8 May 2024, Wednesday

നദികളുടെ വീണ്ടെടുപ്പിനായി ഒരു ദിനം

ടി ഷഹുല്‍ ഹമീദ് 
March 14, 2023 8:30 am

“പുഴകൾ, മലകൾ, പൂവനങ്ങൾ ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങൾ” എന്ന് എഴുതിയത് പ്രശസ്ത കവി വയലാർ രാമവർമ്മയാണ്, എന്നാൽ നദികളുടെയും പുഴകളുടെയും മരണം ലോകത്തിന്റെ സ്വസ്ഥത കെടുത്തുന്ന വിഷയമായി മാറിയിരിക്കുന്നു. ലോകത്തിലെ 500 ലേറെ വൻ നദികളിൽ പകുതിയിലധികവും വരളുകയാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകുന്നു. നൈൽ, ആമസോൺ, ഗംഗ, ചാങ് ജിയാങ്, ഡാന്യൂബ് അടക്കം മഹാനദികൾ ശോഷിച്ചുകൊണ്ടിരിക്കുന്നു. ജലപാഠങ്ങൾ മറന്നുപോയതിന്റെ ദുരന്ത സാക്ഷ്യങ്ങൾ ലോകം അനുഭവിക്കുന്നു. മണ്ണിന്റെ ഞരമ്പുകളിലൂടെ ഒരിക്കൽ സന്തോഷത്തോടെ ഒഴുകിയ നദികൾ ഇപ്പോൾ കിതയ്ക്കുകയാണ്. ജീവപ്രവാഹങ്ങളെ മൃതാവസ്ഥയിലേക്ക് നീങ്ങാൻ അനുവദിച്ചുകൂടാ എന്ന് ലോകത്താകമാനം പ്രഖ്യാപിക്കുന്നതിനാണ് മാർച്ച് 14, നദികൾക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നത്.

1995 സെപ്റ്റംബറിൽ ലോകത്തെ വിവിധ സംഘടനകൾ ചേർന്ന് അന്താരാഷ്ട്ര റിവർ നെറ്റ്‌വര്‍ക്ക് എന്ന സംഘടനയുടെ നേതൃത്വത്തിൽ യോഗം ചേരുകയും ഇന്ത്യ, യൂറോപ്യൻ യൂണിയൻ, ചിലി എന്നീ രാജ്യങ്ങളിലെ വിവിധ സംഘടനകൾ യോഗത്തിൽ പങ്കെടുക്കുകയും തുടർന്ന് 1997ൽ മാർച്ച് 14 മുതൽ അന്താരാഷ്ട്ര ദിനം ആചരിക്കുവാൻ തുടങ്ങുകയും ചെയ്തു. ജിയോളജിക്കൽ സർവേയുടെ അഭിപ്രായത്തിൽ ലോകത്ത് മൂന്ന് ദശലക്ഷം നദികൾ ഉണ്ട്. 700ലധികം നദികൾ ഉള്ള ബംഗ്ലാദേശിലാണ് ഏറ്റവും കൂടുതൽ. ഏറ്റവും കൂടുതൽ നദികൾ പ്രയാസമനുഭവിക്കുന്നതും മലിനപ്പെട്ട് കിടക്കുന്നതും ബംഗ്ലാദേശിൽ തന്നെയാണ്. ഇന്തോനേഷ്യയിലെ സിറ്റാറം നദി ലോകത്തെ ഏറ്റവും മലിനപ്പെട്ട നദിയായി മാറിയിരിക്കുന്നു. 2021ൽ നദികൾക്കും ചില അവകാശങ്ങളുണ്ട് എന്നും രാജ്യങ്ങളുടെ ദേശീയ ആസ്തികളായ നദികളെ സംരക്ഷിക്കുവാൻ നിയമപരമായ ബാധ്യത രാജ്യങ്ങൾക്കുണ്ടെന്നും പ്രഖ്യാപിക്കുകയുണ്ടായി. 2022ൽ നദികൾക്ക് വേണ്ടിയുള്ള ദിനാഘോഷത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ലോകം സമുചിതമായി ആചരിക്കുകയും ജൈവവൈവിധ്യ സമ്പത്തിന് പ്രാധാന്യമുള്ളതാണ് നദികൾ എന്ന സന്ദേശം ഉയർത്തിപ്പിടിക്കുകയും ചെയ്തു.

