4 March 2024, Monday

Related news

August 15, 2023
August 15, 2023
August 15, 2023
August 15, 2023
August 15, 2023
August 15, 2023
August 15, 2023
August 14, 2023
August 14, 2023
August 14, 2023

ഫാസിസ്റ്റ് കാലത്തെ സ്വാതന്ത്ര്യദിനം

സുരേന്ദ്രന്‍ കുത്തനൂര്‍
August 15, 2023 4:45 am

നൂറ്റാണ്ടുകളോളം അടിമയാക്കപ്പെട്ട്, നീണ്ട സമരങ്ങളിലൂടെ ബ്രിട്ടീഷ് കോളനികളിൽ നിന്ന് സ്വതന്ത്രയായ ഭാരതം 77-ാം സ്വാതന്ത്ര്യദിനാഘോഷത്തിലാണ്. ലോകചരിത്രത്തിൽ സവിശേഷ ഇടമുള്ളതാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരം. 1947ൽ സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ അടിച്ചമർത്തലുകളുടെയും, പീഡനങ്ങളുടെയും നാളുകളിലൂടെയായിരുന്നു രാജ്യം കടന്നുപോയത്. ഒട്ടേറെപ്പേരുടെ ജീവത്യാഗവും, കഠിനപ്രയത്നവുമാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യമെന്ന് ചരിത്രം. പക്ഷേ രാജ്യവും ജനതയും ഇപ്പോള്‍ സ്വതന്ത്രമാണോ എന്ന ചിന്ത സമരവിജയത്തിന്റെ 76 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ നമ്മെ അലട്ടുന്നുണ്ട്. ഏതാനുംദിവസം മുമ്പ് ദ ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത ഇന്ത്യന്‍ ജനതയെയും ലോകത്തെയും ആശ്ചര്യപ്പെടുത്തുന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്ന് വിളിപ്പേരുള്ള ഇന്ത്യ, ആ പദവി നിലനിര്‍ത്താനുള്ള പിആര്‍ പ്രവര്‍ത്തനം നടത്തുന്നുവെന്നായിരുന്നു വാര്‍ത്ത. ജനാധിപത്യത്തിന്റെ ഗുണനിലവാര സൂചികകളിലെല്ലാം ഇന്ത്യയുടെ സ്ഥാനം അതിവേഗത്തില്‍ താഴോട്ട് പോകുകയാണ്. അത് രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നു. അതിനു തടയിടാനായി സൂചികകള്‍ തയ്യാറാക്കുന്ന അന്താരാഷ്ട്ര ഏജന്‍സികളുമായി ഭരണാധികാരികള്‍ നീക്കുപോക്ക് ചര്‍ച്ച നടത്തുന്നുവെന്നതാണ് വാര്‍ത്ത. കഴിഞ്ഞ 10 വര്‍ഷത്തോളമായി സംഘ്പരിവാര്‍ ഭരണത്തില്‍ എങ്ങനെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യവും ജനാധിപത്യവും അപകടത്തിലായതെന്ന് തിരിച്ചറിയാന്‍ ഏതാനും മാസങ്ങളായി അപ്രഖ്യാപിത വിലക്കുകള്‍ക്കിടയിലും രാജ്യത്തെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മാത്രം മതിയാകും.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്ന മണ്ഡലമായ വാരാണസിയില്‍ നിന്ന് കഴിഞ്ഞദിവസം പുറത്തുവന്ന വാര്‍ത്തതന്നെ നോക്കുക. ഗാന്ധിജിയുടെ ആശയങ്ങളും തത്വങ്ങളും പ്രചരിപ്പിക്കാന്‍ സര്‍വ സേവാ സംഘ് സ്ഥാപിച്ച കെട്ടിടങ്ങള്‍ വ്യാജരേഖകളുണ്ടാക്കി സര്‍ക്കാര്‍ ഇടിച്ചുനിരത്തിയെന്നതാണത്. സ്വതന്ത്ര്യസമര സേനാനിയും ഗാന്ധിശിഷ്യനുമായിരുന്ന വിനോബ ഭാവെ സ്ഥാപിച്ച സ്ഥാപനമാണ് മോഡിസര്‍ക്കാര്‍ പൊളിച്ചുനീക്കിയത്. 