19 December 2024, Thursday
KSFE Galaxy Chits Banner 2

ചന്ദ്രയാന്‍ ചിന്തകള്‍

രമേശ് ബാബു
മാറ്റൊലി
September 7, 2023 4:30 am

ന്ദ്രയാന്‍ പേടകം ചന്ദ്രന്റെ ഉപരിതലത്തില്‍ മൃദുവായി തൊട്ടിറങ്ങിയ 2023 ഓഗസ്റ്റ് 23ന് 140 കോടി ഇന്ത്യന്‍ ജനതയുടെ കാത്തിരിപ്പ് പൂവണിയുകയായിരുന്നു. ഇപ്പോഴും അവികസിതമായ, പട്ടിണിയും ദാരിദ്ര്യവും ഒഴിയാത്ത, പെറ്റുപെരുകലും അന്ധവിശ്വാസവും അനാചാരങ്ങളും വര്‍ഗീയ കലാപങ്ങളും ശാപമായി തുടരുന്ന ഇന്ത്യക്ക് ചന്ദ്രയാന്‍ 3 പോലുള്ള ഒരു ദുഷ്കര ദൗത്യം വിജയിപ്പിക്കാനാകുമോയെന്ന് ലോകരാഷ്ട്രങ്ങള്‍ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സമ്പൂര്‍ണ വിജയമാക്കി രാജ്യത്തിന്റെ അഭിമാനവും യശസും ശാസ്ത്രപ്രതിഭകള്‍ വാനോളമുയര്‍ത്തിയത്. അസമത്വങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയില്‍ നിന്ന് ചന്ദ്രനിലേക്ക് കുതിച്ച പേടകം ബഹിരാകാശ മേഖലയില്‍ ഇന്ത്യയുടെ ഭാവിദൗത്യങ്ങള്‍ക്ക് ആത്മവിശ്വാസത്തിന്റെ ഊര്‍ജം പകര്‍ന്ന് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. റഷ്യക്കും അമേരിക്കയ്ക്കും ചെെനയ്ക്കും പിന്നാലെ ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സ്പര്‍ശിച്ച ആദ്യ രാഷ്ട്രമായും ഇന്ത്യ മാറിക്കഴിഞ്ഞു.


ഇതുകൂടി വായിക്കൂ:  ചന്ദ്രയാന്‍ 3 ഇറങ്ങിയ ഇടം ഇനി ശിവശക്തി; പേരിട്ട് മോഡി


ചരിത്ര രചനയ്ക്കപ്പുറം ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഏറ്റവും ശ്രദ്ധേയമാക്കുന്നത്, ഒരു തട്ടുപൊളിപ്പന്‍ സിനിമ നിര്‍മ്മിക്കുന്ന ചെലവിലും താഴെ മാനവരാശിക്ക് പ്രയോജനപ്പെടുന്ന ശാസ്ത്രപരീക്ഷണങ്ങള്‍ സാധ്യമാക്കാമെന്ന് തെളിയിച്ചതാണ്. അമേരിക്ക ഒരു ചെറിയ ബഹിരാകാശ ദൗത്യത്തിനുപോലും 90,000 കോടി രൂപ ചെലവിടുന്നുണ്ടത്രേ! ചരിത്രമെഴുതിയ ചന്ദ്രയാന്‍ 3 ന് ചെലവഴിച്ചത് 615 കോടി രൂപ മാത്രമാണ്. ഇന്ത്യ 1962ലാണ് ബഹിരാകാശ ദൗത്യങ്ങളിലേക്ക് കാലെടുത്തുവയ്ക്കുന്നത്. ആ കാലഘട്ടത്തില്‍ത്തന്നെ യുഎസും സോവിയറ്റ് യൂണിയനും ഈ രംഗത്ത് ബഹുദൂരം മുന്നേറിക്കഴിഞ്ഞിരുന്നു. പിന്നിട്ട 60 വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യ ആ രാഷ്ട്രങ്ങള്‍ക്കൊപ്പം എത്തിയിരിക്കുകയാണ്. ഇതിനിടയിൽ ഇന്ത്യയുടെ സൂര്യപര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍ 1 രാജ്യത്തിന് മറ്റൊരു പൊന്‍തൂവലായി. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുവാനുള്ള ഗഗന്‍യാന്‍, ജപ്പാനുമായി ചേര്‍ന്നുള്ള ചാന്ദ്രപര്യവേക്ഷണം, 2024ലെ ബഹിരാകാശ ദൗത്യം, ചന്ദ്രനില്‍ ബഹിരാകാശനിലയം സ്ഥാപിക്കല്‍ ലക്ഷ്യമിടുന്ന ആര്‍ട്ടെമിസ് ദൗത്യം തുടങ്ങി ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ വിഭാവനം ചെയ്യുന്ന പദ്ധതികൾ ഒന്നൊന്നായി യാഥാര്‍ത്ഥ്യമാക്കുമ്പോള്‍ രാജ്യം ബഹിരാകാശരംഗത്ത് അനിഷേധ്യ ശക്തിയായി മാറും. ചെലവ് കുറഞ്ഞ ഇന്ത്യൻ പരീക്ഷണ ദൗത്യങ്ങളില്‍ പങ്കാളിയാകാനും ഗുണഭോക്താവാകാനും മറ്റ് രാഷ്ട്രങ്ങള്‍ കൂടുതല്‍ താല്പര്യമെടുക്കുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക രംഗവും കുതിച്ചുയരും.
ഒരു രാജ്യത്തിന്റെ ഭാവിപ്രതീക്ഷകളും സ്വപ്നങ്ങളും സാക്ഷാത്ക്കരിക്കുക എന്ന വലിയ ഉത്തരവാദിത്തവുമായാണ് ചന്ദ്രയാന്‍ 3 ദക്ഷിണധ്രുവത്തില്‍ ചെന്നിറങ്ങിയിരിക്കുന്നത്. വികസിത രാഷ്ട്രങ്ങള്‍ക്കൊന്നും ഇതുവരെ കഴിയാത്തൊരു കാര്യമാണ് വികസ്വര രാജ്യത്തുനിന്ന് എത്തപ്പെട്ട ചന്ദ്രയാന്‍ 3 നിര്‍വഹിച്ചിരിക്കുന്നത്. ഇരുള്‍മൂടിയ ദക്ഷിണധ്രുവ പ്രതലത്തില്‍ നിന്ന് ചന്ദ്രയാന്‍ കാമറകള്‍ ചുറ്റും കണ്ണോടിക്കുമ്പോള്‍ ആത്മഗതം ചെയ്യുന്നത്:

