3 May 2024, Friday

മഴപ്പച്ച

കവിത എസ് കെ
August 13, 2023 2:10 am

ഇടയിലൊരു വെയിൽ
പതിയെ തെറ്റി തെറ്റി
വ്രണിതമാം ഹൃദയത്തിൻ
അകത്തെത്തി ഉണർത്തവേ!
വിളർത്ത കൺകളിൽ
മറഞ്ഞതാം
ജനൽച്ചില്ലതിൻചിത്രം
തെളിഞ്ഞെത്തി വിടരവേ!
ഞൊടിയിൽ മാഞ്ഞുവോ!
വെയിൽ
പുറത്തതാ കാണുന്നല്ലോ
കരിമ്പടം കണക്കെ
ഉലർന്നൊരാകാശത്തെ
ഇടയിൽ പരലുകൾ പോലെ
വെളിച്ചപ്പൊട്ടുകൾ നീട്ടും
മിന്നൽകുസൃതിയെ
പൊഴിഞ്ഞു ചെറുതുള്ളിക -
ളാകെ മാറി മറിഞ്ഞതാം
പ്രകൃതിയെ
ഇളം കാറ്റിലൊളി ചിന്നി
പുൽതലപ്പത്തെ ജലകണം
പൊടിഞ്ഞു വയലാകെ
ചെറുമുകുളങ്ങൾ
പച്ചച്ചിറകുകൾ
മനസാകെ കുളിർക്കുന്നു
കനിവുകൾ കിളിർക്കുന്നു
വരച്ചതാരീ ചിത്രം ഹൃദയത്തി-
നരികിലായ്
എങ്ങോ മറഞ്ഞൊരാ
സ്നേഹത്തിൻ പനിനീർച്ചന്തമോ:
പിന്നെ? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.