19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 9, 2024
September 24, 2024
September 24, 2024
September 15, 2024
September 15, 2024
September 14, 2024
September 14, 2024
September 14, 2024
September 13, 2024
September 12, 2024

106 കോടിയുടെ റെക്കോർഡ് വിൽപ്പന; ചരിത്രം സൃഷ്ടിച്ച് കൺസ്യൂമർ ഫെഡ്

Janayugom Webdesk
കോഴിക്കോട്
August 30, 2023 7:22 pm

ഓണക്കാലത്ത് കൺസ്യൂമർഫെഡിന് 106 കോടിയുടെ റെക്കോർഡ് വില്പന. സഹകരണ സംഘങ്ങൾ നടത്തിയ 1500 ഓണച്ചന്തകളിലൂടെയും 175 ത്രിവേണി സൂപ്പർമാർക്കറ്റുകളിലൂടെയുമാണ് കൺസ്യൂമർഫെഡ് ഈ വില്പന കൈവരിച്ചത്. കേരളത്തിന്റെ നഗര ഗ്രാമീണ മേഖലകളിൽ ജനകീയ വേരോട്ടമുള്ള സഹകരണസ്ഥാപനങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം ഓണച്ചന്തകൾ ആരംഭിക്കുക വഴി വിലക്കയറ്റത്തെ ഫലപ്രദമായി പിടിച്ചുനിർത്താൻ ഓണക്കാലത്ത് കഴിഞ്ഞു.

സംസ്ഥാന, ജില്ലാ, ഗ്രാമീണ തലത്തിലുള്ള ചന്തകൾ വഴി 19 മുതൽ 28 വരെ പത്തുദിവസം നീണ്ട വിപണിയിടപെടലാണ് കൺസ്യൂമർഫെഡ് ഈ ഓണക്കാലത്ത് നടത്തിയത്. അവശ്യ സാധനങ്ങൾക്ക് പുറമെ 10 ശതമാനം മുതൽ 40 ശതമാനം വരെ വിലക്കുറവിൽ മറ്റ് നിത്യോപയോഗസാധനങ്ങളും ലഭ്യമാക്കിയതോടെ ഓണച്ചന്തകൾ ഏറെ ആകർഷണീയമായി. ഒരു കുടുംബത്തിനാവശ്യമായ എല്ലാ ഇനങ്ങളും ഓണച്ചന്തകളിൽ ലഭ്യമായിരുന്നു. ഉത്രാടപാച്ചിലിന് പോലും എല്ലാ ആവശ്യസാധനങ്ങളും ലഭ്യമാക്കി കൊണ്ട് കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ മികച്ചുനിന്നു.

അരി ഉൾപ്പെടെ 13 ഇനങ്ങൾ സബ്സിഡി നിരക്കിൽ ഓണച്ചന്തകളിലൂടെ ലഭ്യമാക്കി. ജയ, കുറുവ, മട്ട എന്നിവയ്ക്ക് മാർക്കറ്റിൽ 45 മുതൽ 55 വരെ വിലയുള്ളപ്പോൾ കിലോയ്ക്ക് 25 രൂപയ്ക്കാണ് ജനങ്ങളിലേക്ക് എത്തിച്ചത്. 20 ലക്ഷം കുടുംബങ്ങളിലേക്കായ് 6000 ടൺ അരിയാണ് ഓണച്ചന്തകളിലൂടെ ലഭ്യമായത്. 1200 ടൺ പഞ്ചസാര, 500 ടൺ ചെറുപയർ, 525 ടൺ ഉഴുന്ന്, 470 ടൺ കടല, 430 ടൺ വൻപയർ, 425 ടൺ തുവര, 450 മുളക്, 380 ടൺ മല്ലി എന്നിവ ഓണക്കാല വിപണിയിലൂടെ വില്പന നടന്നതായി കൺസ്യൂമർഫെഡ് അധികൃതർ അറിയിച്ചു. 12 ലക്ഷം പായ്ക്കറ്റ് വെളിച്ചെണ്ണയാണ് ഓണച്ചന്തകളിലൂടെ വില്പന നടത്തിയത്.

കൺസ്യൂമർഫെഡ് ഓണച്ചന്തകൾ വഴി 106 കോടിയുടെ വില്പന നടന്നതിൽ 50 കോടി സബ്സിഡി സാധനങ്ങളുടെയും 56 കോടി നോൺസബ്സിഡി സാധനങ്ങളുടെയും വില്പനയാണ്. നോൺ സബ്സിഡി സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കിയതോടൊപ്പം മിൽമ, റെയ്ഡ്ക്കോ, ദിനേശ് തുടങ്ങി കേരളത്തിലെ വിവിധ സഹകരണസ്ഥാപനങ്ങളുടെ ഉല്പന്നങ്ങൾക്കും വിപണി ലഭ്യമാക്കാൻ കൺസ്യൂമർഫെഡ് ഓണച്ചന്ത വഴി കഴിഞ്ഞു. പൊതുവിപണിയിൽ 1100 രൂപ വില വരുന്ന 13 ഇനങ്ങൾക്ക് സഹകരണ ഓണച്ചന്തകൾ വഴി ലഭ്യമാക്കിയത് 462 രൂപയ്ക്കാണ്.

വിലക്കുറവിനോടൊപ്പം കൺസ്യൂമർ ഫെഡ് ത്രിവേണി സൂപ്പർമാർക്കറ്റുകൾ വഴി ‘സമ്മാനമഴ’ എന്ന പേരിൽ സമ്മാന പദ്ധതി കൂടി ഈ ഓണക്കാലത്ത് ആരംഭിക്കുകയുണ്ടായി. വിലക്കുറവിനോടൊപ്പം ആകർഷകമായ സമ്മാനങ്ങളും കൂടി ലഭ്യമായപ്പോൾ ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ ഇത്തവണ ജനത്തിരക്കേറി. ഹോർട്ടി കോർപ്പുമായി സഹകരിച്ചും, സഹകരണസംഘങ്ങൾ ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ ശേഖരിച്ചും ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ പച്ചക്കറിച്ചന്തകളും ഇക്കുറി സജീവമാക്കി.

കേരളത്തിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ കൺസ്യൂമർഫെഡ് ഓണച്ചന്തകൾ പ്രധാന പങ്ക് വഹിച്ചുവെന്നും ഓണച്ചന്തകളിലെ വൻതിരക്കും വില്പന വർധനവും ഇതാണ് തെളിയിച്ചതെന്നും കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് പറഞ്ഞു.

Eng­lish Sum­ma­ry: record sales for con­sumerfed this onam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.