21 November 2024, Thursday
KSFE Galaxy Chits Banner 2

ദേശീയ ദിനാചരണങ്ങൾ നാമമാത്രമാകരുത്

Janayugom Webdesk
പ്രതികരണം
August 19, 2023 4:02 am

സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം, ക്വിറ്റ് ഇന്ത്യാ ദിനം, ഗാന്ധി ജയന്തി (അഹിംസാദിനം), രക്തസാക്ഷിത്വ ദിനം തുടങ്ങിയ ഒട്ടനവധി ദിനങ്ങൾ ആഘോഷിക്കപ്പെടുന്നു. ഇതിൽ പല ദിനങ്ങളും സർക്കാർ പൊതുഅവധിയായി പ്രഖ്യാപിക്കപ്പെട്ടതാണ്. എന്നാൽ ഈ ആചരണ ദിനങ്ങളുടെ മഹത്വവും പ്രാധാന്യവും വേണ്ടത്ര ഉൾക്കൊള്ളാൻ നമ്മുടെ വിദ്യാർത്ഥി-യുവജനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് സാധിക്കുന്നുണ്ടോ എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. ദേശീയ പതാക ഉയർത്തുന്നതിൽ പോലും നിർദേശങ്ങൾ വേണ്ടത്ര പാലിക്കാത്തത് കാരണം പൊലീസ് കേസുകളും വിവാദങ്ങളും പലപ്പോഴും ഉടലെടുക്കുന്നതായി കണ്ടുവരുന്നു. ദേശീയ പതാകയുടെ പ്രാധാന്യവും മഹത്വവും വേണ്ടത്ര ഉൾക്കൊള്ളാത്തതാണ് ഇതിന്റെ പ്രധാന കാരണം. ഒരു ജനാധിപത്യ‑ബഹുസ്വര-മതേതര രാജ്യമായ ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനുവേണ്ടി വീരമൃത്യു വരിച്ച രക്തസാക്ഷികളുടെ സ്മരണയ്ക്കും ദിനാചരണങ്ങൾക്കും ഏറെ മഹത്വമുണ്ട്. അതുകൊണ്ടുതന്നെ നാമമാത്ര പരിപാടിയിലും കേവലം ചടങ്ങുകളിലും മാത്രം ഒതുക്കാതെ അതിന്റെ വിശാലത ഉൾക്കൊണ്ടുകൊണ്ട് ചടങ്ങുകൾ നടത്തുവാനാണ് ആസൂത്രണം ചെയ്യേണ്ടത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളുകളിലും കോളജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുഴുവൻ അർധസർക്കാർ സ്ഥാപനങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും പരിശീലനം നൽകേണ്ടതാണ്. എങ്കിൽ ദേശീയപതാക തലകീഴായി കെട്ടൽ ഉൾപ്പെടെയുള്ള വിവാദങ്ങൾ ഇല്ലാതാക്കുവാൻ സാധിക്കുമെന്നതിൽ സംശയമില്ല.

 


ഇതുകൂടി വായിക്കൂ; ഫാസിസ്റ്റ് കാലത്തെ സ്വാതന്ത്ര്യദിനം


 

ദേശീയദിനങ്ങൾ എന്നതിന് പുറമെ ഇത്തരം ദിനങ്ങളെ ദേശീയ ആഘോഷദിനങ്ങളാക്കി മാറ്റുകയും ഇന്ത്യയുടെ മഹത്തായ ഭരണഘടനയിലെ ജനാധിപത്യം പൗരബോധം മതേതരത്വം ബഹുസ്വരത എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളിൽ ഉൾപ്പെടെ സമൂഹത്തിൽ അവബോധമുണ്ടാക്കുവാനും സഹായകമാകും. മുൻകാലങ്ങളെ അപേക്ഷിച്ച് അതിഥി തൊഴിലാളികളുടെ ഒഴുക്ക് നമ്മുടെ സംസ്ഥാനത്ത് പതിന്മടങ്ങ് കൂടിവരുന്ന സാഹചര്യത്തിൽ പൊതുഇടങ്ങളിൽ നടത്തുന്ന ആഘോഷപരിപാടികളിൽ ഇവരെകൂടി പങ്കാളികളാക്കുവാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. സാമൂഹിക സാംസ്കാരിക സംഘടനകള്‍, വായനശാലകള്‍, ചാനലുകള്‍, സമൂഹമാധ്യമങ്ങള്‍, രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ളവ ഇതിനായി പ്രത്യേകം അവസരം നീക്കിവയ്ക്കേണ്ടിയിരിക്കുന്നു. സമൂഹത്തിൽ ദേശീയത വളർത്തുന്നതിനും മതേതരത്വം വളർത്തുന്നതിനും സമഭാവന ഉണ്ടാക്കുന്നതിനും പൊതുജനങ്ങൾക്കായി കോർപറേഷൻ, മുനിസിപ്പല്‍, പഞ്ചായത്ത് വാർഡുകളിൽ ദിനാചരണ സ്പെഷ്യൽ വാർഡ് സഭകൾ നടത്തിയാൽ പൊതുജനങ്ങൾക്കും ആഘോഷങ്ങളിൽ പങ്കെടുക്കുവാനും സന്ദേശം ഉൾക്കൊള്ളുവാനും സാധിക്കും. ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഭാരതത്തിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ദേശീയ ദിനാചരണങ്ങൾക്കും ആഘോഷങ്ങൾക്കും മഹത്വം ഏറെയുണ്ട് എന്നത് ഓര്‍ക്കേണ്ടതാണ്.

ഖാലിദ് പെരിങ്ങത്തൂർ
കണ്ണൂർ

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.