10 January 2025, Friday
KSFE Galaxy Chits Banner 2

സ്ഥിതിവിവര കണക്കുകളിലെ സത്യസന്ധത

Janayugom Webdesk
August 17, 2023 4:45 am

ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിന്‍ ഡിസ്രേലി സ്ഥതിവിവരക്കണക്കുകളില്‍ ഒട്ടും വിശ്വാസം അര്‍പ്പിച്ചിട്ടില്ലാത്തൊരു വ്യക്തിയാണ്. സ്ഥിതിവിവരക്കണക്കുകളെപ്പറ്റി അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ ഇതിനുള്ള തെളിവാണ്. ‘കള്ളം, പച്ചക്കള്ളം, സ്ഥിതിവിവര കണക്കുകള്‍’ ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ ഭരണനേട്ടങ്ങള്‍ക്കാധാരമായി അധികാരികളും ഭരണരംഗത്തെ കോട്ടങ്ങള്‍ക്കുള്ള തെളിവുകളായി പ്രതിപക്ഷ പാര്‍ട്ടികളും ആശ്രയിച്ചുവരുന്നത് ഔദ്യോഗികമോ അനൗദ്യോഗികമോ ആയ ഏജന്‍സികള്‍, കാലാകാലങ്ങളില്‍ പുറത്തിറക്കുന്ന റിപ്പോര്‍ട്ടുകളിലെ കണ്ടെത്തലുകളെയും നിഗമനങ്ങളെയുമാണ്. ഇന്ത്യയില്‍ ദേശീയ തലത്തിലുള്ള ഔദ്യോഗിക ഏജന്‍സിയാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് (എന്‍എസ്ഒ). ഈ ഏജന്‍സിയുടെ പ്രവര്‍ത്തനം കേന്ദ്ര സ്ഥിതിവിവരക്കണക്ക്-പദ്ധതി നടത്തിപ്പ് എന്നിവയ്ക്കായുള്ള മന്ത്രാലയത്തിന് കീഴിലുമാണ്. ഈ മന്ത്രാലയം ഈയിടെ ഒരു സ്റ്റാന്റിങ് കമ്മിറ്റിയെ എന്‍എസ്ഒ റിപ്പോര്‍ട്ടിലെ വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും വിശദമായ പഠനത്തിന് വിധേയമാക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ആദ്യത്തെ മുഖ്യ സ്ഥിതിവിവരക്കണക്ക് ഓഫിസ് മേധാവിയായ ഡോ. പ്രൊണാബ് സെന്‍ ആണ് അധ്യക്ഷന്‍. 2019ല്‍ നിലവില്‍ വന്ന ഈ കമ്മിറ്റിയാണ് മോഡി സര്‍ക്കാരിനെ സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട സ്ഥിതിവിവരണ കണക്കുകള്‍ ധരിപ്പിച്ചുവരുന്നത്.
വ്യാവസായിക, സേവന മേഖലകളുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക സൂചികകള്‍ സംബന്ധമായ ചട്ടക്കൂട് പുനഃപരിശോധനക്ക് വിധേയമാക്കുകയും തൊഴില്‍ശക്തി സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുകയും ചെയ്യുക എന്നതാണ് സമിതിയുടെ ചുമതല. വ്യാവസായിക ഉല്പാദന സൂചികകളും ഉപഭോക്തൃ വില സൂചികകളും മാത്രമല്ല, സാമ്പത്തിക കണക്കെടുപ്പ്, വ്യവസായങ്ങളുടെ വാര്‍ഷിക അവലോകനങ്ങള്‍, ഇടവിട്ടിടവിട്ടുള്ള തൊഴില്‍ ശക്തി അവലോകനങ്ങള്‍ തുടങ്ങിയവ നടത്തുകയും കടമകളാണ്.


