November 29, 2023 Wednesday

Related news

November 21, 2023
November 19, 2023
November 18, 2023
November 8, 2023
November 4, 2023
November 1, 2023
October 11, 2023
October 10, 2023
October 6, 2023
September 26, 2023

കനിയുടെ കാവല്‍ക്കാരി…

ശ്യാമ രാജീവ്
തിരുവനന്തപുരം
August 22, 2023 1:19 pm

‘അമ്മയ്ക്ക് ഒരു അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്ന് മകന്‍ ഗംഗാധരന്‍ പറഞ്ഞപ്പോള്‍ ആ മുഖത്ത് വിടര്‍ന്ന പുഞ്ചിരി ആരുടേയും മനം നിറയ്ക്കും. അവാര്‍ഡിനെക്കുറിച്ച് കൂടുതലായൊന്നും അറിയില്ലെങ്കിലും പരപ്പിയുടെ മറുപടി ഇത്രമാത്രം, ഇത് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. അവാര്‍ഡ് ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്…

പറഞ്ഞുവരുന്നത്, തിരുവനന്തപുരം ജില്ലയിലെ വിതുര ആദിവാസി കോളനിയിലെ പരപ്പി എന്ന കര്‍ഷകയെക്കുറിച്ചാണ്. പ്രകൃതി സമ്മാനിച്ച ഒരു സസ്യത്തെ നിധി പോലെ അവര്‍ പരിപാലിച്ചു വളര്‍ത്തി. ആര്‍ക്കും പരിചിതമല്ലാതിരുന്ന അതിനെ ജനങ്ങളിലേക്ക് എത്തിച്ചു. ആ സസ്യസമ്പത്തിന്റെ പെരുമയിലൂടെ ദേശീയ അംഗീകാരവും പരപ്പിയെ തേടി എത്തി. നേട്ടത്തിന് പിന്നില്‍ പരപ്പിക്ക് പറയാനുള്ളത് വര്‍ഷങ്ങള്‍ പഴക്കമുള്ള ചരിത്രമാണ്. വനമണ്ണില്‍ ഒരു പഴത്തിനെ ഒരു കുഞ്ഞിനെപോലെ പരിപാലിച്ചു. ആ കുഞ്ഞ് വളര്‍ന്ന് മക്കളും മക്കളുടെ മക്കളും ഒക്കെ ആയി വംശപരമ്പര ഇങ്ങനെ തുടരുന്നു.

ഇനി ആ അത്ഭുത കനിയെക്കുറിച്ച് പറയാം. മണിതൂക്കി അല്ലെങ്കില്‍ മക്കള്‍ വളര്‍ത്തി എന്നു പേരുള്ള പൈനാപ്പിളിനെക്കുറിച്ച് എത്രപേ‍ര്‍ക്ക് അറിയാമെന്നറിയില്ല. എന്നാല്‍ അങ്ങനെ ഒന്നുണ്ട്. കാണാന്‍ ഏറെ ഭംഗിയുള്ള രുചിയുള്ള പൈനാപ്പിളാണ് ഈ മണിതൂക്കി. 30 വര്‍ഷം മുമ്പ് പരപ്പിക്ക് ചാത്തന്‍കോട് ഗിരിവര്‍ഗ കോളനിയില്‍ നിന്ന് സഹോദരന്റെ ഭാര്യയില്‍ നിന്നാണ് പരപ്പിക്ക് മണിതൂക്കി ലഭിക്കുന്നത്. വീട്ടില്‍ മടങ്ങിയെത്തിയ പരപ്പി അന്നത് വെറുതെ കളയാന്‍ തയ്യാറായില്ല. വീട്ടുമുറ്റത്ത് വിത്ത് നട്ടു കൃഷി ചെയ്യാന്‍ തീരുമാനിച്ചു. ആ തീരുമാനം തെറ്റായില്ലെന്ന് അവാര്‍ഡ് നേട്ടത്തിലൂടെ പരപ്പി തെളിയിച്ചു.

വലിയ തോതിലുള്ള കൃഷി അല്ലെങ്കിലും വനമണ്ണില്‍ ഇന്നും മണിതൂക്കി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു. രാസവളങ്ങളൊന്നും ഉപയോഗിക്കാതെ ജൈവ വളങ്ങള്‍ മാത്രമാണ് ഉയോഗിക്കുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കായ്ക്കുന്ന പൈനാപ്പിള്‍ ആവശ്യക്കാര്‍ക്ക് മാത്രമാണ് പരപ്പിയും കുടുംബവും നല്‍കുന്നത്. അവാര്‍ഡ് നേട്ടത്തിലേക്ക് പരപ്പിയുടെ യാത്ര തികച്ചും അപ്രതീക്ഷിതമായിരുന്നു. വിതുര മണിതൂക്കി ആദിവാസി ഗോത്ര വര്‍ഗ കോളനിയിലെ കുട്ടികളുടെ പ്രവേശനോത്സവ വേദിയില്‍ മുഖ്യാതിഥിയായിരുന്ന തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് സമ്മാനമായി പരപ്പി നല്‍കിയത് മണിതൂക്കിയെയാണ്.

