17 November 2024, Sunday
KSFE Galaxy Chits Banner 2

തെരഞ്ഞെടുപ്പധിഷ്ഠിത പദ്ധതികള്‍

Janayugom Webdesk
August 18, 2023 5:00 am

2024ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിന് മുമ്പ് അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും ആസന്നമാണ്. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലുമുള്ള ബിജെപി സര്‍ക്കാരുകള്‍ക്കെതിരായ വികാരങ്ങള്‍ എല്ലായിടത്തും പ്രകടമാണെന്ന് അവര്‍ക്ക് ബോധ്യം വരുന്നുണ്ടെന്നാണ് അടുത്ത നാളുകളില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ നേതാക്കളുടെ ഭാവഹാവാദികളില്‍ നിന്ന് വ്യക്തമാകുന്നത്. പ്രതിപക്ഷ നിരയിലാണെങ്കില്‍ ഐക്യവും വിട്ടുവീഴ്ചാ മനോഭാവവും ശക്തിപ്പെടുകയാണ്. ഇതെല്ലാമാണ് വിവിധ ജനവിഭാഗങ്ങളെ പ്രലോഭിപ്പിക്കുന്നതിനുള്ള പുതുപദ്ധതി പ്രഖ്യാപനങ്ങളുമായി രംഗത്തുവരാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നതെന്നുറപ്പാണ്. ബുധനാഴ്ച നടന്ന കേന്ദ്ര മന്ത്രിസഭാ യോഗം അത്തരത്തിലുള്ള ഒന്നിലധികം പദ്ധതികളാണ് പ്രഖ്യാപിച്ചത്. കരകൗശല തൊഴിലാളികളെയും കുടുംബങ്ങളെയും പ്രീണിപ്പിക്കുന്നതിനുള്ള പിഎം വിശ്വകര്‍മ്മ പദ്ധതിയാണ് അതിലൊന്ന്. 30 ലക്ഷം കുടുംബങ്ങളെ ഇതുവഴി വശത്താക്കാമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. ആശാരി, വള്ളം നിര്‍മ്മാണം, കവച നിര്‍മ്മാണം, കൊല്ലന്‍, ചുറ്റികയും പണിയായുധങ്ങളും നിര്‍മ്മിക്കുന്നവര്‍, സ്വര്‍ണപ്പണി, കുശവര്‍, ശില്പികള്‍, കല്ല്‌ കൊത്തുപണിക്കാര്‍, കല്ല് പൊട്ടിക്കുന്നവര്‍, ചെരുപ്പ് കുത്തുന്നവര്‍, കല്ലാശാരി, കുട്ട‑പായ‑ചൂല് നിര്‍മ്മാണം, കയര്‍, നെയ്ത്ത്, ക്ഷുരകര്‍, അലക്കുകാര്‍, തയ്യല്‍ക്കാര്‍, മത്സ്യബന്ധന വല നിര്‍മ്മിക്കുന്നവര്‍ എന്നിങ്ങനെ സ്വയംതൊഴില്‍-കരകൗശല മേഖലകളില്‍ ജോലിയെടുക്കുന്ന വിഭാഗങ്ങള്‍ക്കായി 13,000 കോടി രൂപ വകയിരുത്തിയ പദ്ധതിയാണിത് എന്നാണ് വിശദീകരണം. അഞ്ച് ശതമാനം പലിശ നിരക്കില്‍ തങ്ങളുടെ സംരംഭങ്ങള്‍ വിപുലപ്പെടുത്തുന്നതിന് സഹായിക്കും. കേള്‍ക്കുമ്പോള്‍തന്നെ ഇതൊരു തെരഞ്ഞെടുപ്പധിഷ്ഠിത പദ്ധതിയാണെന്ന് വ്യക്തമാണ്. രാജ്യത്ത് ഇലക്ട്രിക് ബസ് (ഇ ബസ്) വ്യാപകമാക്കുന്നതിനുളളതാണ് അടുത്ത പദ്ധതി. പ്രമുഖ നഗരങ്ങളില്‍ 10,000 ഇ ബസ് നിരത്തിലിറക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യംവയ്ക്കുന്നത്. 169 നഗരങ്ങളെ ഇതിന്റെ ഭാഗമാക്കും. രണ്ടാംഘട്ടത്തില്‍ 181 നഗരങ്ങളിലും പദ്ധതി നടപ്പിലാക്കുമെന്നാണ് പ്രഖ്യാപനമുണ്ടായിട്ടുള്ളത്. പത്തുവര്‍ഷം ദൈര്‍ഘ്യമുള്ള, 57,613 കോടി നീക്കിവച്ചിട്ടുള്ള ഈ പദ്ധതിയില്‍ കേന്ദ്ര നിക്ഷേപം 20,000 കോടി രൂപയായിരിക്കുമെന്നും വിശദീകരിക്കുന്നു. തെ രഞ്ഞെടുപ്പ് അടുക്കുമ്പോഴും അല്ലാത്തപ്പോഴും ബിജെപി സര്‍ക്കാര്‍ നേരത്തെ ഇത്തരം നിരവധി പദ്ധതി പ്രഖ്യാപനങ്ങള്‍ നടത്തിയത് ഫലപ്രാപ്തിയില്ലാതെ നില്‍ക്കുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് പ്രധാനമന്ത്രി കിസാന്‍ യോജന എന്ന പേരിലുള്ള പ്രഖ്യാപനം നടത്തിയത്.


