വളരെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന സിനിമയാണ്, വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത അതേ പേരിലുള്ള സിനിമ. 1964ൽ പ്രസിദ്ധ കാമറാമാനും സംവിധായകനുമായ വിൻസന്റ് സംവിധാനം ചെയ്ത ഭാർഗവീനിലയം. ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമയാണ്. വൈക്കം മുഹമ്മദ് ബഷീർ തിരക്കഥയെഴുതിയിട്ടുള്ളത് ഭാർഗവീനിലയം എന്ന സിനിമയ്ക്ക് മാത്രമാണ്. അദ്ദേഹത്തിന്റെ വേറെയും ചില കഥകൾ പിന്നീട് സിനിമയായിട്ടുണ്ടെങ്കിലും അവയ്ക്കൊക്കെ തിരക്കഥ എഴുതിയത് മറ്റു പലരുമാണ്. ആഷിഖ് അബുവിന് ആധുനിക സാങ്കേതിക വിദ്യയുടെ മികവ് ലഭിച്ചിരുന്നു. പക്ഷേ, ആ മികവ് സിനിമയുടെ ആവിഷ്കാരത്തിൽ പലയിടത്തും ചോർന്നുപോവുന്നു. ദേശീയ അവാർഡ് ജേതാവ് കൂടിയായ ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണം നീലവെളിച്ചത്തിന് മൊത്തത്തിൽ മികവ് പകരാനായെങ്കിലും വേണ്ടത്ര ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചില്ല എന്നത് ഖേദകരമാണ്.
ഭാർഗവീനിലയത്തിലെ കടപ്പുറത്തെത്തുന്ന സാഹിത്യകാരൻ സൈക്കിളും തള്ളിപ്പോകുന്ന ദൃശ്യമെടുക്കുക. കടപ്പുറത്തോട് ചേർന്നുള്ള പാറക്കെട്ടുകൾ, കടലിന്റെ ഇരമ്പം, മുഴക്കം, താൻ പിന്നിട്ടു പോന്ന ജനപഥവും മണലാരണ്യം നിറഞ്ഞ വഴികളും പർവതനിരകളും- ഇവയൊക്കെ അതിലംഘിച്ചുകൊണ്ടുള്ള പ്രയാണത്തെ ഓർത്ത് പാടുന്നു: ‘ഏകാന്തതയുടെ അപാരതീരം’ പാട്ടിന്റെ ഒരു ശീലിന്റെ പ്രതിധ്വനിപോലെ കടലലകളുടെ ആരവത്തിൽ ഉയർന്നുവരുന്ന ശബ്ദം, അത്ര വ്യക്തമല്ലാത്ത ഒരു യുവതിയുടെ ദൃശ്യം, പരിഭ്രാന്തനായ സാഹിത്യകാരൻ സൈക്കിളും പിടിച്ചുള്ള ഓട്ടം, ഇതൊക്കെ മനോഹരമായി ഒരു ദൃശ്യാനുഭവമായി ആവിഷ്കരിക്കാൻ കഴിഞ്ഞത് 58 വർഷങ്ങൾക്ക് മുമ്പാണെന്നോർക്കുക. അന്നത്തെ ഇന്ത്യൻ സിനിമയുടെ സാങ്കേതിക നിലവാരം, പ്രത്യേകിച്ചും മലയാളത്തിലേത് തീർത്തും വട്ടപ്പൂജ്യമായിരുന്നു. കറുപ്പിലും വെളുപ്പിലുമുള്ള ആ ദൃശ്യാവിഷ്കാരം കാണാനിടയായിട്ടുള്ളവർക്ക് ആഷിഖ് അബുവിന്റെ ആവിഷ്കാരം ഒപ്പമെത്തിയിട്ടില്ല എന്ന് പറയേണ്ടിവരുന്നു. തീർത്തും കുറ്റമറ്റ ഒരു തിരക്കഥയായിരുന്നു, ബഷീറിന്റേത്. സാങ്കേതികതയിലെ എല്ലാ സൂചകങ്ങളും തിരക്കഥയിൽ ബഷീർ രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് സംവിധായകന്റെ ജോലി എളുപ്പമായിരുന്നു. ദൃശ്യാത്മകതയ്ക്ക് ഭാവുകത്വം നല്കിക്കൊണ്ടുള്ള ഒരാവിഷ്കാരമായിരുന്നു വിൻസന്റിന്റേത്.
