19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 13, 2024
November 12, 2024
November 12, 2024
November 10, 2024

ഒരേസമയം തെരഞ്ഞെടുപ്പ്: ഇത് നാലാമൂഴം

ശ്രാവസ്തി ദാസ്ഗുപ്ത
September 3, 2023 4:15 am

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’എന്നതിന്റെ സാധ്യത പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചതായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി കഴിഞ്ഞദിവസം അറിയിച്ചു. സംസ്ഥാന നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് എന്ന ആശയം പുതിയതല്ല. മുന്‍ കേന്ദ്ര സർക്കാരുകളും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഈ വാദം പലതവണ ഉന്നയിച്ചിരുന്നു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ രൂപീകരിച്ച സമിതി വിഷയം പരിശോധിക്കുന്നതിനുള്ള നാലാമത്തെ കമ്മിറ്റിയാണ്. നേരത്തെ, നിയമകമ്മിഷനും നിതി ആയോഗും പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയും വിഷയം ചർച്ച ചെയ്തിരുന്നു.
‘ഒരു കമ്മിറ്റി മാത്രമാണ് രൂപീകരിച്ചിരിക്കുന്നത്. അവര്‍ റിപ്പോർട്ട് സമര്‍പ്പിച്ചാല്‍ അത് പൊതുസഞ്ചയത്തിൽ അവതരിപ്പിക്കുകയും ചർച്ച നടത്തുകയും ചെയ്യു‘മെന്നാണ് ജോഷി വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞത്. റിപ്പോർട്ട് പാർലമെന്റിലെത്തിയാല്‍ അവിടെയും ചർച്ച ചെയ്യും. ചർച്ചകൾ നടക്കുമെന്നതിനാൽ പരിഭ്രാന്തരാകാനില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടേത്. ജനാധിപത്യത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന ഭാരതത്തിലെ പുതിയ മാറ്റമാണിത്. ഇത്തരമൊരു സംവിധാനം നാളെ നടപ്പാക്കുമെന്ന് ഇതിനർത്ഥമില്ല. പുതിയ വിഷയങ്ങൾ ജനാധിപത്യരീതിയില്‍ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്- കേന്ദ്ര മന്ത്രി പറഞ്ഞു. സർക്കാർ ഇങ്ങനെയൊരു കമ്മിറ്റി രൂപീകരിച്ചതായി റിപ്പോർട്ടുകള്‍ വന്നെങ്കിലും അതിന്റെ ഭരണഘടനയെക്കുറിച്ച് ഇതുവരെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല.
ലോക്‌സഭാ സെക്രട്ടേറിയറ്റ് റിസർച്ച് ആന്റ് ഇൻഫർമേഷൻ ഡിവിഷനിലെ നിയമ, ഭരണഘടനാകാര്യവിഭാഗം രേഖകളനുസരിച്ച് സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യത്തെ കുറച്ചുകാലം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും പാര്‍ലമെന്റ് തെരഞ്ഞെടുപ്പും ഒരേസമയം നടന്നു. 1967വരെ ഈ രീതി തുടർന്നെങ്കിലും 1968ലും 1969ലും ചില സംസ്ഥാന നിയമസഭകൾ കാലാവധിക്ക് മുമ്പേ പിരിച്ചുവിടപ്പെട്ടതിനെത്തുടർന്ന്, ഒരേസമയം തെരഞ്ഞെടുപ്പ് എന്ന സംവിധാനം തകിടംമറിഞ്ഞു. 1967ലെ തെരഞ്ഞെടുപ്പ് മുതൽ, ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞില്ല.
2014ൽ മോഡി സർക്കാർ അധികാരത്തിൽ വന്നതു മുതൽ ഒരേസമയം തെരഞ്ഞെടുപ്പ് എന്നത് അജണ്ടയായിരുന്നു. 2018 ഓഗസ്റ്റിൽ, ഇന്ത്യൻ നിയമ കമ്മിഷൻ ഇതേക്കുറിച്ചുള്ള കരട് റിപ്പോർട്ട് പുറത്തിറക്കി. ഭരണഘടനയനുസരിച്ച് ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്നാണ് കമ്മിഷൻ ചൂണ്ടിക്കാട്ടിയത്. ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്താൻ ഭരണഘടനയിലും 1951ലെ ജനപ്രാതിനിധ്യ നിയമത്തിലും ലോക്‌സഭാ, സംസ്ഥാന നിയമസഭാ നടപടിക്രമ ചട്ടങ്ങളിലും ഭേദഗതികൾ വരുത്തേണ്ടതുണ്ടെന്ന് അതിൽ പറയുന്നു. അതിനാകട്ടെ 50 ശതമാനം സംസ്ഥാനങ്ങളെങ്കിലും ഭരണഘടനാ ഭേദഗതികൾ അംഗീകരിക്കണം. 1999ൽ അന്നത്തെ നിയമ കമ്മിഷൻ ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ നിർദേശം നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പുകൾ ഒറ്റരാത്രികൊണ്ട് നടത്താൻ കഴിയില്ലെന്നും ജസ്റ്റിസ് ബി പി ജീവൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കമ്മിഷൻ മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പ് നിയമങ്ങളില്‍ പരിഷ്കരണം വരുത്താനും ശുപാർശ ചെയ്തു.