ഇത് കൂടി വായിക്കൂ: രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് | JANAYUGOM EDITORIAL


രാജ്യത്തെ കര്‍ഷകരെ ഇരട്ടി വരുമാനമുള്ളവരാക്കി മാറ്റുമെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങിയപ്പോഴാണ് ഇതുണ്ടായത്. ഫലപ്രദമായല്ല ഈ പദ്ധതി മുന്നോട്ടുപോകുന്നതെന്നതിന് സമീപ ദിവസം പുറത്തുവന്ന ഒരു വാര്‍ത്ത മാത്രം ഉദാഹരണമായെടുത്താല്‍ മതിയാകും. ബിജെപി സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയില്‍ 12 ലക്ഷം കര്‍ഷകര്‍ക്ക് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നായിരുന്നു കൃഷി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ഡെയുടെ വാക്കുകള്‍. ഝാര്‍ഖണ്ഡിലെ 10 ലക്ഷത്തിലധികം പേര്‍ക്ക് ആനുകൂല്യം ലഭിച്ചില്ലെന്ന പരാതി മാസങ്ങള്‍ക്ക് മുമ്പാണുണ്ടായത്. ആറുവര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചതാണ് പ്രധാനമന്ത്രി ആവാസ് യോജന. 2024 മാര്‍ച്ചില്‍ 2.95 കോടി ഭവനങ്ങള്‍ പണിയുന്നതിന് ലക്ഷ്യം വച്ചുള്ള പദ്ധതിയാണിത്. ഗുണഭോക്താക്കള്‍ക്ക് നീക്കിവച്ചതാകട്ടെ തുച്ഛമായ തുക. 25 ചതുരശ്രമീറ്റര്‍ വീട് പണിയുന്നതിന് നിരപ്പു പ്രദേശങ്ങളില്‍ 1.2 ലക്ഷം, കുന്നിന്‍ പ്രദേശങ്ങളില്‍ 1.3 ലക്ഷം രൂപവരെയാണ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. എങ്കിലും ഇപ്പോഴും പദ്ധതി പാതി വഴിയിലാണ്. 1.44 ലക്ഷം ഗുണഭോക്താക്കളെപ്പോലും കണ്ടെത്തുകയുണ്ടായില്ലെന്ന് ഒരുമാസം മുമ്പാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. സംസ്ഥാനങ്ങളുടെ ചുമലില്‍ ഇതിന്റെ പഴിചാരുകയും ചെയ്തു കേന്ദ്രം. ഇതിന് സമാനമായി പ്രധാനമന്ത്രിയെ ധ്വനിപ്പിക്കുന്ന പിഎം എന്ന് ചേര്‍ത്തുള്ള ഡസന്‍ കണക്കിന് പദ്ധതികള്‍ നരേന്ദ്ര മോഡി അധികാരത്തിലെത്തിയതിന് ശേഷം പ്രഖ്യാപിക്കുകയുണ്ടായി. പിഎം ജന്‍ ധന്‍ യോജന, സ്വാന്‍ നിധി, മുദ്ര വായ്പാ പദ്ധതി, മോഡി യോജന, ഫസല്‍ ഭീമ യോജന എന്നിങ്ങനെ ആ പദ്ധതികള്‍ നീളുന്നു. സൗജന്യമായി പാചകവാതക സിലിണ്ടര്‍ നല്‍കുന്നതിന് നടപ്പിലാക്കിയ പിഎം ഉജ്വല്‍ യോജന പരാജയപ്പെട്ടുവെന്ന് മാത്രമല്ല, നല്‍കിവന്നിരുന്ന സബ്സിഡി നിര്‍ത്തലാക്കുന്ന സ്ഥിതിയാണുണ്ടായത്.


ഇത് കൂടി വായിക്കൂ:ഇത്തരം ദാരുണസംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം | Janayugom Editorial


ഓരോ പാര്‍ലമെന്റ് സമ്മേളനങ്ങളിലും ഇത്തരം പദ്ധതികള്‍ സംബന്ധിച്ച ചോദ്യത്തിന് ഏതെങ്കിലും ഒന്ന് ഫലപ്രദമാണെന്ന മറുപടി നല്‍കിയതായി വായിച്ചിട്ടില്ല. ചില പദ്ധതികള്‍ തുടങ്ങിയേടത്തുതന്നെ നില്‍ക്കുകയാണെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇത്തരം പ്രഖ്യാപനങ്ങളാകട്ടെ യഥാര്‍ത്ഥത്തില്‍ നമ്മുടെ നടപടി ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്. വന്‍കിട പദ്ധതികള്‍ ബജറ്റ് വിഹിതത്തിന്റെ അനുപാതത്തില്‍ മാത്രമേ രൂപീകരിക്കുവാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയാണ് ലംഘിക്കപ്പെടുന്നത്. ഒന്നുകില്‍ നേരത്തെ വിഹിതം നീക്കിവച്ച ഏതെങ്കിലും പദ്ധതിക്കുള്ള തുക വകമാറ്റണം. അല്ലാതെ ബജറ്റിന് പുറത്ത് ഇത്രയും ഭീമമായ തുക വിനിയോഗിക്കുന്നത് ധനവിനിയോഗം സംബന്ധിച്ച കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമാണ്. പക്ഷേ ബിജെപി അതൊന്നും പരിഗണിക്കാതെ വോട്ടുനേടുന്നതിനുളള പ്രഖ്യാപനങ്ങളുമായി മുന്നോട്ടുപോകുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.