ഇത് കൂടി വായിക്കൂ; കര്‍ണാടക; പ്രതിപക്ഷത്തിന് ഒരു പാഠമാണ്


ഡോ. സെന്നിനെ സഹായിക്കാന്‍ ഈ മേഖലയില്‍ കഴിവു തെളിയിച്ചുകഴിഞ്ഞിട്ടുള്ളവരെത്തന്നെയാണ് നിയോഗിച്ചിട്ടുള്ളത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്ക് ഗ്രോത്തിന്റെ മുന്‍ പ്രൊഫസര്‍ ഡോ. ബിശ്വനാഥ് ഗോള്‍ദാര്‍, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലെഡ് ഇക്കണോമിക്ക് റിസര്‍ച്ചി(എന്‍സിഎഇആര്‍)ലെ പ്രൊഫസര്‍ ഡോ. സൊണാള്‍ഡ് ദേശായ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ ഡോ. മൗസാമി ബോവ് തുടങ്ങിയവരാണ് സമിതിയിലുള്ളത്. പുതുതായി രൂപം കൊണ്ടിരിക്കുന്ന പാനലിന് വെറും സര്‍വേകള്‍ നടത്തുന്നതിനുമപ്പുറമുള്ള അധികാരാവകാശങ്ങള്‍ ഉണ്ടായിരിക്കും എന്നതാണ് ശ്രദ്ധേയമായ കാര്യം. മന്ത്രാലയത്തിന് സര്‍വേകള്‍ സംബന്ധമായും അവയുടെ കണ്ടെത്തലുകള്‍ ഏതു വിധേന കൈകാര്യം ചെയ്യണമെന്നതിനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും അധികാരമുണ്ടായിരിക്കും.

