ട്രെയിനുകൾക്ക് നേരെയുള്ള അക്രമണം തുടർകഥയാവുമ്പോഴും ട്രെയിൻ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള അധികൃതരുടെ പ്രഖ്യാപനങ്ങൾ പാഴാകുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളിൽ നിരവധി അക്രമ സംഭവങ്ങളാണ് നടന്നത്. ഇന്നലെ കാസർകോട് റെയിൽവെ ട്രാക്കിൽ ക്ലോസറ്റും സിമെന്റ് കട്ടയും വച്ച് ട്രെയിൻ അട്ടിമറിക്കാൻ നീക്കം നടന്നു. കളനാടിന് സമീപം ഉച്ചക്ക് 12 മണിയോടെ മംഗലാപുരം ഇന്റർസിറ്റി എക്സ് പ്രസ് കടന്ന് പോകുന്ന സമയത്താണ് സംഭവം കണ്ടത്. കഴിഞ്ഞ ബുധനാഴ്ച കണ്ണൂരില്‍ വന്ദേഭാരതിന് നേരെ വീണ്ടും കല്ലേറുണ്ടായി. ഉച്ചക്ക് ശേഷം കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിനിനു നേരെ കണ്ണൂർ തലശ്ശേരിക്കും മാഹിക്കും ഇടയിൽ 3.45 ഓടെ യാണ് കല്ലേറ് ഉണ്ടായത്. കല്ലേറിൽ സി എട്ട് കോച്ചിന്റെ ജനൽ ചില്ലുകൾ തകർന്നു. ഗ്ലാസ് ചീളുകൾ ബോഗിക്കകത്തേക്ക് തെറിച്ച് വീണതായും ട്രെയിനിലുള്ളവർ പറഞ്ഞു. ഇതിന് മുമ്പ് വന്ദേഭാരത് എക്സ്പ്രസിന് നേരേ കല്ലെറിഞ്ഞ കേസിൽ താനൂർ സ്വദേശി മുഹമ്മദ് റിസ്വാനെന്ന പ്രതിയെ പിടികൂടി പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
അടുത്തിടെയായി മലബാറിലാണ് ഏറ്റവും കൂടുതൽ തീവണ്ടിക്ക് നേരെയുള്ള അക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലായി നാല് വണ്ടികള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. കഴിഞ്ഞ 13ന് വൈകുന്നേരം 7.11 നും 7.16 നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനുനേരെയും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പർഫാസ്റ്റിനും നേരെയും കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് വിട്ടപ്പോഴാണ് കല്ലേറുണ്ടായത്. കല്ലേറില്‍ രണ്ട് ട്രെയിനിന്റെയും ഗ്ലാസുകള്‍ പൊട്ടി. അന്ന് തന്നെ കാഞ്ഞങ്ങാടിനും നീലേശ്വരത്തിനുമിടയില്‍ ഓഖ എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായി. കല്ല് പതിച്ച് ബോഗികളുടെ ഗ്ലാസ് ചില്ലുകള്‍ പൊട്ടിയെങ്കിലും യാത്രക്കാര്‍ തലനാഴിരക്കാണ് രക്ഷപ്പെട്ടത്. പിറ്റേ ദിവസം പാപ്പിനിശേരിക്കും കണ്ണപുരത്തിനും ഇടയിൽ വീണ്ടും ട്രെയിനിന് നേരെ കല്ലേറ് ഉണ്ടായി. ഉച്ചയ്ക്ക് 12 ഓടെ തുരന്തോ എക്സ്പ്രസ് പാപ്പിനിശേരി കഴിഞ്ഞപ്പോഴാണ് സംഭവം നടന്നത്.
പാലക്കാട് ഡിവിഷനില്‍ മാത്രം 2022ല്‍ ട്രെയിനിനു കല്ലെറിഞ്ഞ 32 കേസുകളും 2023ല്‍ ഇതുവരെ 21 കേസുകളുമാണ് ആര്‍പിഎഫും പൊലീസും എടുത്തത്. പലപ്പോഴും രാത്രിയോ വൈകുന്നേരമോ ട്രെയിന്‍ യാത്ര ചെയ്യുമ്പോള്‍ ആയിരിക്കും പൊടുന്നനെ കല്ലു മഴ പോലെ ബോഗിക്കുള്ളിലേക്ക് കല്ലുകള്‍ വന്നു പതിക്കുക. ഇത്തരത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പലപ്പോഴും ഇത്തരം കേസുകള്‍ എത്തിചേരുന്നത് വിദ്യാര്‍ത്ഥികളിലേക്കും സാമൂഹ്യ വിരുദ്ധരിലേക്ക് മാത്രമായിരിക്കും. കല്ലേറില്‍ യാത്രക്കാര്‍ക്കും ലോക്കോ പൈലറ്റുമാര്‍ക്കും റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കുമെല്ലാം പരുക്കേറ്റ സംഭവങ്ങളും ഒട്ടേറെ.
ഏപ്രില്‍ രണ്ടിനു എലത്തൂരില്‍ ട്രെയിനിന് തീയിട്ട സംഭവത്തില്‍ നഷ്ടമായത് രണ്ടു വയസുകാരിയടക്കം മൂന്നു പേരാണ്. ആലപ്പുഴ‑കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ പെട്രോള്‍ ഒഴിച്ചായിരുന്നു പ്രതി തീയിട്ടത്. മട്ടന്നൂര്‍ പലോട്ട് പള്ളി സ്വദേശി റഹ്മത്ത് (43) ഇവരുടെ അനുജത്തിയുടെ മകള്‍ സഹറ (രണ്ട്), നൗഫീഖ് (41) എന്നിവരാണ് മരിച്ചത്. അന്നത്തെ സംഭവത്തില്‍ നിരവധിപേര്‍ പൊള്ളലിന്റെ നീറ്റലും മുറിവുമായി കഴിയുകയാണ്. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ യു പി നോയിഡ സ്വദേശി ഷാരൂഖ് സെയ്ഫി എന്നയാളെയാണ് പൊലീസ് പിടികൂടിയത്. എന്നാല്‍ എന്തിനാണ് കുറ്റം ചെയ്തതെന്ന് ഇതുവരെയും വ്യക്തമായില്ല. ജൂണ്‍ ഒന്നിന് പുലര്‍ച്ചെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ കോച്ചുകള്‍ക്ക് തീയിട്ട സംഭവം ഞെട്ടിക്കുന്നതായിരുന്നു.
എലത്തൂരില്‍ തീയിട്ട അതേ ട്രെയിനിനു തന്നെയാണ് വീണ്ടും തീയിട്ടതെന്നത് വളരെ ആശങ്കയുണ്ടാക്കിയ സംഭവമായിരുന്നു. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ എത്തിച്ചേര്‍ന്നത് വൈരാഗ്യവും മാനസികരോഗിയിലും. ഇതിനു ശേഷം അന്നും ഇന്നും ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഭയപ്പെടുന്നത് നിരവധിപേരാണ്.
English Sammury: Attacks on trains: Increase in cases in Malabar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.