മണിപ്പൂര്‍ കലാപത്തിന് കാരണമായത് ഹൈക്കോടതി വിധിയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പാര്‍ലമെന്റിലെ പ്രസ്താവന വസ്തുതാ വിരുദ്ധം. മുഖ്യമന്ത്രിയുടെ കുക്കി വിരുദ്ധ നിലപാടുകളും മെയ്തി അനുകൂല മനോഭാവവും കേന്ദ്രത്തിന്റെ ഇരട്ടത്താപ്പുമാണ് കലാപാന്തരീക്ഷത്തിലേക്ക് നയിച്ചതെന്നാണ് ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
മെയ്തി വിഭാഗത്തിന് പട്ടികവര്‍ഗ പദവി വേണമെന്ന ആവശ്യത്തോട് അനുഭാവം പ്രകടിപ്പിച്ചപ്പോള്‍തന്നെ കുക്കി വിഭാഗത്തിനായി സ്വയംഭരണ കൗണ്‍സില്‍ രൂപീകരിക്കുവാനും സായുധസംഘങ്ങളുമായി സമാധാന ഉടമ്പടിയില്‍ ഒപ്പുവയ്ക്കാനും ധാരണയാകുന്ന ഇരട്ട നിലപാടാണ് ഇരുസര്‍ക്കാരുകളും സ്വീകരിച്ചത്. ഉടമ്പടിക്ക് സന്നദ്ധമായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെയാണ് മ്യാന്മറില് നിന്നെത്തിയ കുക്കികളാണ് കലാപത്തിന് പിന്നിലെന്ന നിലപാട് ഇപ്പോള്‍ പാര്‍ലമെന്റില്‍ പറഞ്ഞതെന്നതും വൈരുധ്യം വ്യക്തമാക്കുന്നു.
അതേസമയം മെയ്തികള്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കുന്നതിനോട് യോജിച്ച മുഖ്യമന്ത്രി, ഉടമ്പടിയോട് വിയോജിച്ചു.
ഈ പശ്ചാത്തലത്തിലാണ് ഉടമ്പടി ഒപ്പുവയ്ക്കാന്‍ തീരുമാനിച്ച മേയ് എട്ടിന് അഞ്ച് ദിവസം മുമ്പ് സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്. കോടതിവിധിയില്‍ പ്രതിഷേധിച്ച് കുക്കിവിഭാഗത്തെ അനുകൂലിക്കുന്ന സംഘടനകള്‍ നടത്തിയ പ്രതിഷേധം അതിന് നിമിത്തമായെന്നു മാത്രം. ചുരാചന്ദ്പൂര്‍-ബിഷ്ണുപൂര്‍ അതിര്‍ത്തിയിലെ തോര്‍ബുംഗ് മേഖലയിലാണ് മേയ് മൂന്നിന് കലാപം ആരംഭിച്ചത്.
കുക്കികളുമായി ഉടമ്പടി ഒപ്പുവയ്ക്കുന്നതിലൂടെ മണിപ്പൂരിലെ പാര്‍ലമെന്ററി സീറ്റുകള്‍ ഉറപ്പാക്കുകയായിരുന്നു കേന്ദ്ര ലക്ഷ്യം. അതേസമയം ഉടമ്പടിയുണ്ടായാല്‍ തനിക്കുള്ള മെയ്തി പിന്തുണ നഷ്ടമാകുമെന്ന് ബിരേന്‍ സിങ് ഭയന്നു. ഇക്കാരണത്താല്‍ കരാര്‍ ഒപ്പിടുന്നതിനെ എതിര്‍ത്തു. മെയ്തി അനുകൂല ഹൈക്കോടതിവിധിക്ക് വഴിയൊരുക്കിയതും സംസ്ഥാന സര്‍ക്കാരായിരുന്നു.
ബിരേന്‍ സിങ്ങിനെ പിന്തുണയ്ക്കുന്ന ആരാമ്പായി തേഗ്ഗോല്‍, മെയ്തി ലീപുൻ തുടങ്ങിയ സംഘടനകളാണ് കലാപത്തില്‍ പ്രധാനമായും പങ്കെടുക്കുന്നതെന്നതും കലാപത്തിന് പിന്നില്‍ സംസ്ഥാന മുഖ്യമന്ത്രിക്കുള്ള പങ്കിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇംഫാലില്‍ കുക്കികള്‍ക്കെതിരായ ആക്രമണങ്ങളില്‍ അറസ്റ്റിലായവരിലേറെയും ഈ സംഘടനകളില്‍ നിന്നുമുള്ളവരാണെന്ന കുക്കി സംഘടനകളുടെ ആരോപണവും മുഖ്യമന്ത്രിക്കെതിരായ സംശയത്തിന് ശക്തികൂട്ടുന്നുണ്ട്.
ഉടമ്പടിയും ഹൈക്കോടതി വിധിയും
ഭരണഘടനയിലെ ആറാം പട്ടികയ്ക്കനുസൃതമായി സമാധാന ഉടമ്പടി രൂപീകരിക്കാനാണ് കേന്ദ്രം ലക്ഷ്യമിട്ടത്. അസമിലെ ബോഡോ ജനതയ്ക്ക് സമാനമായി ഒരു സ്വയംഭരണ കൗണ്‍സില്‍ ലഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെന്ന് കുക്കി സംഘടനാ നേതാക്കള്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കാത്തതായിരുന്നു മെയ്തി അനുകൂല ഹൈക്കോടതി വിധിക്ക് വഴിയൊരുക്കിയത്. മെയ്തികളുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതി ആവശ്യപ്പെട്ട സത്യവാങ്മൂലം വര്‍ഷങ്ങളോളം നല്‍കാതെ വന്നതോടെ പട്ടികവര്‍ഗ പദവി നല്‍കണമെന്ന് ഹൈക്കോടതി വിധിക്കുകയായിരുന്നു.
English Summary: BJP Maneuver due to Manipur riots
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.