സമീപകാലത്തായി എന്‍എസ്ഒ സ്ഥിതിവിവരക്കണക്കുകളുടെ വിശ്വാസ്യതയെപ്പറ്റിയുള്ള സംശയങ്ങള്‍ പല കോണുകളും ഉയര്‍ത്തിവരുന്നുണ്ട്. പരമ്പരാഗതമായി കുടുംബ സര്‍വേകള്‍ നടത്താറുള്ളത് നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫിസ് (എന്‍എസ്എസ്ഒ) തന്നെയാണ്. എന്നാല്‍, ഈ ഏജന്‍സി തയ്യാറാക്കുന്ന കണക്കുകളുടെ കൃത്യത പലപ്പോഴും ഉന്നത കേന്ദ്രങ്ങള്‍തന്നെ ചോദ്യം ചെയ്യുന്ന അനുഭവമുണ്ട്. 2017–18ല്‍ നടന്ന രണ്ട് കുടുംബ സര്‍വേ കണ്ടെത്തലുകള്‍ മോഡി സര്‍ക്കാര്‍ തള്ളിക്കളയുകയുണ്ടായി. ഇന്ത്യന്‍ കുടുംബങ്ങളുടെ തൊഴിലും ഉപഭോഗ ചെലവുകളും സംബന്ധമായവയായിരുന്നു ഇത് എന്നതും ശ്രദ്ധേയമാണ്. ഇത്തരമൊരു നിഷേധ സമീപനത്തിന് കാരണമായി പറഞ്ഞിരുന്നത് സര്‍വേകള്‍ക്ക് ഗുണമേന്മ കുറവായിരുന്നു എന്നാണ്. എന്നാല്‍ യഥാര്‍ത്ഥ വസ്തുത രാഷ്ട്രീയ താല്പര്യങ്ങളായിരുന്നു. മോഡി സര്‍ക്കാര്‍ മുന്‍പിന്‍ നോക്കാതെ പ്രഖ്യാപിച്ച നോട്ട് നിരോധനവും ചരക്കു സേവന നികുതി (ജിഎസ്‌ടി) വ്യവസ്ഥകളുടെ നടപ്പാക്കലും സാധാരണ ഇന്ത്യന്‍ കുടുംബങ്ങളുടെ നിത്യ ജീവിതത്തെ തകര്‍ത്തുകളഞ്ഞു എന്ന യാഥാര്‍ത്ഥ്യമാണ് സര്‍വേകളിലൂടെ പുറത്തുവന്നത്. ഓരോ അഞ്ച് വര്‍ഷത്തിലും നടത്തിവരുന്ന ഇത്തരം കുടുംബ സര്‍വേകളാണ്, സമ്പദ്‌വ്യവസ്ഥ, സാധാരണ ജനങ്ങളുടെ ജീവിത നിലവാരത്തെയും നിത്യജീവിത പ്രശ്നങ്ങളെയും ഏതെല്ലാം വിധത്തിലാണ് ബാധിക്കുക എന്നതിന്റെ ചിത്രം വ്യക്തമാക്കുക. 2017–18ലെ സര്‍വേ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നരേന്ദ്രമോഡി സര്‍ക്കാരിന്റെ ആദ്യഘട്ട ഭരണത്തില്‍ നിലവിലിരുന്ന സ്ഥിതിഗതികളെക്കൂടി വെളിവാക്കാന്‍ പര്യാപ്തമായ വിധത്തിലായിരുന്നു. സ്വാഭാവികമായും ഈ സര്‍വേകള്‍ പരമാവധി തമസ്കരിക്കുക എന്നതായിരുന്നു മോഡി സര്‍ക്കാരിന് ചെയ്യാനുണ്ടായിരുന്നതും. അത് സര്‍ക്കാരും സംഘ്പരിവാര്‍ വൃന്ദവും ഫലപ്രദമായി നടപ്പാക്കുകയും ചെയ്തു.
2009–10ലെ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നത് ആഗോള ധനകാര്യ പ്രതിസന്ധിക്കു ശേഷമായിരുന്നു. ഈ സര്‍വേയിലെ വിവരങ്ങള്‍ അന്നത്തെ യുപിഎ സര്‍ക്കാരിന് ഒട്ടുംതന്നെ അഭിമാനിക്കത്തക്ക വിധത്തിലുള്ളവയായിരുന്നില്ല. സര്‍ക്കാരിന് പ്രസ്തുത വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അവര്‍ ചെയ്തത് 2011-12 ല്‍ ഒരു പുതിയ സര്‍വേ നടത്തുകയായിരുന്നു. പുതിയ റിപ്പോര്‍ട്ടില്‍ മുന്‍കാല റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങളെല്ലാം ശ്രദ്ധാപൂര്‍വം ഒഴിവാക്കാതെയുമായിരുന്നില്ല. അങ്ങനെയാണ് 2008ലെ ആഗോള പ്രതിസന്ധി വരുത്തിവച്ച കെടുതികള്‍ വിദഗ്ധമായ രീതിയില്‍ ജനശ്രദ്ധയില്‍ നിന്നും ഒഴിവാക്കിയത്. സ്ഥിതിവിവരക്കണക്കുകള്‍ ഏത് സര്‍ക്കാര്‍ അധികാരത്തിലിരുന്നാലും ബന്ധപ്പെട്ട സമ്പദ്‌വ്യവസ്ഥയെ സംബന്ധിക്കുന്ന സത്യസന്ധമായ ചിത്രമല്ല ജനങ്ങളിലെത്തിക്കുന്നതെന്നതിന് ഇതിലേറെ തെളിവ് വേണ്ടതില്ല.


