുന്ന ഗോവിന്ദച്ചാമിയുടേത്. കണ്ണൂര്‍ ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമി. സൗമ്യ എന്ന പാവം കുട്ടിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് ബലാത്സംഗം ചെയ്തശേഷം കൊന്നെറിഞ്ഞ ഗോവിന്ദച്ചാമി. ഏതാനും വര്‍ഷത്തെ ജയില്‍ ജീവിതത്തിനുശേഷം ജയില്‍ ഭക്ഷണം കഴിച്ചു തടിച്ച പ്രതി ഇപ്പോള്‍ സിനിമാ നടനെപ്പോലെ അതിസുന്ദരന്‍. കര്‍ത്താവേ ഞാനും ജയില്‍പ്പുള്ളിയാകണേ എന്ന് ആരാണ് കൊതിച്ചുപോകാത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.