17 November 2024, Sunday
KSFE Galaxy Chits Banner 2

ബിജെപി പാളയത്തില്‍ രാഷ്ട്രീയ അമ്പരപ്പ്

Janayugom Webdesk
September 1, 2023 5:00 am

പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ മൂന്നാമത് യോഗം മുംബൈ നഗരത്തിൽ ചേരുന്ന ദിവസംതന്നെ പാർലമെന്റിന്റെ ഇരുസഭകളുടെയും അസാധാരണ സമ്മേളനവും അതിനുമുന്നോടിയായി പാചകവാതക സിലിണ്ടറിന്റെ വിലയിൽ ഒറ്റയടിക്ക് ഇരുന്നൂറു രൂപ കുറച്ചുകൊണ്ടുള്ള പ്രഖ്യാപനവും ബിജെപി പാളയത്തിലെ അമ്പരപ്പിനെയാണ് തുറന്നുകാട്ടുന്നത്. ഇന്ത്യയുടെ പാർലമെന്റ് അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ് വർഷത്തിൽ മൂന്നിലധികം തവണ സമ്മേളിച്ചിട്ടുള്ളത്. പതിവ് രീതിയനുസരിച്ച് ബജറ്റ്, വർഷ, മഞ്ഞുകാല സമ്മേളനങ്ങളാണ് നടത്താറുള്ളത്. അടുത്തവർഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസാധാരണ സമ്മേളനം നടത്തി രാഷ്ട്രീയ മുൻകൈ തിരിച്ചുപിടിക്കാനുള്ള സാഹസിക ശ്രമത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപിയും മുതിർന്നിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ ഇന്ത്യ സഖ്യംവഴി കൈവരിച്ച ഐക്യവും മണിപ്പൂരിൽ അണയാൻ വിസമ്മതിക്കുന്ന വംശീയ കലാപത്തീയും ഗൗതം അഡാനിയുടെ ബിസിനസ് സാമ്രാജ്യവുമായി ബന്ധപ്പെട്ട ഏറ്റവുംപുതിയ വെളിപ്പെടുത്തലുകളും നരേന്ദ്രമോഡിയെയും സംഘത്തെയും അഭൂതപൂർവമായ രാഷ്ട്രീയ അമ്പരപ്പിലും വെല്ലുവിളിയിലുമാണ് എത്തിച്ചിരിക്കുന്നത്. അതിനെ അതിജീവിക്കാനുള്ള അവസാന വഴിയായാണ് അവർ അസാധാരണ പാർലമെന്റ് സമ്മേളനത്തെ കാണുന്നതെന്നുവേണം കരുതാൻ. നരേന്ദ്രമോഡിയും ബിജെപിയും ജനങ്ങളെ കബളിപ്പിക്കാൻ നാളിതുവരെ നടത്തിയ എല്ലാ കള്ളപ്രചരണങ്ങളും അവരെ തിരിഞ്ഞുകൊത്തുന്ന കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. എണ്ണയുടെയും പാചകവാതകത്തിന്റെയും വില നിർണയിക്കുന്നത് സർക്കാരല്ലെന്നും അതിനുള്ള അവകാശം എണ്ണക്കമ്പനികൾക്കാണെന്നുമാണ് ഇതുവരെയും അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നത്. തെരഞ്ഞെടുപ്പുകൾ വരുന്നതോടെ വിലനിർണയത്തിൽ കേന്ദ്രസർക്കാർ നേരിട്ട് ഇടപെടുന്നത് ഇതാദ്യമല്ല. ഇപ്പോൾ പാചകവാതകവില കുറച്ചതിനെ രക്ഷാബന്ധൻ പ്രമാണിച്ച് പ്രധാനമന്ത്രി ഇന്ത്യൻ സഹോദരിമാർക്ക് നൽകുന്ന സമ്മാനമെന്ന വ്യാഖ്യാനം തികഞ്ഞ രാഷ്ട്രീയ കാപട്യമല്ലാതെ മറ്റെന്താണ്?
ഇന്ത്യൻ വ്യവസായരംഗത്ത് ഗൗതംഅഡാനി കൈവരിച്ച അസാധാരണ വളർച്ചയ്ക്കുപിന്നിൽ ഗുജറാത്ത് മുഖ്യമന്ത്രിയും പിന്നീട് ഇന്ത്യൻ പ്രധാനമന്ത്രിയുമായ നരേന്ദ്രമോഡിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്നത് സാമാന്യ ബുദ്ധിയുള്ള എല്ലാ ഇന്ത്യക്കാർക്കും ബോധ്യമുള്ള വസ്തുതയാണ്. അത് അംഗീകരിക്കാൻ വിസമ്മതിക്കുന്നത് മോഡിയും ബിജെപിയും മാത്രമാണ്. 

