24 January 2026, Saturday

വയോജന പെന്‍ഷന്‍ കേന്ദ്രം പരസ്യത്തിന് വകമാറ്റി

Janayugom Webdesk
ന്യൂഡല്‍ഹി
August 10, 2023 11:37 pm

വയോജന പെന്‍ഷന്‍ വിതരണത്തിനായുള്ള കോടികള്‍ ഗ്രാമീണ വികസന വകുപ്പിന്റെ പരസ്യത്തിനായി കേന്ദ്രം വക മാറ്റി ചെലവഴിച്ചതായി കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി). കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം തങ്ങളുടെ പദ്ധതികളുടെ പരസ്യത്തിനായി കോടികള്‍ വകമാറ്റി ചെലവഴിച്ചെന്ന് കഴിഞ്ഞ ദിവസം സിഎജി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണുള്ളത്.

ക്ഷേമ പെന്‍ഷന്‍ വിതരണം, ശുചീകരണം എന്നിവയ്ക്കായി നീക്കിവച്ച തുകയാണ് ക്രമരഹിതമായി വിനിയോഗിച്ചത്. നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാം (എന്‍എസ്എപി) തുകയില്‍ നിന്നാണ് വകുപ്പിന്റെ പരസ്യത്തിനായി വകമാറ്റിയത്. 2017–18 മുതല്‍ 2020–21 വരെയാണ് പെന്‍ഷന്‍ തുക വഴിവിട്ട് ചെലവഴിച്ചിരിക്കുന്നത്. എന്‍എസ്എപി വഴി സമാഹരിക്കുന്ന തുകയില്‍ നിന്നാണ് രാജ്യത്തെ ലക്ഷക്കണക്കിന് വയോജനങ്ങള്‍ക്ക് പെന്‍ഷന്‍ വിതരണം നടത്തുന്നത്. കേന്ദ്ര, സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ള ഫണ്ടില്‍ നിന്ന് മൂന്നു ശതമാനം തുക ഭരണപരമായ ആവശ്യത്തിന് വിനിയോഗിക്കാം. ബാക്കി മുഴുവന്‍ തുകയും പെന്‍ഷന്‍ അടക്കമുള്ള ക്ഷേമ, ശുചീകരണ പ്രവര്‍ത്തനത്തിന് മാത്രമേ വിനിയോഗിക്കാവൂ എന്നിരിക്കെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരസ്യ ഹോര്‍ഡിങുകള്‍ സ്ഥാപിക്കാന്‍ ചെലവാക്കിയിരിക്കുന്നതെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു. 

2017ല്‍ മന്ത്രാലയം പരിപാടികളും പദ്ധതികളും വിശദീകരിക്കാന്‍ ആദ്യഘട്ടത്തില്‍ 39.15 ലക്ഷം രൂപയും തുടര്‍ന്ന് 2.44 കോടിയും ചെലവഴിച്ചു. ഗ്രാമസമൃദ്ധി, സ്വച്ഛ് ഭാരത് എന്നിവയുടെ പരസ്യത്തിനാണ് ഭീമമായ തുക ചെലവഴിച്ചിരിക്കുന്നത്. ഡിഎവിപി വഴിയാണ് പരസ്യം നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

Eng­lish Summary;Old age pen­sion cen­ter divert­ed for advertisement

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.