ഇത് കൂടി വായിക്കൂ; ബിജെപിയുടെ ക്രൈസ്തവ പ്രീണനവും ആലഞ്ചേരിയുടെ മോഡീ പ്രണയവും


മോഡി സര്‍ക്കാര്‍ 2017–18ലെ സര്‍വേ വിവരങ്ങള്‍ ശീതസംഭരണയിലാക്കിയെങ്കിലും അതേസര്‍ക്കാര്‍ തന്നെ 2023 ജൂലൈയില്‍ പുതിയ സര്‍വേക്കുവേണ്ടിയുള്ള വിദഗ്ധപാനലിന് രൂപം നല്‍കിയിരിക്കുകയാണ്. ഈ കുടുംബ–ഉപഭോഗ ചെലവ് അവലോകനം സംബന്ധമായ വിവരങ്ങള്‍ പുറത്തുവരുന്നതിന് ഒരു വര്‍ഷക്കാലത്തിലേറെ വേണ്ടിവന്നേക്കാമെന്നാണ് കേന്ദ്രം ‍ പ്രതീക്ഷിക്കുന്നത്. ഈ സര്‍വേ റിപ്പോര്‍ട്ടിലെ കണക്കുകളും വിവരങ്ങളും ലഭ്യമാകുന്നതിന് മുമ്പ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നിരവധി കാതലായ വികസന സൂചികകള്‍-ചില്ലറ പണപ്പെരുപ്പം, ജിഡിപി, ദാരിദ്ര്യത്തിന്റെ ആഴവും പരപ്പും തുടങ്ങിയവ സംബന്ധിച്ചുള്ള ഏറ്റവും ഒടുവിലത്തെ സ്ഥിതി എന്തെന്ന് കണ്ടെത്താന്‍ കഴിയില്ല. ഇതെല്ലാം സംബന്ധിച്ച് നമുക്ക് ഇപ്പോള്‍ ലഭ്യമാകുന്ന വിവരങ്ങള്‍ 2011–12ലെ സര്‍വേയുമായി ബന്ധപ്പെട്ടുള്ളതാണ്. ഈ വിവരങ്ങളാണെങ്കില്‍ നടപ്പുകാല യഥാര്‍ത്ഥ അനുഭവങ്ങളുമായി യാതൊരു തരത്തിലും പൊരുത്തപ്പെടുത്താന്‍ കഴിയുന്നതുമല്ല.
തൊഴില്‍ സംബന്ധമായ വിവര ശേഖരണത്തിനുള്ള ഏക ആശ്രയം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുകളാണ്. ദാരിദ്ര്യം സംബന്ധമായ വിവരങ്ങള്‍ക്കായി ആശ്രയിക്കേണ്ടിവരിക നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ റിപ്പോര്‍ട്ടിനെയുമായിരിക്കും ഈ രണ്ട് സ്രോതസുകളും നേരിട്ടുള്ള വിവരങ്ങളല്ല നമുക്ക് നല്‍കുക. അതുകൊണ്ടുതന്നെ അവ കൃത്യതയോടെയുള്ളതായിരിക്കണമെന്നുമില്ല.


ഇത് കൂടി വായിക്കൂ; നദികളുടെ വീണ്ടെടുപ്പിനായി ഒരു ദിനം


‘ഒരു രാജ്യം, ഒരു നികുതി’, ‘ഒരു രാജ്യം ഒരു സിവില്‍ നിയമം’ എന്നെല്ലാം വിളിച്ചു കൂവുന്ന മോഡി സര്‍ക്കാര്‍ ‘ഒരു രാജ്യം ഒരു സ്ഥിതിവിവര സംഹിത’ എന്നതിലേക്ക് ഇന്ത്യയെ എത്തിക്കാന്‍ പരിശ്രമിക്കുമോ എന്ന ചോദ്യമാണിപ്പോള്‍ ഉയരേണ്ടത്. ഈ ചോദ്യത്തിന് ശരിയായ പ്രതികരണം വേണമെങ്കില്‍ അതിലേക്കായി ചുമതലപ്പെടുത്തേണ്ടത് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷനെയാണ്. ഇതുപോലൊരു ദേശീയ സംവിധാനത്തിനു മാത്രമേ ഇന്ത്യയുടെ സ്ഥിതിവിവര സംവിധാനത്തിന് നഷ്ടപ്പെട്ടുപോയ വിശ്വാസ്യത വീണ്ടെടുക്കാന്‍ ഒരു പരിധിവരെയെങ്കിലും സാധ്യമാകൂ. അതുവരെ ഡിസ്രേലിയുടെ അഭിപ്രായത്തോട് നമുക്കും യോജിക്കേണ്ടിവരും. സ്ഥിതിവിവര കണക്കുകള്‍ ഒന്നുകില്‍ ‘കള്ളം, അല്ലെങ്കില്‍ പച്ചക്കള്ളം’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.