‘കസ്തൂരിമാനില്ല, കല്ലോനിയില്ല
കല്പകത്തളിര്‍മരത്തണലില്ല.
ഏതോ വിരഹത്തില്‍
ഇരുള്‍ വന്നുമൂടുമൊ-
രേകാന്തശൂന്യതയല്ലോ…’ എന്നായിരിക്കും.

മനുഷ്യകുലത്തിനു വേണ്ടി അവിടെ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുന്ന ചന്ദ്രയാന്‍ പേടകവും അനുബന്ധ ഘടകങ്ങളും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒട്ടേറെ പുത്തനറിവുകള്‍ ഭൂമിയിലേക്ക് പകര്‍ന്നുകഴിഞ്ഞു. 140 കോടി ജനങ്ങളുടെ ആത്മാഭിമാനവും പ്രത്യാശകളും പേറി ചന്ദ്രമണ്ഡലത്തിലെ ഏകാന്ത മൂകതയിലിരുന്ന് ദൗത്യനിര്‍വഹണം ഭംഗിയാക്കുന്ന ചന്ദ്രയാന്‍ സ്വന്തം ഉറവിടത്തിലേക്ക് ദൃഷ്ടിയൂന്നുമ്പോള്‍ ജന്മഭൂമിയെ ഓര്‍ത്ത് ഒരേസമയം അഭിമാനിക്കുകയും പരിതപിക്കുകയും ചെയ്യുന്നുണ്ടാവാം.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അറിവിലും ജ്ഞാനത്തിലും സമ്പന്നതയിലും മുന്നില്‍ നിന്നൊരു രാജ്യത്തേക്ക്, അതിലൊക്കെ കണ്ണുവച്ച് വൈദേശികരും കുടിയേറ്റക്കാരും അധിനിവേശികളും കടന്നെത്തി കയ്യടക്കാനും കൊള്ളയടിക്കാനും ഊറ്റിയെടുക്കാനും പരിവര്‍ത്തിപ്പിക്കാനും ആക്രമണോത്സുകതയോടെ ശ്രമിച്ചെങ്കിലും ഇന്ത്യ അതിജീവിച്ചു.