സമ്മാനം കണ്ടപ്പോള്‍ എല്ലാവരും ഒന്ന് അമ്പരന്നു. ആരും ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത ഒന്ന്. പൈനാപ്പിളാണെന്ന് പറഞ്ഞപ്പോള്‍ എല്ലാവരുടേയും ആകാംക്ഷ കൂടി. കാണാനും കഴിക്കാനും കൊള്ളാമെന്ന് പരിപാടിയില്‍ പങ്കെടുത്തവരുടെ സാക്ഷ്യപത്രവും ലഭിച്ചു. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസറുടെ കൃഷി ഓഫിസറായ ഭാര്യയെ ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ വിവരം ധരിപ്പിച്ചു. തുടര്‍ന്നിങ്ങോട്ട് മണിതൂക്കിയെക്കുറിച്ചുള്ള അന്വേഷണങ്ങളായിരുന്നു. കൃഷി ഉദ്യോഗസ്ഥര്‍ പരപ്പിയുടെ അടുത്ത് നേരിട്ടെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. പിന്നീടത് കൃഷി വകുപ്പ് ഡോക്യുമെന്ററിയായി ചിത്രീകരിക്കുകയും ചെയ്തു. കൃഷിമന്ത്രി പി പ്രസാദ് ഔദ്യോഗിക വസതിയിലേക്ക് താമസം മാറുന്ന ദിവസം പരപ്പിയും കുടുംബവുമായിരുന്നു വിശിഷ്ടാതിഥികള്‍. അന്ന് മന്ത്രിക്ക് അവര്‍ സമ്മാനിച്ചത് മണിതൂക്കിയാണ്.

വ്യത്യസ്തത കണ്ട് വിവരങ്ങള്‍ അന്വേഷിച്ച മന്ത്രി കൃഷിക്കാവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പു നല്‍കിയതിനോടൊപ്പം ദേശീയ അവാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്കും നിര്‍ദേശിച്ചു. അങ്ങനെ പരപ്പിയും അവരുടെ മക്കള്‍വളര്‍ത്തിയും പുരസ്കാരപ്പട്ടികയില്‍ ഇടം പിടിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്റ് ഫാര്‍മേഴ്സ് റൈറ്റ്സ് അതോറിട്ടി ഏര്‍പ്പെടുത്തിയ ദേശീയ അവാര്‍ഡായ 2020–21 ലെ പ്ലാന്റ് ജെനോം സാവിയോര്‍ ഫാര്‍മേഴ്സ് റെക്കഗ്നീഷന്‍ ആണ് കാടിന്റെ കനിയെ സംരക്ഷിച്ച ഈ കാവല്‍ക്കാരിക്ക് ലഭിച്ചത്. സസ്യജനിതക സംരക്ഷണത്തിന് കര്‍ഷകര്‍ക്ക് മാത്രം നല്‍കി വരുന്നതാണ് ഈ ദേശീയ അവാര്‍ഡ്. 1.50 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്.

സെപ്റ്റംബര്‍ 12 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പരപ്പി അവാര്‍ഡ് ഏറ്റുവാങ്ങും. സാധാരണ പൈനാപ്പിളുകളില്‍ നിന്നും വ്യത്യസ്തമാണ് മക്കള്‍ വളര്‍ത്തി എന്നറിയപ്പെടുന്ന ഈ പൈനാപ്പിള്‍. ചുവടുഭാഗത്ത് വൃത്താകാരത്തില്‍ അടുക്കിവച്ചിരിക്കുന്ന നാലോ അഞ്ചോ ചക്കകളുണ്ടാകും. അതിനു മുകളിലായി നീണ്ടുകൂര്‍ത്ത അഗ്രവുമായി അമ്മചക്കയുമുണ്ടാകും. അതുകൊണ്ടാണ് മക്കള്‍ വളര്‍ത്തി എന്ന പേര് ലഭിച്ചത്. തലയില്‍ കൂമ്പിനുപകരം കുന്തം പോലെ തള്ളി നില്‍ക്കുന്ന അറ്റമുള്ളതുകൊണ്ട് കൂന്താണി എന്ന വിളിപ്പേരുമുണ്ട്. വനംവകുപ്പിന്റെ ഫോറസ്റ്ററായ ഗംഗാധരന്‍ കാണിയുടെ അമ്മയാണ് പരപ്പി. മണിതൂക്കി കോളനിയിലെ സ്വന്തമായുള്ള ഒരേക്കര്‍ ഭൂമിയിലെ വൈവിധ്യമാര്‍ന്ന കൃഷിയുടെയും മത്സ്യകൃഷിയുടേയും സംരക്ഷക കൂടിയാണ് പരപ്പി. എഴുപത്തിയേഴാം വയസിലും കൃഷിയാണ് തന്റെ ലോകമെന്ന് അവര്‍ പറയുന്നു. എല്ലാവരും കൃഷിയിലേക്ക് വരണമെന്നാണ് പരപ്പിയുടെ ഒരേ ഒരു ആഗ്രഹം. അടുത്ത മാസം നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് പരപ്പിയും കുടംബവും.

Eng­lish Sam­mury: Farmer Award Win­ner Parappi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.