സാഹിത്യരചനയ്ക്കുവേണ്ടി നഗരപ്രാന്തത്തിനടുത്തുള്ള കടപ്പുറത്തോട് ചേർന്നുള്ള ഗ്രാമത്തിലെ ആളൊഴിഞ്ഞ വീട്ടിൽ വന്നുകയറിയ സാഹിത്യകാരന് പേടിപ്പിക്കുന്ന വാർത്തകളാണ് കേൾക്കാനാവുന്നത്. വീട്ടുടമയുടെ മകൾ പ്രണയനൈരാഗ്യം മൂലം മുറ്റത്തെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തെന്നും അവളുടെ പ്രേതം രാത്രികാലങ്ങളിൽ ചുറ്റിനടക്കാറുണ്ടെന്നും ഇതൊക്കെ കേൾക്കുമ്പോൾ സാഹിത്യകാരൻ ഉടനെ തന്നെ വീടുപേക്ഷിച്ച് വേറൊരിടത്തേക്ക് മാറുമെന്നോ അല്ലെങ്കിൽ സ്ഥലം വിടുമെന്നോ കരുതിയവർക്ക് തെറ്റി. ആത്മഹത്യ ചെയ്ത യുവതിയുടെ പ്രേതവുമായി ചങ്ങാത്തത്തിലാവാൻ ശ്രമിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. താനെഴുതിയ കഥ, തുടക്കത്തിൽ തന്നെ പൂർത്തിയാക്കാനാവാതെ അയാൾ വെട്ടിക്കളയുന്നു. പ്രണയനൈരാഗ്യം, വിരഹത, ദുഃഖം, അവസാനം ആത്മഹത്യയിലെത്തിച്ചേർന്ന ഭാർഗവിയുടെ പ്രേതവുമായി സംവേദിക്കുവാനാണ് സാഹിത്യകാരൻ ശ്രമിക്കുന്നത്. ഭാർഗവിയുടെ മുറിയിലെ തുരുമ്പുകയറിയ പെട്ടിയുടെ പൂട്ട് കുത്തിത്തുറന്ന് അതിൽ വച്ചിരുന്ന അവളുടെ ഫോട്ടോയും പിന്നെ അതിൽ വച്ചിരുന്ന കമിതാവ് ശശികുമാറിന്റെ കത്തുകളും പരിശോധിച്ച് അവളോട് അനുവാദം വാങ്ങി ഭാർഗവിയുടെ കഥ എഴുതാനാരംഭിക്കുന്നു. രാത്രിസമയം വിളക്കിലെ മണ്ണെണ്ണ തീരുമ്പോൾ അത് വാങ്ങാനായി തലേന്ന് പരിചയപ്പെട്ടവർ താമസിക്കുന്ന ലോഡ്ജിൽച്ചെന്ന് മണ്ണെണ്ണയും വാങ്ങി വരുമ്പോൾ കെട്ടിടത്തിലെ മുറിയിലും ചുറ്റുപാടും നീലവെളിച്ചം പ്രസരിച്ചിരിക്കുന്നത് കാണുമ്പോൾ ഭാർഗവി തന്റെ കഥ എഴുതുന്നത് പൂർത്തീകരിക്കാനാഗ്രഹിക്കുന്നു എന്നതിന്റെ സൂചനയായി അയാൾ കാണുന്നു. പ്രണയം വന്നുഭവിക്കുന്നതിന് തൊട്ടു മുമ്പുള്ള ഭാർഗവി പഠിക്കുന്ന കോളജിലെ വാർഷികോത്സവത്തിന് വീടിനടുത്തുള്ള കെട്ടിടത്തിൽ താമസിക്കുന്ന ശശികുമാർ എന്ന സംഗീതജ്ഞൻ വഴിയുള്ള പരിചയം, പിന്നീട് വീടിന്റെ മതിലിനിരുവശത്തും നിന്നുള്ള പ്രണയ സല്ലാപം, അത് പ്രകടിപ്പിക്കാൻ പറ്റിയ റോസാപുഷ്പം കൈമാറൽ, തുടര്‍ന്ന് കോളജ് ലൈബ്രറിയിലും കടപ്പുറത്തും വച്ചുള്ള കൂടിക്കാഴ്ചകൾ ഇവയൊക്കെ ഭാർഗവിയുടെ പെട്ടിയിലെ കത്തുകൾ വഴി ലഭിക്കുന്നതോടെ കഥയെഴുതി മുന്നോട്ടു പോവാനുള്ള സാഹചര്യം സാഹിത്യകാരന് ലഭിക്കുന്നു. ശശികുമാറുമായുള്ള പ്രണയം എങ്ങനെ ദുരന്തത്തിലേക്ക് മാറിയെന്നതിന്റെ സൂചന പെട്ടിയിലിരുന്ന പഴയ പേപ്പർ കട്ടിങ് കിട്ടുമ്പോൾ, ഭാർഗവിയുടെ മാത്രമല്ല, ശശികുമറിന്റെയും ദുരന്തമരണമായിരുന്നെന്നും രണ്ടുപേരും കൊല്ലപ്പെടുകയായിരുന്നെന്നും സാഹിത്യകാരൻ മനസിലാക്കുന്നു.