1948 ജനുവരി 31ന് ഗാന്ധിവധത്തിന് ശേഷം അദ്ദേഹത്തിന്റെ ആശയങ്ങളും ജീവിതശെെലിയും പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി സ്ഥാപിച്ചതായിരുന്നു അവ. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 1960, 1961, 1970 കാലങ്ങളില്‍ വിലകൊടുത്തുവാങ്ങിയ ഭൂമിയിലെ ഗാന്ധി സാഹിത്യങ്ങളടങ്ങുന്ന വായനശാല, ഖാദി സ്റ്റോര്‍, അതിഥി മന്ദിരം, പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായുള്ള വിദ്യാലയം, യുവജന പരിശീലന കേന്ദ്രം എന്നിവയാണ് ഇടിച്ചുനിരത്തപ്പെട്ടത്. സ്വാതന്ത്ര്യദിനാഘോഷത്തിന് രണ്ടുനാള്‍ മുമ്പ് സര്‍ക്കാര്‍ ഇല്ലാതാക്കിയത് സ്വാതന്ത്ര്യത്തിന്റെ തന്നെ മുന്നണിസ്മാരകങ്ങളിലൊന്നാണ്. ഗാന്ധി, നെഹ്രു മുതലുള്ള സ്വാതന്ത്ര്യസമരപോരാളികളെയും കമ്മ്യൂണിസ്റ്റുകാര്‍ ഉള്‍പ്പെടെയുള്ള സാമൂഹികവിപ്ലവ സ്മരണകളെയും ചരിത്രത്തില്‍ നിന്ന് തുടച്ചുനീക്കി, അവിടെ സ്വയം അവരോധിതമാകാനുള്ള സംഘ്പരിവാര്‍ ഫാസിസത്തിന് സ്വാതന്ത്ര്യസമരത്തെക്കാള്‍ പഴക്കമുണ്ട്. കല്‍ക്കട്ടയിലെ ബിഷപ്പായിരുന്ന ബ്രിട്ടീഷുകാരന്‍ റെജിനാള്‍ഡ് ഹെബെര്‍ ‘നരേറ്റീവ് ഓഫ് എ ജേണി ത്രൂ ദ അപ്പര്‍ പ്രൊവിന്‍സസ് ഓഫ് ഇന്ത്യ’ എന്ന ഗ്രന്ഥത്തില്‍ പറയുന്നതിങ്ങനെയാണ്: ‘നമ്മള്‍ ബ്രിട്ടീഷുകാര്‍ ഇവിടുത്തെ ഹിന്ദുജനതയെ നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കേണ്ടത്, നാം അവരെ ആക്രമിച്ചു കീഴ‌്പെടുത്തിയിട്ടില്ലെന്നും മുന്‍കാല ഭരണാധികാരികളായിരുന്ന മുഹമ്മദന്‍മാരാല്‍ അവര്‍ കീഴടക്കപ്പെട്ടിരുന്നുവെന്നുമാണ്. നാം ഇതുവരെ കാണിച്ചിട്ടില്ലാത്ത രൂപത്തില്‍ അങ്ങേയറ്റം മര്‍ദകന്‍മാരുമായിരുന്നു അവരെന്നുമാണ്’. ഈയൊരു സാമൂഹികസാഹചര്യത്തില്‍ നിന്നുകൊണ്ടാണ് ഹിന്ദുവര്‍ഗീയ വാദികള്‍ ചരിത്രം ആരംഭിക്കുന്നത്. മുസ്ലിങ്ങളുടെ വരവിനുമുമ്പ് രാജ്യത്തുണ്ടായിരുന്ന സകലദര്‍ശനങ്ങളും ഹിന്ദുവെന്നാക്കി വ്യാഖ്യാനിക്കുകയും മുസ്ലിങ്ങള്‍ വൈദേശികരും പുറന്തള്ളപ്പെടേണ്ടവരുമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ദയാനന്ദസരസ്വതിയുടെ ആര്യസമാജമാണ് ഇതില്‍ ആദ്യത്തേത് എന്ന് പറയാം. ആര്യരക്തം വിശുദ്ധമാണെന്നും, മനുഷ്യവംശത്തിലെ ഉന്നതര്‍ വെളുത്തവര്‍ഗക്കാരായ ആര്യന്‍മാരാണെന്നും വാദമുയര്‍ത്തിയ ഫ്രഞ്ച് പ്രഭു ആർതർ ഡി ഗോബിനോയും ദയാനന്ദസരസ്വതിയും സമകാലികരായത് യാദൃച്ഛികമായിരിക്കാം.


