19 December 2024, Thursday
KSFE Galaxy Chits Banner 2

ഇന്ന് 36-ാം പിറന്നാൾ ; കൃഷിഭവന്‍ സേവനങ്ങൾ സ്മാർട്ടാക്കാൻ കർമ്മ പദ്ധതി

സുരേഷ് എടപ്പാൾ
മലപ്പുറം
September 1, 2023 7:00 am

കേരളത്തിന്റെ കാർഷിക മണ്ഡലത്തിൽ വന്‍മുന്നേറ്റങ്ങളുടെ ചാലകശക്തിയായ കൃഷിഭവനുകൾ 36-ാം വയസിലേക്ക്. 1987 സെപ്റ്റംബർ ഒന്നിനാണ് കൃഷിമന്ത്രി വി വി രാഘവന്റെ താല്പര്യത്തിൽ കൃഷിഭവനുകൾ പഞ്ചായത്തുകൾ തോറും പ്രവർത്തിച്ചു തുടങ്ങിയത്.
രണ്ടോ മൂന്നോ പഞ്ചായത്തുകള്‍ പരിധിയായി പ്രവർത്തിച്ചിരുന്ന കൃഷി ഓഫിസുകള്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ‘കൃഷിഭവനു‘കളായി മാറിയതോടെ പുത്തൻ കാർഷിക സംസ്കാരത്തിനാണ് മലയാള മണ്ണ് സാക്ഷിയായത്. കേരളീയ കർഷകന്റെ ആശാകേന്ദ്രങ്ങളായി മാറിയ കൃഷിഭവനുകൾ നിരന്തര പ്രവർത്തനത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ പുതിയകാലത്തിനൊത്ത് അടിമുടി മാറിക്കഴിഞ്ഞു. സ്മാർട്ട് കൃഷിഭവനുകളൊരുക്കി മൊബൈൽ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ സേവനങ്ങളുടെ ആനുകൂല്യങ്ങളും കാർഷിക രംഗത്തെ പുത്തൻ പ്രവണതകളും യഥാർത്ഥ കർഷകരിലെത്തിക്കാനുള്ള തീവ്രശ്രമം നടന്നുവരികയാണ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെയും വിഭവനാശത്തിന്റെയും മണ്ണുശോഷണത്തിന്റെയും കടുത്ത വന്യജീവി ശല്യത്തിന്റെയും കുറയുന്ന ഉല്പാദനത്തിന്റെയും വിപണിയില്ലായ്മയുടെയുമെല്ലാം പ്രതിസന്ധികളിൽ ഉഴലുന്ന കർഷകർക്ക് പ്രതീക്ഷയാണ് കൃഷിഭവനുകൾ സമ്മാനിക്കുന്നത്. കൃഷിയിടങ്ങളിൽ കർഷകൻ വിയർപ്പൊഴുക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കാതെ കൈത്താങ്ങായി മാറുന്ന വിവിധ പദ്ധതികളും പ്രവർത്തനങ്ങളുമാണ് കൃഷിഭവനുകള്‍ നടപ്പാക്കിവരുന്നത്. സമഗ്ര നെൽക്കൃഷി വികസനം, കേരഗ്രാമം, വിള ഇൻഷുറൻസ് പദ്ധതി, സൗജന്യ കാർഷിക വൈദ്യുതി പദ്ധതി, ഹോർട്ടി കൾച്ചർ മിഷൻ പദ്ധതികൾ, സമഗ്ര പച്ചക്കറി വികസന പദ്ധതി തുടങ്ങി 78ലേറെ പ്രവർത്തനങ്ങൾ നിലവിൽ കൃഷിഭവനുകളിലൂടെ നടന്നു വരുന്നുണ്ട്.

ജനകീയാസൂത്രണ പദ്ധതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടിൽ ഉല്പാദന മേഖലക്ക് നീക്കിവയ്ക്കുന്ന 40 ശതമാനം തുകയിൽ 30 ശതമാനവും കൃഷിഭവനുകളിലൂടെയാണ് കർഷകരിലെത്തുന്നത്. സംസ്ഥാനത്തെ ഒരു കൃഷിഭവനിലൂടെ ശരാശരി ഒരു കോടിയിലെറെ രൂപയാണ് വിവിധ പദ്ധതികളിലൂടെ കർഷകരിലെത്തുന്നത്. വിവിധ സർട്ടിഫിക്കറ്റുകൾ, കാർഷിക നിർദേശങ്ങൾ, മണ്ണുപരിശോധന, നടീൽ വസ്തുക്കളുടെ വിതരണം, വിള ഇൻഷുറൻസ്, വിളനാശം തിട്ടപ്പെടുത്തൽ, കൃഷിയിടപരിശോധന തുടങ്ങി നിരവധി ഫീൽഡ് തല പ്രവർത്തനങ്ങളും നടന്നുവരുന്നു.
സർവതോമുഖ കാർഷിക വികസനം മുഖ്യ ചുമതലയായി പ്രവർത്തിക്കുന്ന 1076 കൃഷിഭവനുകൾ ഇന്ന് സംസ്ഥാനത്തുണ്ട്. ഒരു കൃഷിഓഫിസർ, രണ്ടോ മൂന്നോ കൃഷി അസിസ്റ്റന്റുമാർ, ഒരു പാർട്ട് ടൈം സ്വീപ്പർ ഇവരാണ് കൃഷി ഭവനിലെ ജീവനക്കാർ. ഇപ്പോൾ ഫാം തൊഴിലാളികളടക്കം പന്ത്രണ്ടായിരത്തിലെറെ ജീവനക്കാരാണ് കാർഷികവികസന കർഷക ക്ഷേമ വകുപ്പിനു കീഴിലുള്ളത്. എന്നാൽ നിരന്തരമുള്ള യോഗങ്ങളും കടലാസുപണികളും റിപ്പോർട്ട് നിർമ്മാണവും, ഭൂമി തരം മാറ്റൽ ഫയൽ കൂമ്പാരവും കൃഷിഭവനുകളുടെ യഥാർത്ഥ ലക്ഷ്യം നിറവേറ്റുന്നതിൽ വിഘാതമാവുന്നുണ്ട് എന്ന് കർഷകർക്ക് പരാതിയുണ്ട്.

പരിമിതികളെയെല്ലാം മറികടന്ന് കർഷകരെയും തദ്ദേശസ്ഥാപനങ്ങളെയും ചേർത്തുപിടിച്ചുകൊണ്ടാണ് ഓരോ കൃഷിഭവനും കർഷകദിനവും ഓണച്ചന്തയുമെല്ലാം സംഘടിപ്പിക്കുന്നത്. കർഷകർക്ക് ഏറ്റവും മികച്ച സേവനമൊരുക്കാൻ സ്മാർട്ട് കൃഷിഭവനുകളുടെ പ്രവർത്തനം എല്ലാ ജില്ലകളിലും ആരംഭിച്ചു കഴിഞ്ഞു. സേവനങ്ങൾ കൂടുതൽ സ്മാർട്ടായി കർഷകരിലെത്തിക്കുന്ന ദൗത്യം കൃഷി ഓഫിസർമാരുടെ ജോലി ഭാരം കുറച്ച് ഫീൽഡ് വിസിറ്റിന് പ്രാമുഖ്യം കൊടുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.

Eng­lish Sum­ma­ry: krishi bha­vans up to 36 years

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.