2023ല്‍ നദികൾക്ക് വേണ്ടിയുള്ള ദിനത്തിൽ പ്രത്യേക സന്ദേശം ഉയർത്തുന്നില്ല എങ്കിലും ജീവന്റെ നിലനില്പിന് നദികളെ സംരക്ഷിക്കേണ്ട പ്രാധാന്യം വിളിച്ചോതുന്നു. മലിനജലം കുടിക്കുന്നത് കാരണം ലോകത്ത് പ്രതിവർഷം അഞ്ച് ലക്ഷം പേർ മരിക്കുന്നു. ശുദ്ധജലം തിരിച്ചു പ്രകൃതിയിൽ എത്തുമ്പോൾ 80 ശതമാനം മലിനമാകുന്നു. ലോകത്തെ ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നമാണ് നദികളുടെ മലിനപ്പെടൽ. ഒരു നദിയിൽ നിന്നും മറ്റൊരു നദിയിലേക്ക് മാലിന്യങ്ങൾ ശക്തമായി ഒഴുകിയെത്തുന്ന പ്രതിഭാസം നിലവിലുണ്ട്. പരിസ്ഥിതിയെ സംരക്ഷിക്കാത്ത ജനങ്ങൾ അധിവസിക്കുന്ന സ്ഥലത്താണ് പുഴകൾ ഭീകരമാംവിധം മലിനപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ ഉപയോഗിക്കുവാൻ പറ്റാത്ത വെള്ളം സുരക്ഷിതമല്ല. നദികളിൽ ബാക്ടീരിയ, വൈറസ്, ഉഭയജീവികൾ, കീടനാശിനികൾ, രാസവളങ്ങൾ, മരുന്നുകളുടെ അവശിഷ്ടങ്ങൾ, നൈട്രേറ്റുകൾ, ഫോസ്ഫേറ്റുകൾ, പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾ, റേഡിയോ ആക്ടിവിറ്റി ഘടകങ്ങൾ എന്നിവ സുലഭമായി കാണുന്നു. ഇത് നദികളിലെ ഓക്സിജന്റെ അളവ് കുറയ്ക്കുകയും വെള്ളം മലിനമാക്കപ്പെടുകയും ചെയ്യുന്നു. നിലവിൽ ലോകത്ത് അജൈവമാലിന്യങ്ങളിൽ 20 ശതമാനം മാത്രമേ പുനഃചക്രമണം നടത്തുന്നുള്ളൂ. ലോകത്ത് മറ്റു സ്ഥലങ്ങളിലുള്ളതിനേക്കാൾ കൂടുതൽ മാലിന്യമാണ് നദികളിൽ അടിഞ്ഞുകൂടിയിരിക്കുന്നത്. ദൈർഘ്യമേറിയ, 16 കിലോമീറ്റർ നീളമുള്ള പുഴകളെയാണ് നദികൾ എന്നു പറയുന്നത്. അതിനാൽ രാജ്യത്തെ പുഴകളെയും നദികളെയും സംരക്ഷിക്കേണ്ടത് വരും തലമുറയ്ക്ക് വേണ്ടി കൂടിയുള്ള കർത്തവ്യമാണ്.

മലിനീകരണപ്പെട്ട നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ചർമ്മ രോഗങ്ങൾ, കാൻസർ, വൃക്ക രോഗങ്ങൾ വർധിക്കുന്നു. മെർക്കുറി അടക്കമുള്ള മാലിന്യങ്ങൾ ഈ നദിയിൽ കുമിഞ്ഞുകൂടിയിരിക്കുന്നു, 200 ദശലക്ഷം പേർ ഈ നദീതീരങ്ങളിൽ ജീവിക്കുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട നദികളിലെല്ലാം മാലിന്യ പ്രശ്നം രൂക്ഷമായി അനുഭവപ്പെടുന്നു. ഗംഗ, യമുന, ബ്രഹ്മപുത്ര, മഹാനദി, ഗോദാവരി, നർമ്മദ, സിന്ധു എന്നിവ അസ്തിത്വ പ്രശ്നം നേരിടുന്നു. ദേശീയ മലിനീകരണ നിയന്ത്രണ ബോർഡ്, ഹരിത ട്രൈബ്യൂണൽ എന്നിവ ഉണ്ടായിട്ടും 70 ശതമാനം നദികളും കടുത്ത പ്രയാസത്തിലാണ് എന്ന് റിപ്പോർട്ട് ചെയ്യുന്നു. കടുത്ത മാലിന്യ പ്രശ്നങ്ങൾ നേരിടുന്ന നദികൾ 45 എണ്ണമായും മിതമായ മാലിന്യ പ്രശ്നങ്ങളുള്ള നദികൾ 352 ആയും ഇന്ത്യയിൽ വർധിച്ചു. എത്രയെത്ര പദ്ധതികൾ നമാമി ഗംഗ, ദേശീയ നദി സംരക്ഷണ പദ്ധതി, ദേശീയ ജല നിയന്ത്രണ പദ്ധതി, 2030ലെ ദേശീയ കാഴ്ചപ്പാട് എന്നിവയൊക്കെ ഉണ്ടായിട്ടും നദികളുടെ അവസ്ഥ പരിതാപകരം തന്നെ. ജൈവ വൈവിധ്യ കലവറയായ പശ്ചിമഘട്ടം തന്നെയാണ് കേരളത്തിന്റെ നദികളുടെ ജീവൻ. വർത്തമാനകാലത്ത് പശ്ചിമഘട്ടം വലിയ രീതിയിൽ ഭീഷണി നേരിടുന്നത് നദികളെയും ബാധിക്കുന്നു. കേരളത്തിൽ തെക്ക് നിന്ന് വടക്കോട്ട് യാത്ര ചെയ്താൽ ഓരോ 15 കിലോമീറ്റർ കഴിയുമ്പോഴും ഒരു പുഴയെങ്കിലും മുറിച്ചു കടക്കണം. 44 നദികൾ കേരളത്തിലുണ്ട് ഇതിൽ 41 എണ്ണം പടിഞ്ഞാറോട്ടും മൂന്നെണ്ണം കിഴക്കോട്ടും ഒഴുകുന്നു. നദികളിലെ വെള്ളം കുളിക്കാൻ എങ്കിലും ഉതകുന്ന തരത്തിൽ ശുദ്ധജലം ആയിരിക്കണം.

