5 May 2024, Sunday

സംവരണതത്വങ്ങള്‍ അട്ടിമറിക്കുന്ന ജാതിവിവേചനവും അവഗണനയും

Janayugom Webdesk
August 3, 2023 5:00 am

പട്ടികജാതി, പട്ടികവർഗ ക്ഷേമകാര്യങ്ങൾക്കായുള്ള കമ്മിറ്റി ചൊവ്വാഴ്ച പാർലമെന്റിന്റെ മേശപ്പുറത്തുവച്ച റിപ്പോർട്ട് ഈ ജനവിഭാഗങ്ങൾക്ക് വിവിധതലത്തിൽ ഭരണഘടന നിഷ്കർഷിക്കുന്ന തോതിലുള്ള നിയമനങ്ങൾ നടത്തുന്നതിൽ കേന്ദ്രസര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തുന്നതായി ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മൂന്നുതവണകളായി അഹമ്മദാബാദ് വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധികരിക്കുന്ന ബിജെപിയുടെ കിരിത് പ്രേംജിഭായ് സോളാങ്കി അധ്യക്ഷനായുള്ള മുപ്പതംഗ കമ്മിറ്റിയാണ് ‘പതിവ് മറുപടി സ്വീകാര്യമല്ല’ എന്ന മുന്നറിയിപ്പോടെ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. ഭരണഘടന, പട്ടികജാതി-പട്ടികവര്‍ഗങ്ങൾക്ക് യഥാക്രമം അനുവദിച്ചിട്ടുള്ള 15, ഏഴര ശതമാനം വീതമുള്ള സംവരണത്തിന്റെ വളരെ താഴ്ന്ന പങ്കിൽ മാത്രമാണ് നിയമനം നടക്കുന്നതെന്ന് കണക്കുകൾ നിരത്തി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിയമനങ്ങളിലെ ഈ അസന്തുലിതാവസ്ഥ പരിഹരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ആ ദിശയിൽ സ്വീകരിച്ച നടപടി എന്തെന്നത് സംബന്ധിച്ച റിപ്പോർട്ട് മൂന്ന് മാസത്തിനുള്ളിൽ നൽകണമെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആന്റ് ട്രെയിനിങ്ങിനോട് റിപ്പോർട്ട് ആവശ്യപ്പെടുന്നു. കമ്മിറ്റിയുടെ ഈ റിപ്പോർട്ടിന് ഏറെ പുതുമയൊന്നും അവകാശപ്പെടാനില്ല. സമാനമായ റിപ്പോർട്ടുകൾ നരേന്ദ്രമോഡി ഭരണത്തിന്റെ കഴിഞ്ഞ ഒമ്പത് വർഷക്കാലത്തിനിടയിൽ പലതവണ സമർപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഫലപ്രദമായ എന്തെങ്കിലും നടപടിക്ക് സർക്കാർ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക സമുദായങ്ങൾക്കായുള്ള സംവരണതത്വങ്ങൾ പാലിക്കപ്പെടുന്നില്ല എന്നുമാത്രമല്ല അവ അട്ടിമറിക്കാൻ സവർണ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും കൈകോർക്കുകയാണ് നിരന്തരം ചെയ്തുവരുന്നതെന്ന് പാർലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിക്കപ്പെട്ടിട്ടുള്ള സർക്കാരിന്റെ മറുപടികൾ വ്യക്തമാക്കുന്നു.