ഇതുകൂടി വായിക്കൂ: സ്വകാര്യവൽക്കരണം, ജനാധിപത്യത്തിന് ഭീഷണി


പക്ഷേ ആർതറിന്റെ ആശയങ്ങള്‍ ജര്‍മ്മനിയില്‍ നാസി-ഫാസിസത്തിന് വഴിയൊരുക്കിയപ്പോള്‍ ദയാനന്ദസരസ്വതിയുടെ ആശയങ്ങള്‍ ഇന്ത്യയില്‍ ഹിന്ദുത്വ‑ഫാസിസത്തിന് വഴിയൊരുക്കിയെന്നത് ചരിത്രവും വര്‍ത്തമാനവുമായി നില്‍ക്കുന്നു. സര്‍ വില്യം ജോണിന്റെ സംസ്കൃതഭാഷ പുറത്തുനിന്നു വന്നതാണെന്ന കണ്ടെത്തലും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടറായിരുന്ന ജോണ്‍ മാര്‍ഷലിന്റെ, ആര്യന്‍മാര്‍ക്ക് മുമ്പേ ഇവിടെ ഒരു നാഗരികതയുണ്ടായിരുന്നെന്നും, ആര്യാധിനിവേശമായിരുന്നു അതിന്റെ തകര്‍ച്ചയ്ക്ക് നിദാനമെന്നുമുളള കണ്ടെത്തലുകളും ഹിന്ദുത്വവാദികളുടെ ധാരണകളെ തെറ്റിക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ എന്തുവിലകൊടുത്തും, ആര്യമാര്‍ ഈ മണ്ണിലുള്ളവരാണെന്ന വാദത്തിന് തെളിവ് ശേഖരിക്കലായി സംഘ്പരിവാറിന്റെ മുഖ്യഅജണ്ട. തങ്ങള്‍ കണ്ടെത്തുന്ന, തെളിവുകള്‍ ദുര്‍ബലമാണെങ്കിലും വരുംതലമുറയെ അത് പഠിപ്പിക്കാനുള്ള അവസരങ്ങളൊന്നും ഇവര്‍ പാഴാക്കിയില്ല. 2014 ല്‍ അധികാരത്തിലേറിയതുമുതല്‍ അതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷന്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ് (എന്‍സിഇആര്‍ടി) വഴി ചരിത്രപാഠപുസ്തകങ്ങളില്‍ ഹിന്ദുത്വ ആശയങ്ങള്‍ തിരുകിക്കയറ്റി വിദ്യാര്‍ത്ഥി മനസുകളില്‍ വര്‍ഗീയത പടര്‍ത്താനും, വികലമായ ചരിത്രവസ്തുതകള്‍ പഠിപ്പിക്കാനുമുള്ള ശ്രമങ്ങളായിരുന്നു തുടക്കം. സ്വാതന്ത്ര്യസമരകാലത്ത് അതിനെ ഒറ്റുകൊടുക്കുകയും ബ്രിട്ടീഷ് ദാസ്യത്തിന് വിധേയമാകാമെന്ന് മാപ്പപേക്ഷ നല്‍കുകയും ചെയ്ത വി ഡി സവര്‍ക്കറുടെ ഭക്തര്‍ക്ക് തങ്ങളുടെ ഭരണത്തിലെ രാജ്യത്തിന്റെ നാണക്കേട് മറയ്ക്കാന്‍ ആഗോള ഏജന്‍സികളോട് വിലപേശല്‍ നടത്താന്‍ നാണക്കേടുണ്ടാകാന്‍ വഴിയില്ല. അടിയന്തരാവസ്ഥക്കാലത്ത് വിദേശരാജ്യങ്ങളെ ‘കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍’ ഇന്ദിരാഗാന്ധി