കേരളത്തിലെ നദികളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സാർവത്രികമാണ്. രാസമാലിന്യങ്ങൾ കൂടിയത് കാരണം വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞ് വരുന്നു. ജല ഗുണനിലവാര സൂചികയിൽ 90ൽ കൂടുതൽ ഉണ്ടെങ്കിലേ ശുദ്ധജലമാണെന്ന് പറയുകയുള്ളൂ എന്നാൽ കേരളത്തിലെ മിക്ക നദികളുടെയും പുഴകളുടെയും ജല ഗുണനിലവാര സൂചിക 45ൽ താഴെയാണെന്ന് സിഡബ്ല്യുആർഡിഎം (സെന്റർ വാട്ടർ റിസോർസ് ഡെവലപ്മെന്റ് മാനേജ്മെന്റ്) പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. തെളിനീരൊഴുകും നവകേരളം പഠനപ്രകാരം 79 ശതമാനം ജലസ്രോതസുകളിലും കോളിഫോം ബാക്ടിരിയയുടെ സാന്നിധ്യം ഉണ്ട് എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലെ ഏറ്റവും മലിനപെട്ട നദി പെരിയാറാണ്, പമ്പ രണ്ടാം സ്ഥാനത്തും മീനച്ചലാർ മൂന്നാം സ്ഥാനത്തും കല്ലാച്ചി പുഴ നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്ത് കരമനയാർ പുഴയും ആണ് ഉള്ളത്. കേരളത്തിലെ 60 ശതമാനം ജനങ്ങളും കുടിവെള്ളത്തിന് ആശ്രയിക്കുന്ന ഭൂഗർഭജലത്തിന്റെ ശക്തിസ്രോതസുകളാണ് നദികൾ, കൂടാതെ ശുദ്ധജല പ്രവാഹത്തിന്റെ ഞരമ്പുകളും ജീവിത സ്പന്ദനങ്ങളുമാണ് നദികൾ. കേരളത്തിൽ 26.90 ശതമാനം നദികൾ പൂർണമായും 46.10 ശതമാനം നദികൾ ഭാഗികമായും മലിനപ്പെട്ടു കിടക്കുന്നു.

മലിനപ്പെടാത്ത നദികൾ 27 ശതമാനം മാത്രം. ഇന്ത്യയിലെ മലിനമായ 351 നദികളിൽ 21 എണ്ണവും കേരളത്തിലാണ് എന്നത് ഗൗരവമുള്ളതാണ്. ശുദ്ധജല ലഭ്യത ലോകത്തിന്റെ പല ഭാഗങ്ങളിലും ചോദ്യചിഹ്നമായി തീർന്ന സാഹചര്യത്തിൽ കേരളത്തിലെ നദികളെയും പുഴകളെയും സംരക്ഷിക്കുവാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ സ്ഥിതി ഭയാനകരമാകും എന്ന് തിരിച്ചറിയേണ്ടതായിട്ടുണ്ട്, നദി തീരങ്ങളിൽ താമസിക്കുന്നവർക്ക് ബോധവല്‍ക്കരണം, സാമൂഹ്യാധിഷ്ഠിത ഇടപെടൽ എന്നിവ കൊണ്ട് നദികളെ നമുക്ക് രക്ഷിക്കാം.

 

Eng­lish Sam­mury: Inter­na­tion­al Day of Action for Rivers 2023, janayu­gom arti­cle by T Shahul Hameed

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.