22 December 2024, Sunday
KSFE Galaxy Chits Banner 2

ക്ഷത്രിയർ ആയുധം ധരിക്കേണ്ടത് എന്തിന്?

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ തത്വമനനം 22
August 7, 2023 6:00 am

ശ്രീരാമൻ ക്ഷത്രിയ വംശജനാണ്. അതുകൊണ്ടുതന്നെ കയ്യിൽ ആയുധം ധരിച്ചവനുമാണ്. അതിനാലാണ് ശ്രീരാമനെ കോദണ്ഡപാണി എന്നു വിളിക്കുന്നത്. പക്ഷേ സദാരാമം ജപിച്ചിരുന്നവനെങ്കിലും കോദണ്ഡപാണിയായ രാമനെ അഹിംസാവാദിയായ ഗാന്ധിജി അംഗീകരിച്ചിരുന്നില്ല. ഗാന്ധിജി അംഗീകരിച്ചാലും ഇല്ലെങ്കിലും വാല്മീകിയുടെ നരോത്തമനായ രാമൻ സായുധമാനവനായിരുന്നു അഥവാ ക്ഷത്രിയനായിരുന്നു. ജീവിതം സായുധമാണ്. തൊഴിലാളിയും കർഷകനും പട്ടാളക്കാരനും പത്രപ്രവർത്തകനും ഡോക്ടറും വക്കീലും എല്ലാം അവരവരുടേതായ പണിയായുധങ്ങളോടെ ജീവിക്കുന്നവരാണ്. അതിനാൽ മാനവജീവിതം സായുധ സംഭവമാണെന്നു നിസംശയം പറയാം. മാനവപുരോഗതിയുടെ വിവിധ ദശകൾ അളക്കാനുള്ള ഒരു മാനദണ്ഡം മാനവരുടെ പക്കലുള്ള ആയുധങ്ങളുടെ ഗുണനിലവാരമാണെന്നുള്ളതും പരിഗണിക്കണം. എങ്കിലും ക്ഷത്രിയർ അഥവാ ഭരണകർത്താക്കൾ എന്തിന് ആയുധം ധരിക്കണം എന്ന ചോദ്യം സീത ശ്രീരാമനോട് ഉന്നയിക്കുന്നുണ്ട്. അതിനു രാമൻ പറയുന്ന മറുപടിയിൽ സായുധ സമരത്തിന്റെ ശ്രേഷ്ഠതത്വം നിഗൂഹിതമായിരിക്കുന്നു. ‘ക്ഷത്രിയൈഃ ധാര്യതേ ചാപോ ന ആർത്ത ശബ്ദോ ഭവേദ് ഇതി’ എന്നാണ് രാമവാക്യം(ആരണ്യകാണ്ഡം; സർഗം10; ശ്ലോകം3).


ഇതുകൂടി വായിക്കൂ: അഹല്യയും സീതയും രാമായണത്തിലെ പാതിവ്രത്യ പരീക്ഷകളും


‘ക്ഷത്രിയർ ആയുധം ധരിക്കുന്നത് ദുഃഖിച്ചു കരയുന്നവർ ഉണ്ടാവരുത് എന്നതിനാണ്’ എന്നർത്ഥം. ബലമുള്ളവരുടെ അക്രമങ്ങളാൽ ബലം ഇല്ലാത്തവരും(ദുർബലരും) ബലം പ്രയോഗിക്കാൻ താല്പര്യം ഇല്ലാത്തവരും (സാധുക്കളും) കരഞ്ഞുനിലവിളിക്കുന്ന നില സംഭവിക്കാതിരിക്കാനാണ് ക്ഷത്രിയർ ആയുധം ധരിക്കുന്നതെന്നു ചുരുക്കം. ബലാത്സംഗങ്ങളാൽ ദുർബലരുടെ ദീനരോദനം ഉണ്ടാവാത്ത നില ഉറപ്പുവരുത്തുംവിധം ബലപ്രയോഗങ്ങളെ അമർച്ച ചെയ്യാനാണ് ക്ഷത്രിയർ ആയുധം ധരിക്കേണ്ടത് എന്ന് ധ്വനി. ആയുധം ധരിച്ച ഭരണകൂടം നീതിപൂര്‍ണമാകുന്നത് അത് ദുർബലരെ ആക്രമിക്കുന്ന ബലശാലികളെ നിഷ്കരുണം അമർച്ചചെയ്യുമ്പോൾ മാത്രമാണ്. ആയുധമെടുക്കാത്ത ഗാന്ധിജിമാരെ ആയുധമെടുത്ത് അരുംകൊല ചെയ്യാൻ വരുന്ന ഗോഡ്സെമാരെ തടയാനും തകർക്കാനുമാണ് ഭരണകൂടം ആയുധം ധരിക്കേണ്ടത് എന്നർത്ഥം. ഇങ്ങനെ ആയുധപാണിയാകുന്ന ഭരണകൂടം നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നെങ്കിൽ, ഗുജറാത്തും മണിപ്പൂരും ഹരിയാനയുമൊന്നും പാവങ്ങളുടെ പ്രാണവേദനയാൽ ആളിപ്പുകഞ്ഞെരിയിക്കാൻ ഒരു ക്ഷുദ്രശക്തിയെയും അനുവദിക്കില്ലായിരുന്നു. ചരിത്രത്തിൽ ഭൂരിഭാഗം സന്ദർഭങ്ങളിലും ഭരണകൂടം(ക്ഷത്രിയർ) ആയുധമേന്തിയത് മർദകർക്ക് ഒത്താശ ചെയ്യാനാണ്. എന്നാൽ രാമൻ ആയുധം ധരിച്ചത്, ശംബൂകന്റെ വധം എന്ന വിവാദ സംഭവത്തിലൊഴികെ മറ്റെല്ലായ്പോഴും, പ്രബലരുടെ അതിക്രമങ്ങളാൽ ദുർബലർ ദുഃഖിക്കുന്ന നില തടയുന്നതിനായിരുന്നു. വിരാധൻ മുതൽ രാവണൻ വരെയുളള രാക്ഷസ ശക്തികളുടെ അതിക്രമങ്ങളിൽ നിന്നു സാധുജനങ്ങളെ രക്ഷിക്കാൻ ആയുധമെടുത്ത രാമൻ, ഗാന്ധിജിയെ കൊല്ലുന്ന ഗോഡ്സെമാർ ഇല്ലാത്ത ഇന്ത്യയുണ്ടാവാൻ നമ്മളിലും ഉണരേണ്ടതുണ്ട്.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.