നടത്തിയ ശ്രമങ്ങളും ഇവിടെ ഓര്‍ക്കാവുന്നതാണ്. എന്നാല്‍ ഭരണഘടനയിലെ തന്നെ വ്യവസ്ഥകള്‍ ഉപയോഗിച്ചാണ് ഇന്ദിരാഗാന്ധി പൗരാവകാശം റദ്ദാക്കി സര്‍വാധിപത്യ ഭരണം പ്രഖ്യാപിച്ചത്. നരേന്ദ്രമോഡിയെ സംബന്ധിച്ചിടത്തോളം ഭരണഘടനയെ പരിഗണിക്കുകപോലും ചെയ്യാതെതന്നെ ജനാധിപത്യത്തെ അപ്രസക്തമാക്കാന്‍ കഴിയുന്ന അവസ്ഥയില്‍ കാര്യങ്ങളെത്തിക്കാന്‍ കഴിഞ്ഞിരിക്കുന്നുവെന്ന ഭീതിദമായ അവസ്ഥയുണ്ട്. അടിയന്തരാവസ്ഥക്കാലത്തുപോലും തങ്ങളുടെ ഇരട്ടമുഖം കൊണ്ട് രക്ഷപ്പെടുകയും അടിയന്തരാവസ്ഥാവിരുദ്ധരെന്ന മുദ്രയാല്‍ വെളുപ്പിക്കപ്പെടുകയും ചെയ്ത കാപട്യത്തിന്റെ പേരാണ് സംഘ്പരിവാര്‍. രാഷ്ട്രമീമാംസകനായ ക്രിസ്റ്റഫര്‍ ജെഫര്‍ലോട്ടിന്റെ ‘ഇന്ത്യാസ് ഫസ്റ്റ് ഡിക്ടറ്റർഷിപ്പ്-എമര്‍ജന്‍സി 1975–77’ എന്ന ഗ്രന്ഥത്തില്‍ ‘അടല്‍ ബിഹാരി വാജ്‌പേയും ഇന്ദിരാഗാന്ധിക്ക് മാപ്പപേക്ഷകള്‍ അയച്ചിരുന്നു. അത് അവര്‍ ഉള്‍ക്കൊള്ളുകയും ചെയ്തു. 20മാസത്തെ അടിയന്തരാവസ്ഥക്കാലത്ത് മിക്കവാറും വാജ്‌പേയ് പരോളില്‍ ആയിരുന്നു. സര്‍ക്കാരിനെതിരായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവില്ലെന്ന ഉറപ്പിലായിരുന്നു അത്’ എന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്ക് തൊട്ടുമുമ്പ് രൂപീകരിച്ച ലോക സംഘര്‍ഷ് സമിതിയുടെ സെക്രട്ടറി ആര്‍എസ്എസിന്റെ നാനാ ദേശ്‌മുഖ് ആയിരുന്നു. അതുകൊണ്ടുതന്നെ അന്ന് അറസ്റ്റിലായവരില്‍ ഒരുവിഭാഗം ആര്‍എസ്എസുകാരുമുണ്ടായിരുന്നു. പക്ഷേ ജയില്‍മോചിതരായ ആര്‍എസ്എസുകാരില്‍ പലരും കോണ്‍ഗ്രസിലേക്ക് കൂറുമാറുകയായിരുന്നു. 1976 ജൂണ്‍ 25ന് ഉത്തര്‍ പ്രദേശിലെ ജനസംഘം, സര്‍ക്കാരിന് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുകയും സര്‍ക്കാരിനെതിരായ ഒരു പ്രവര്‍ത്തനത്തിലും പങ്കാളികളാവില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ 34 ജനസംഘം എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതും തങ്ങളുടെ ഒട്ടേറെ പ്രവര്‍ത്തകര്‍ ജയിലില്‍ കിടക്കുമ്പോഴാണ്.