കേന്ദ്ര സർക്കാരിൽ പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് അനുവദനീയമായ 90 അഡീഷണൽ സെക്രട്ടറി തസ്തികകളിൽ ഇപ്പോൾ നിയമനം നടന്നിട്ടുള്ളത് കേവലം 12ഉം ജോയിന്റ് സെക്രട്ടറിമാരിൽ 242ൽ 25ഉം മാത്രമാണ്. ഡെപ്യൂട്ടി സെക്രട്ടറി, ഡയറക്ടർ തലത്തിൽ ഈ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള 509 തസ്തികകളിൽ കേവലം 79 നിയമനങ്ങൾ മാത്രമാണ് നടത്തിയിട്ടുള്ളത്. യോഗ്യരായ സ്ഥാനാർത്ഥികളെ ഈ വിഭാഗങ്ങളിൽനിന്നും ലഭ്യമല്ലെന്ന പതിവ് ന്യായീകരമാണ് ബന്ധപ്പെട്ടവർ നിരത്തുന്നത്. ഇത് അവിശ്വസനീയവും യാഥാർത്ഥ്യങ്ങൾക്ക് നിരക്കുന്നതുമല്ല. ഉന്നത യോഗ്യതയും മികവുമുള്ള ധാരാളം ഉദ്യോ ഗാര്‍ത്ഥികള്‍ ഈ വിഭാഗങ്ങളിൽനിന്നും ലഭ്യമാണെന്നിരിക്കെ ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ വേരോട്ടമുള്ള ജാതിവിവേചനമാണ് ഈ വിഭാഗങ്ങളെ ഉയർന്ന പദവികളിൽനിന്നും അകറ്റിനിർത്തുന്നത്. അത്, സമൂഹത്തിലെ ഗണ്യമായ ജനവിഭാഗങ്ങളെ തീരുമാനം കൈക്കൊള്ളുക എന്ന സുപ്രധാനമായ പ്രക്രിയയിൽനിന്നും അകറ്റിനിർത്തുന്നു. കേന്ദ്ര സർക്കാരിന്റെ താഴേത്തലങ്ങളിലുള്ള തസ്തികകളിലും സമാനമായ വിവേചനവും അവഗണനയുമാണ് പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് നേരിടേണ്ടിവരുന്നത്. വിവിധ കേന്ദ്രമന്ത്രാലയങ്ങളിൽ 2020ൽ ഒഴിവുണ്ടായിരുന്ന 78,923 എസ്‌സി, എസ്‌ടി, ഒബിസി സംവരണ തസ്തികകളിൽ 42,066 തസ്തികകളിലേക്കും നിയമനം നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്രസിങ് 2021 മാർച്ചിൽ പാർലമെന്റിൽ ഒരു മറുപടിയിൽ അറിയിക്കുകയുണ്ടായി. അന്ന് റെയിൽവേ മന്ത്രാലയത്തിൽ മാത്രം മേല്പറഞ്ഞ മൂന്നു വിഭാഗങ്ങളുടേതുമായി ഒഴിഞ്ഞുകിടന്ന തസ്തികകൾ 17,769 ആയിരുന്നു.


ഇതുകൂടി വായിക്കൂ: ഏകീകൃത സിവിൽകോഡ് മോഡിയുടെ ക്ഷുദ്രബുദ്ധി


ഇപ്പോൾ അതിന്റെ എണ്ണം എത്രകണ്ട് ഉയർന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളു. ഉയർന്ന പദവികളിൽ മാത്രമല്ല ഏറ്റവും താഴേത്തലത്തിലുള്ള തസ്തികകളിൽപോലും നിയമനം നടത്താതെ കടുത്ത ജാതിവിവേചനവും അവഗണനയുമാണ് സംവരണ വിഭാഗങ്ങൾ നേരിടുന്നത്. തൊഴിൽ നിയമനത്തിൽ മാത്രമായി ഈ വിവേചനവും അവഗണനയും അവസാനിക്കുന്നില്ല. ഉന്നതവിദ്യാഭ്യാസ രംഗത്തുനിന്നുതന്നെ അത് ആരംഭിക്കുന്നു. മികവുറ്റ വിദ്യാഭ്യാസം നിഷേധിച്ചാൽ മാത്രമേ ഭരണത്തിന്റെ ഉന്നതതലങ്ങൾ സംവരണ വിഭാഗങ്ങൾക്ക് അപ്രാപ്യമാക്കാനാവു എന്ന് സവർണമേധാവിത്തം സ്വാഭാവികമായും കണക്കുകൂട്ടുന്നു. വിദ്യാഭ്യാസം, മഹിള, യുവാക്കൾ, കായികം എന്നിവയ്ക്കായുള്ള പാർലമെന്റിന്റെ സ്ഥിരംസമിതിയുടെ ഇക്കൊല്ലം മാർച്ചിലെ റിപ്പോർട്ടിൽ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംവരണ വിഭാഗങ്ങൾക്കായി മാറ്റിവച്ചിട്ടുള്ള 27,693 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായി പറയുന്നു. ഐഐടി, ഐഐഎം തുടങ്ങിയവയിൽ ആണ് ഇവ എന്നത് അവഗണനയുടെയും വിവേചനത്തിന്റെയും ആഴമാണ് തുറന്നുകാട്ടുന്നത്. അത്തരം സ്ഥാപനങ്ങളിൽ ചേരാന്‍ സംവരണ വിഭാഗങ്ങളിൽനിന്നുള്ള കുട്ടികൾ ഭയപ്പെടുന്നു. മോഡിഭരണത്തിൽ ഈ വിഭാഗം വിദ്യാർത്ഥികൾ വേട്ടയാടപ്പെടുകയും ആത്മഹത്യയിലേക്ക് തള്ളിവിടപ്പെടുകയും ചെയ്യുന്ന വാർത്തകൾ അവിടങ്ങളിലെ ജാതിവിവേചനത്തിന്റെയും വേട്ടകളുടെയും കഥകളാണ് പുറത്തുകൊണ്ടുവരുന്നത്. ഈ പശ്ചാത്തലത്തിൽവേണം പുതിയ റിപ്പോർട്ട് വിലയിരുത്തപ്പെടാനും പരിഹാരമാർഗങ്ങൾ ആരായാനും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.