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പധിഷ്ഠിത പദ്ധതികള്‍


പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ് ലോ ആന്റ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി ‘ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് 2015 ഡിസംബറിൽ പാർലമെന്റിന്റെ മേശപ്പുറത്ത് വച്ചു. 1999ലെ നിയമ കമ്മിഷൻ റിപ്പോർട്ടിലെ കണ്ടെത്തലുകൾ കണക്കിലെടുത്ത് രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താന്‍ ശുപാര്‍ശചെയ്യുന്നതായിരുന്നു റിപ്പോര്‍ട്ട്. ഏതാനും നിയമസഭകളിലേക്ക് ലോക്‌സഭയുടെ കാലാവധി അവസാനിക്കുമ്പോഴും മറ്റുള്ളവ മധ്യഘട്ടത്തിലും നടത്താന്‍ റിപ്പോർട്ട് ശുപാർശ ചെയ്തു. ഏക പൊതുതെരഞ്ഞെടുപ്പിനുള്ള പ്രമേയം സഭയുടെ മൂന്നിൽ രണ്ട് പേരെങ്കിലും അംഗീകരിക്കണം (ഒഴിവുള്ള സീറ്റുകള്‍ ഉൾപ്പെടെ); അല്ലെങ്കിൽ അവിശ്വാസ പ്രമേയം പാസാക്കുകയും പതിനാല് ദിവസത്തിനുള്ളിൽ ‌ബദൽ സംവിധാനം ഒരുക്കാനാകാതെ വരികയും വേണം എന്ന നിബന്ധനയും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
2018 ഫെബ്രുവരിയിൽ നിയമ വകുപ്പ് സഹമന്ത്രി പി പി ചൗധരി, നിതി ആയോഗിന്റെ ശുപാർശകൾ ലഭിച്ചതായി ലോക്‌സഭയിൽ പറഞ്ഞു. 2019 ഏപ്രിൽ‑മേയ് മാസങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം പകുതിയോളം സംസ്ഥാനങ്ങളിലേക്കും 2021 ഒക്ടോബർ-നവംബർ മാസങ്ങളിൽ ബാക്കിയുള്ള സംസ്ഥാനങ്ങളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ നിര്‍ദേശമുണ്ടെന്നും ഇതിന് ഭരണഘടനാ വ്യവസ്ഥകളിൽ ഭേദഗതികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ റിപ്പോർട്ടുകളിലൊന്നും ഇതുവരെ ഒരു തീരുമാനവും എടുക്കാത്ത സര്‍ക്കാരാണ് ഇപ്പോൾ വിഷയം പരിശോധിക്കാൻ നാലാമത്തെ കമ്മിറ്റിയെ കൊണ്ടുവന്നിരിക്കുന്നത്. ചരക്ക് സേവന നികുതിയിലൂടെ ‘ഒരു രാഷ്ട്രം, ഒരു നികുതി’ എന്ന ലക്ഷ്യം നടപ്പാക്കിയശേഷമാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആവശ്യം മോഡി മുന്നോട്ടുവച്ചിരിക്കുന്നത്.
2019ല്‍ അധികാരത്തിൽ തിരിച്ചെത്തിയ ഉടൻ, മോഡി വിവിധ രാഷ്ട്രീയ നേതാക്കളെ കണ്ട് ഒരേസമയം തെരഞ്ഞെടുപ്പിന്റെ സാധ്യതകൾ ആരാഞ്ഞു. 2020 നവംബറിൽ, അഖിലേന്ത്യാ പ്രിസൈഡിങ് ഓഫിസർമാരെ അഭിസംബോധന ചെയ്തുകൊണ്ട് ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്നത് ഒരു ചർച്ച മാത്രമല്ല, രാജ്യത്തിന്റെ ആവശ്യമാണ് എന്ന് മോഡി പറഞ്ഞു. ഇക്കഴിഞ്ഞ മാർച്ചിൽ അന്നത്തെ നിയമമന്ത്രി കിരൺ റിജിജു, ഒരുമിച്ചുള്ള തെരഞ്ഞെടുപ്പിന് ചില വെല്ലുവിളികൾ അവശേഷിക്കുന്നുണ്ടെങ്കിലും പൊതു ഖജനാവിന് വലിയ ലാഭമുണ്ടാക്കുമെന്ന് ലോക്‌സഭയിൽ പറഞ്ഞു. പാർലമെന്റിന്റെ സഭകളുടെ കാലാവധിയുമായി ബന്ധപ്പെട്ട അനുച്ഛേദം 83, രാഷ്ട്രപതി ലോക്‌സഭ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം85, സംസ്ഥാന നിയമസഭയുടെ കാലാവധിയുമായി ബന്ധപ്പെട്ട അനുച്ഛേദം 172, സംസ്ഥാന നിയമസഭകൾ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം 174, സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം 356 തുടങ്ങി ഭരണഘടനയുടെ അഞ്ച് അനുച്ഛേദങ്ങളിലെങ്കിലും‌ ഭേദഗതികൾ ആവശ്യമാണെന്നും മറുപടിയില്‍ മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഫെഡറൽ ഭരണ ഘടനയെ സംബന്ധിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സംസ്ഥാന സർക്കാരുകളുടെയും സമവായം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് വരുന്നു; വർഗീയ സംഘര്‍ഷങ്ങളും


മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ടി എസ് മൂര്‍ത്തി പറയുന്നത്, ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്നതിന് ചില ഗുണങ്ങളും ദോഷങ്ങളുമുണ്ട് എന്നാണ്. ഗുണങ്ങൾ കൂടുതലാണെങ്കിലും നടപ്പാക്കല്‍ എളുപ്പമല്ല. ഭരണഘടനാ ഭേദഗതിയാണ് ഏറ്റവും നിർണായകമായത്. ‘സാമ്പത്തിക ലാഭമാണ് നേട്ടം, ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മാനസികാവസ്ഥ സംസ്ഥാന തെരഞ്ഞെടുപ്പുകളെ ബാധിക്കും എന്നതാണ് പോരായ്മ’ എന്നും മൂര്‍ത്തി പറയുന്നു. ഒരുമിച്ച് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ദേശീയ പ്രശ്നങ്ങളാവും ചർച്ചാവിഷയമാവുക. പ്രാദേശിക പ്രശ്‌നങ്ങൾ ശക്തമായി ഉന്നയിക്കാൻ കഴിയില്ലെന്നത് കോട്ടമാകും. തെരഞ്ഞെടുപ്പ് ചെലവുകളുടെയും തന്ത്രങ്ങളുടെയും കാര്യത്തിൽ വലിയ പാർട്ടികൾക്കൊപ്പമെത്താൻ പ്രാദേശിക പാർട്ടികൾക്ക് കഴിയില്ല എന്നതാണ് മറ്റൊരു വസ്തുത.
ദേശീയപ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള മോഡി സർക്കാരിന്റെ തന്ത്രപരമായ നീക്കമാണിതെന്ന് പ്രതിപക്ഷം വ്യക്തമാക്കിക്കഴിഞ്ഞു. ‘പ്രാദേശിക പ്രശ്നങ്ങളിലേക്ക് ദേശീയത കൊണ്ടുവരാനും അതിലൂടെ വോട്ടർമാരെ സ്വാധീനിക്കാനുമുള്ള നീക്കമാ‘ണെന്ന് കോൺഗ്രസ് ദേശീയ വക്താവ് അൻഷുൽ അവിജിത് പറഞ്ഞു. ‘ഇത് തെഞ്ഞെടുപ്പ് പ്രക്രിയ ലളിതമാക്കാനല്ല, സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ എങ്ങനെയെങ്കിലും അധികാരം പിടിക്കുക എന്നതാണ് ലക്ഷ്യം. ബലപ്രയോഗത്തിലൂടെയും അധികാരം പിടിച്ചെടുക്കുന്നതിലൂടെയും ഭരണഘടനാ ഭേദഗതി ചെയ്യാനുള്ള വഴിയെക്കുറിച്ച് അവർ ആലോചിക്കുന്നു’ അവിജിത് പറഞ്ഞു. പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ യോഗം, അഡാനിക്കെതിരായ പുതിയ വെളിപ്പെടുത്തലുകൾ, അരുണാചൽ പ്രദേശ് ഉൾപ്പെടുന്ന ചൈനയുടെ ഭൂപടം, തൊഴിലില്ലായ്മ, വര്‍ധിച്ച ദാരിദ്ര്യം, മണിപ്പൂര്‍ തുടങ്ങി ഗുരുതരമായ വെല്ലുവിളികൾ ഉണ്ടാകുമ്പോഴെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതുപോലൊരു വിഷയവുമായി രംഗത്തുവരാറുണ്ട്. ഇന്ത്യയുടെ മൂന്നാം യോഗം മുംബൈയിൽ നടക്കുന്നതിനിടെ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് സര്‍ക്കാര്‍ ഈ ആശയം പുറത്തെടുത്തതെന്ന് പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 18 മുതൽ 22 വരെ നടക്കാനിരിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് തൊട്ടുപിന്നാലെയാണ് കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കമെന്നത് പ്രതിപക്ഷത്തിന്റെ ആശങ്കകള്‍ക്ക് അടിവരയിടുന്നു.
(അവലംബം: ദ വയര്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.