ആര്‍എസ്എസ് സര്‍ സംഘചാലക് ബാലാസാഹേബ് ദേവറസ് 1975 ഓഗസ്റ്റ് 22ന് പ്രധാനമന്ത്രിക്ക് എഴുതിയത് ‘രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാവുന്ന ഒരു പ്രവര്‍ത്തനത്തിലും സംഘ് ഏര്‍പ്പെട്ടിട്ടില്ല. ഹിന്ദുക്കളെ സംഘടിപ്പിക്കുക മാത്രമാണ് സംഘിന്റെ ലക്ഷ്യം. ആര്‍എസ്എസിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്’ എന്നാണ്. (എ ജി നൂറാനി-ആര്‍എസ്എസ്, എ മെനസ് ടു ഇന്ത്യ). ഇങ്ങനെ ചരിത്രത്തെയും സംസ്കാരത്തെയും ഒറ്റുകൊടുത്തും ജനങ്ങളെ വഞ്ചിച്ചും അധികാരം നിലനിര്‍ത്താന്‍ പാടുപെടുന്ന സംഘ്പരിവാര്‍ ഫാസിസ ഭരണത്തിന്‍ കീഴിലാണ് ഇപ്പോള്‍ ഇന്ത്യ. മണിപ്പൂര്‍, ഹരിയാന വംശീയകലാപങ്ങളും എകീകൃത സിവില്‍ നിയമം, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ ഫാസിസത്തിനനുഗുണ നിയമസംഹിതകളുമാണവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മണിപ്പൂരില്‍ ഒരുവിഭാഗത്തെ അടിച്ചമര്‍ത്താനുള്ള സന്ദേശമായി ലൈംഗികാതിക്രമം ഉപയോഗിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയത് സുപ്രീം കോടതിയാണ്. ഹരിയാനയിലെ നൂഹിലെ വംശവെറി മുസ്ലിങ്ങളുടെ വശീയ ഉന്മൂലനം ലക്ഷ്യമിട്ടാണോ എന്ന് ഭരണകൂടത്തോട് ചോദിച്ചത് ഹെെക്കോടതിയും. പക്ഷേ അതിലൊന്നും ഹിന്ദുത്വഫാസിസ്റ്റുകള്‍ക്ക് കുലുക്കമുണ്ടായില്ല. 1991ൽ പാർലമെന്റ് പാസാക്കിയ ആരാധനാലയ നിയമത്തെ നോക്കുകുത്തിയാക്കി കാശിയിലെ ഗ്യാന്‍വാപി മസ്​ജിദ് നിർമ്മിച്ചത് ക്ഷേത്രം തകർത്താണോ എന്ന് പരിശോധിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ ഉപയോഗപ്പെടുത്തുകയാണവര്‍. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍വാധിപത്യ സ്വഭാവമുള്ള ഫാസിസ്റ്റ് ഭരണാധികാരത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ജനാധിപത്യത്തെ തന്നെ വിനിയോഗിക്കാമെന്ന ദൃഢപ്രതിജ്ഞയാണ് സ്വാതന്ത്ര്യദിനത്തില്‍ ഉണ്ടാകേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.