ആധുനിക വ്യാപാര ധാർമ്മികതയ്ക്ക് നിരക്കാത്ത തട്ടിപ്പിലൂടെയും വഞ്ചനയിലൂടെയുമാണ് അഡാനി തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തതെന്ന് ജനുവരി മാസത്തിൽ ഹിൻഡൻബർഗ് ഗവേഷണ റിപ്പോർട്ട് തുറന്നുകാട്ടിയിരുന്നു. അത് അംഗീകരിക്കാൻ മോഡിസർക്കാർ വിസമ്മതിക്കുകയായിരുന്നു. കോർപറേറ്റ് അഴിമതികളും തട്ടിപ്പുകളും പുറത്തുകൊണ്ടുവരാനും ശിക്ഷാ നടപടികൾ സ്വീകരിക്കാനും നിയമാനുസൃതം ബാധ്യതപ്പെട്ട സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ആ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്ന് മാത്രമല്ല രാജ്യത്തെയും ജനങ്ങളെയും കബളിപ്പിച്ച അഡാനി സാമ്രാജ്യത്തെ വെള്ളപൂശാനാണ് ശ്രമിച്ചത്. ഇന്നലെ ദി ഗാർഡിയൻ, ഫിനാൻഷ്യൽ ടൈംസ് തുടങ്ങിയ ഉത്തരവാദിത്തപ്പെട്ട ആഗോളമാധ്യമങ്ങൾ പുറത്തുവിട്ട ‘സംഘടിത കുറ്റകൃത്യങ്ങളും അഴിമതികളും സംബന്ധിച്ച പദ്ധതി’ റിപ്പോർട്ട് (ഒസിസിആർപി) 2013 മുതൽ 2018 വരെ അഡാനി ഗ്രൂപ്പ് ഓഹരി വില ഉയർത്തിക്കാട്ടാൻ നടത്തിയ ആഗോളതട്ടിപ്പാണ് തുറന്നുകാട്ടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ രാഷ്ട്രീയ വളർച്ചയും അഡാനി ബിസിനസ് സാമ്രാജ്യത്തിന്റെ വളർച്ചയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. രാജ്യത്തെയും ജനങ്ങളെയും ആഗോള ബിസിനസ് ലോകത്തെയും കബളിപ്പിച്ചാണ് ഇരുവരുടെയും വളർച്ച എന്ന് ഒസിസിആർപി റിപ്പോർട്ട് തെളിയിക്കുന്നു. അത് തീർച്ചയായും വരാൻപോകുന്ന പൊതുതെരഞ്ഞെടുപ്പിൽ മുഖ്യ ചർച്ചാവിഷയമായി മാറും. അത് തടയുക എന്ന ലക്ഷ്യംകൂടി പാർലമെന്റിന്റെ അസാധാരണ സമ്മേളനത്തിന് ഉണ്ടെന്നുവേണം ഊഹിക്കാൻ. 

സാധാരണ കാര്യങ്ങളെ അസാധാരണമെന്നും അസാധാരണ കാര്യങ്ങളെ സാധാരണമെന്നും വ്യാഖ്യാനിക്കുന്ന നരേന്ദ്രമോഡിയുടെ രാഷ്ട്രീയ കാപട്യം ഇന്ത്യക്ക് ഇന്ന് സുപരിചതമാണ്. മണിപ്പൂരിലെ വംശീയ കലാപവും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളും സാമാന്യവല്‍ക്കരിച്ച നരേന്ദ്രമോഡിയുടെ കൗശലത്തിന് നാം സാക്ഷ്യം വഹിക്കുകയുണ്ടായി. ജി20 സമ്മേളനത്തിന് ഇന്ത്യ ആതിഥ്യം അരുളുന്നതും അതിന്റെ അധ്യക്ഷ പദവി വഹിക്കുന്നതും അംഗരാജ്യങ്ങളിൽ ഓരോന്നിന്റെയും അവകാശമാണ്. എന്നാൽ അത്തരം ഒരു സാധാരണ കാര്യത്തെ അസാധാരണമെന്ന് വ്യാഖ്യാനിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് മോഡിയും ബിജെപിയും ശ്രമിക്കുന്നത്. ജി20 ഉച്ചകോടിയെ തുടർന്ന് പാർലമെന്റിന്റെ അസാധാരണ സമ്മേളനം വിളിച്ചുകൂട്ടുന്നതിന്റെ പിന്നിലും അത്തരം ഒരു രാഷ്ട്രീയ മുതലെടുപ്പാണ് മോഡിയുടെയും ബിജെപിയുടെയും ലക്ഷ്യം. പാർലമെന്റിന്റെ അസാധാരണ സമ്മേളനം വിളിച്ചുചേർത്ത് കാലാവധി പൂർത്തിയാകും മുമ്പ് പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങി കൗശലപൂർവം അധികാരം നിലനിർത്താമെന്ന കണക്കുകൂട്ടലും അസ്ഥാനത്ത് ആവണമെന്നില്ല. രാജ്യത്തെ മതേതര ജനാധിപത്യ പ്രതിപക്ഷത്ത് വളർന്നുവന്നിട്ടുള്ള കൂട്ടായ്മയുടെ അന്തരീക്ഷം നരേന്ദ്രമോഡിക്കും ബിജെപിക്കും അനല്പമായ ആശങ്കക്ക് കാരണമായിട്ടുണ്ടെന്ന് അവരുടെ രൂക്ഷ പ്രതികരണം വ്യക്തമാക്കുന്നുണ്ട്. പാർലമെന്റിന്റെ അസാധാരണ സമ്മേളനം എന്ന തിരക്കിട്ട പ്രഖ്യാപനം പൊതുതെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്കുള്ള ആദ്യ ചുവടുവയ്പായിരിക്കും എന്നത് തർക്കമറ്റ വസ്തുതയാണ്. അത് ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കി രാജ്യത്തിന്റെ ഐക്യവും മതനിരപേക്ഷതയും ജനാധിപത്യവും നിയമവാഴ്ചയും ഉറപ്പുവരുത്താനുള്ള അവസരമാക്കി പ്രതിപക്ഷ ഇന്ത്യ സഖ്യം മാറ്റുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. 

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.