പിറ്റേന്ന് രാവിലെ ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ ചെല്ലുമ്പോൾ ഭാർഗവിയുടെ കഥ എഴുതിക്കഴിഞ്ഞോ എന്ന ചോദ്യത്തിന് ഭാർഗവിയുടേത് ആത്മഹത്യയല്ല, കൊലപാതകമായിരുന്നുവെന്ന് പറയുന്നു. കഥ മുഴുവനും എഴുതിക്കഴിഞ്ഞ് രാത്രി കിണറ്റിൻകരയിലിരുന്ന് ഭാർഗവിക്കുട്ടിയോട് കേൾക്കും എന്ന വിശ്വാസത്തിൽ പറഞ്ഞവസാനിക്കുമ്പോഴാണ്, അപ്പുറം വീട്ടു മതിലിലിരുന്ന് കഥ മുഴുവനും കേട്ട നാണുക്കുട്ടൻ അയാളുടെ മുന്നിലേക്ക് വരുന്നത്. ഭാർഗവിക്കുട്ടി കൊടുത്തയച്ചതായി പറയുന്ന പഴത്തിൽ വിഷം കലർത്തി താനാണ് കൊടുത്തതെന്നും അത് കഴിച്ചതോടെ ശശികുമാർ മരണപ്പെടുകയാണുണ്ടായത് എന്നും നാണുക്കുട്ടൻ പറയുന്നു. അയാൾ മരിക്കുമെന്നുമുറപ്പായതോടെ താൻ ആ സ്റ്റേഷനിൽ തന്നെ വണ്ടിയിറങ്ങിയെന്നും അടുത്ത സ്റ്റേഷനിലല്ല ഇറങ്ങിയതെന്ന ഒരു തിരുത്തു വേണമെന്നും നാണുക്കുട്ടൻ പറയുന്നു. ശശികുമാർ മരണപ്പെട്ട വിവരം പറയുമ്പോൾ ഭാർഗവി തന്റെ ജീവിതത്തിലേക്ക് വരുമെന്ന നാണുക്കുട്ടന്റെ കണക്ക് തെറ്റുന്നു. നീയിനി അയാളെ കാത്തിരിക്കേണ്ട എന്നു പറയുമ്പോൾ ഭാർഗവി നാണുക്കുട്ടന്റെ കരണത്തടിക്കുന്നു. അതോടെ ക്രൂദ്ധനായി നീയിനി ജീവിച്ചിരിക്കേണ്ട എന്നു പറഞ്ഞ് ഭാർഗവിയെ ബലമായി വലിച്ചിഴച്ച് കിണറ്റിലേക്ക് തള്ളുകയായിരുന്നു. ഈ കഥ പ്രസിദ്ധീകരിക്കുന്നില്ലായെന്ന് സാഹിത്യകാരൻ പറയുന്നെങ്കിലും തന്റെ രഹസ്യമറിയാവുന്ന താനും ജീവിച്ചിരിക്കേണ്ട എന്നുപറഞ്ഞ് നാണുക്കുട്ടൻ അയാളെ കൊല്ലാനായടുക്കുന്നു. ഏറ്റുമുട്ടലിന്റെ ഒരു ഘട്ടത്തിൽ വീട്ട് ജനാലക്കൽ പ്രത്യക്ഷപ്പെടുന്ന അദൃശ്യശക്തി സാഹിത്യകാരന്റെ സഹായത്തിനെത്തുന്നു. പിന്നീട് ഏറ്റുമുട്ടലിനൊടുവിൽ നാണുക്കുട്ടൻ കിണറ്റിൽ വീഴുമ്പോൾ, അയാൾ രക്ഷപ്പെടാനുള്ള ശ്രമം, മുമ്പ് കിണറ്റിൽ വീണ് മരണപ്പെട്ട, ഭാർഗവിയുടെ സാരിത്തുമ്പ് കാലിൽ ചുറ്റി മരണത്തിലേക്ക് വഴിമാറുന്നു. ഈ രംഗങ്ങളെല്ലാം ആവിഷ്കരിച്ചിരിക്കുന്നത് വിൻസന്റും ആഷിഖ് അബുവും ഏറെക്കുറെ സമാനമായ രീതിയിലാണ്. യാഥാർത്ഥ്യവും സങ്കല്പവും കെട്ടുപിണഞ്ഞുകിടക്കുന്ന രംഗങ്ങളിലൊന്നും രണ്ടുപേരും തങ്ങളുടേതായ ആവിഷ്കാര സ്വാതന്ത്ര്യം ഉപയോഗിക്കുന്നില്ല എന്നു പറയേണ്ടിയിരിക്കുന്നു. എങ്കിലും 58 വർഷം മുമ്പെടുത്ത വിൻസന്റിന്റെ കറുപ്പിലും വെളുപ്പിലുമെടുത്ത സിനിമയ്ക്കാണ് കൂടുതൽ ദൃശ്യാനുഭവം ലഭിക്കുന്നത്.
