കർക്കടകം പകുതിയായിട്ടും മഴയില്ല, കാലവർഷം പകുതി പിന്നിട്ടുകഴിഞ്ഞപ്പോൾ കേരളത്തിൽ കേരളത്തിൽ 35% മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഏതാനും വർഷങ്ങളായി ജൂണിൽ മഴ കുറയുന്ന പ്രവണതയാണെങ്കിൽ ജൂലൈ പകുതിക്കുശേഷം ശക്തിപ്പെടാറുണ്ടായിരുന്നു. എന്നാൽ, ഇത്തവണ ജൂലൈ ആദ്യവാരം ഏതാനും ദിവസം പെയ്തതൊഴിച്ചാൽ ശക്തമായ മഴയുണ്ടായില്ല.
എല്ലാ ജില്ലകളിലും സാധാരണ ഉള്ളതിനേക്കാൾ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി കനത്ത ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. സമീപ വർഷങ്ങളിലെ ഏറ്റവും മഴ കുറഞ്ഞ ജൂലൈ മാസമാണ് കടന്നുപോയത്. ജൂണിലും സമാന സാഹചര്യമായിരുന്നു. ഓഗസ്റ്റിലും സെപ്റ്റംബറിലുമായി ശക്തമായ മഴ പെയ്തില്ലെങ്കിൽ വേനൽക്കാലം ദുഷ്കരമാകാൻ സാധ്യതയെന്നാണ് വിലയിരുത്തൽ.
മുൻവർഷങ്ങളിൽ ഓഗസ്റ്റിൽ കനത്ത മഴ പെയ്തിരുന്നു. ഉരുൾപൊട്ടൽ അടക്കമുള്ള ദുരന്തങ്ങളിലേക്കും ഇത് നയിച്ചിരുന്നു. എന്നാൽ ഇതുവരെ ശക്തമായ മഴ തെക്കൻ കേരളത്തിൽ പെയ്തിട്ടില്ല. ഓഗസ്റ്റിലും സെപ്റ്റംബറിലും നിലവിലെ സാഹചര്യത്തിൽ ശക്തമായ മഴക്കുള്ള സാധ്യതയില്ലെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ആശങ്ക വർധിപ്പിക്കുന്നു. മഴ കുറഞ്ഞതോടെ ജൂലൈ ആദ്യവാരം നിറഞ്ഞു കവിഞ്ഞൊഴുകിയ പുഴകളെല്ലാം ദുർബലമായി. ചൂട് ഇനിയും വർധിച്ചാൽ കാർഷികവിളകളെ ബാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
മഴ മാറിയതിന് പിന്നാലെ പകൽച്ചൂടും വർധിച്ചു. മൺസൂണിന്റെ ആരംഭത്തിലുണ്ടായ ബിപർജോയ് ചുഴലിക്കാറ്റാണ് കാലവർഷം കുറയാൻ പ്രധാന കാരണം. മധ്യ ഇന്ത്യൻ മഹാസമുദ്രത്തിൽ താപനില കൂടുന്നതും മഴയ്ക്ക് അനുകൂല കാലാവസ്ഥ രൂപപ്പെടാൻ തടസ്സമാകുന്നു. ഇനി മൺസൂൺ ശക്തി പ്രാപിക്കണമെങ്കിൽ ബംഗാൾ ഉൾക്കടലിലോ അറബിക്കടലിലോ തീരത്തോടു ചേർന്ന് ന്യൂനമർദം രൂപപ്പെടണം. മുൻ വർഷങ്ങളിൽ ഇത്തരം ന്യൂനമർദങ്ങളെ തുടർന്ന് അതിതീവ്ര മഴ പെയ്തിറങ്ങിയിരുന്നു.
english summary; Halfway through karkkadakam, no rain
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.