പി ഭാസ്കരന്റെ വരികൾക്ക് ബാബുരാജൊരുക്കിയ സംഗീതമായിരുന്നു ഭാർഗവീനിലയത്തിലേത്. അന്ന് ജാനകി പാടിയ പാട്ടുകൾ കെ എസ് ചിത്രയാണ് ഇപ്പോൾ പാടിയിരിക്കുന്നത്. ചില പാട്ടുകൾ ഒഴിവാക്കിയതുകൊണ്ട് സംഗീത വിഭാഗത്തിന് യാതൊരു കോട്ടവും സംഭവിച്ചില്ല. ബിജുപാലും റെക്സ് വിജയനുമാണ് സംഗീതത്തിന് ആവശ്യമായ ക്രമീകരണം നടത്തിയിരിക്കുന്നത്. നീല വെളിച്ചത്തിലെ അഭിനേതാക്കളിൽ ഷൈൻ ടോം ചാക്കോയുടെ നാണുക്കുട്ടനും ജൂനിയർ പരീക്കണ്ണിയുടേയും കുതിരവട്ടം പപ്പുവിന്റേയും വേഷമെടുത്തവർ തങ്ങളുടെ ഭാഗം നന്നാക്കി. ടോവിനോ തോമസാണ് സാഹിത്യകാരനായി പ്രത്യക്ഷപ്പെടുന്നത്. ബഷീറിന്റെ വേഷവും ആകാരവും ടോവിനോയ്ക്കുണ്ടെങ്കിലും ഭാർഗവീനിലയത്തിലെ മധുവിന്റെ ഒപ്പമെത്തിയിട്ടില്ല. അതുപോലെ തന്നെയാണ് റോഷൻ മാത്യുവിന്റെ ശശികുമാറും പക്ഷേ, ഏറ്റവും അസഹനീയമായി മാറിയത് റീമകല്ലിങ്കലിന്റെ നായകവേഷമാണ്. അന്യഭാഷാ നടിയാണെങ്കിലും വിജയ നിർമ്മലയുടെ (മലയാളത്തിലെ അവരുടെ ആദ്യചിത്രം കൂടിയായിരുന്ന) പ്രണയ സല്ലാപവും കുസൃതിത്വം തുളുമ്പുന്ന സംഭാഷണവും ചടുലതയും റീമകല്ലിങ്കലിന് അന്യം വന്നപോലെയായി ഭാർഗവീനിലയത്തിലെയും നീലവെളിച്ചത്തിലെയും ഏറ്റവും മികച്ച ഘടകമേത് എന്ന് ചോദിച്ചാൽ ഒരുത്തരമേയുള്ളു. ബഷീറിന്റെ തിരക്കഥ. രണ്ട് സംവിധായകർക്കും പ്രയോജനപ്പെടുത്താവുന്ന സൂചകങ്ങൾ തിരക്കഥയിലുണ്ട്. അത് രണ്ട് കൂട്ടർക്കും ഗുണം ചെയ്തു. എങ്കിലും ആധുനിക സാങ്കേതികത വേണ്ടത്ര പ്രയോജനപ്പെടുത്താൻ ആഷിഖ് അബുവിനായില്ല എന്ന നിഗമനത്തിലെത്തേണ്ടിവരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.