ഇതുകൂടി വായിക്കൂ:  അമ്പിളി അമ്മാവാ കുമ്പിളിലെന്തുണ്ട്


പരാദങ്ങളെ കുടഞ്ഞെറിഞ്ഞ് രാഷ്ട്രം സ്വാതന്ത്ര്യത്തിലേക്ക് ചുവടുവച്ചുവെങ്കിലും പുഴുക്കുത്തുകളുടെ വടുക്കള്‍ ചൊറിഞ്ഞുപൊട്ടുന്നതിനാല്‍ അതിര്‍ത്തി സംഘര്‍ഷങ്ങളായും മതജാതിവര്‍ഗീയ വംശീയ ലഹളകളായും അവയൊക്കെ നീറിക്കൊണ്ടിരിക്കുന്നു. അതിനും പുറമെയാണ് വര്‍ത്തമാനകാല ഇന്ത്യൻ ജീവിതം നിലനില്പിനായി അഭിമുഖീകരിക്കേണ്ടി വരുന്ന ഭൗതിക യാഥാര്‍ത്ഥ്യങ്ങള്‍. ഇന്ത്യയുടെ പുരോഗതിയിലും വളര്‍ച്ചയിലും അസഹിഷ്ണുക്കളാകുന്ന ചൈന, പാകിസ്ഥാന്‍ പോലുള്ള അയല്‍രാജ്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍, ഭീകരവാദം, ആഭ്യന്തരമായി കുതിച്ചുയരുന്ന വിലക്കയറ്റവും വരുമാനക്കുറവും മൂലം ഇന്ത്യാക്കാര്‍ക്ക് ഭക്ഷണരീതി പുനഃക്രമീകരിക്കേണ്ടി വരുന്നുവെന്ന യുഎന്‍ റിപ്പോര്‍ട്ട് (സ്റ്റേറ്റ് ഓഫ് സെക്യൂരിറ്റി ആന്റ് ന്യൂട്രീഷന്‍ ഇന്‍ ദ വേള്‍ഡ് 2023 റിപ്പോർട്ട് 74 ശതമാനം ഇന്ത്യാക്കാര്‍ക്കും ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് സൂചിപ്പിക്കുന്നു.), വൈരുധ്യമായി തുടരുന്ന രാജ്യത്തെ ഇന്ധനവില (അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില കുത്തനെ കുറഞ്ഞാലും ഇന്ത്യയില്‍ കൂടിക്കൊണ്ടിരിക്കും.), കാലാവസ്ഥാവ്യതിയാനവും നയങ്ങളും ചേർന്ന് കര്‍ഷകജീവിതം ദുരിതത്തിലാക്കിയതിനാല്‍ ഉയരുന്ന റീട്ടെയില്‍ പണപ്പെരുപ്പം (വിലക്കയറ്റത്തോത് 7.44 ശതമാനമെന്ന് ആര്‍ബിഐ), രാജ്യത്തെ 77 ശതമാനം സമ്പത്തും 10 ശതമാനം വരുന്ന സമ്പന്നരാണ് കൈയടക്കിവച്ചിരിക്കുന്നതെന്ന ഓക്സ്ഫാം ഏജന്‍സി റിപ്പോർട്ട്, ഇന്ത്യയുടെ ജിഡിപി വരുമാന വളര്‍ച്ച ഇതര രാഷ്ട്രങ്ങളെക്കാള്‍ വേഗമാര്‍ജിക്കുന്നുണ്ടെങ്കിലും ജനതയ്ക്കിടയിലെ സാമ്പത്തിക‑സാമൂഹിക അന്തരം കൂടിവരികയാണെന്നുള്ള സാമ്പത്തിക വിദഗ്ധരുടെ വെളിപ്പെടുത്തല്‍, തൊഴിലില്ലായ്മാ നിരക്ക് 7.95 (ജൂലൈ 2023) ആയി ഉയര്‍ന്നിരിക്കുന്ന അവസ്ഥ… ചുരുക്കത്തില്‍ അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിതം മെച്ചപ്പെടുത്തണമെങ്കില്‍ ചന്ദ്രയാന്‍ ദൗത്യം വിജയിപ്പിച്ച പ്രതിഭകളുടെ തലത്തില്‍ ഭരണകര്‍ത്താക്കളും നയരൂപീകരണ സമിതി അംഗങ്ങളും ചിന്തിക്കേണ്ടിയും നിഷ്കാമമായി പ്രവര്‍ത്തിക്കേണ്ടിയുമിരിക്കുന്നു. എങ്കില്‍ മാത്രമേ ബഹിരാകാശ വിജയങ്ങളുടെ വര്‍ണപ്പൊലിമ, ഇതരമേഖലകളിലും രാജ്യത്തിന് ശോഭ പകരുകയുള്ളു. ശാസ്ത്രനേട്ടങ്ങള്‍ക്കൊപ്പം മറ്റു പരാധീനതകളും പരിഹരിച്ചെങ്കിലേ ഇല്ലായ്മകള്‍ക്കിടയിലും നിലാവ് പൊഴിക്കുന്ന ചന്ദ്രയാന്‍ പ്രഭ പൂര്‍ണമായും ആസ്വദിക്കാനാവൂ. ബഹിരാകാശ പര്യവേക്ഷണങ്ങളിലെ ഉത്സാഹവും ശുഷ്കാന്തിയും ലക്ഷ്യബോധവും സര്‍വമേഖലകളിലേക്കും പടര്‍ത്താനായാല്‍ സ്വാമി വിവേകാനന്ദന്‍ പ്രവചിച്ചതുപോലെ, ഇന്ത്യ ലോകനേതൃത്വത്തിലേക്കുയരാന്‍ അധികം സമയം വേണ്ടിവരില്ല.

മാറ്റൊലി
കയ്യില്‍ കിട്ടാത്ത വെള്ളി പാത്രമല്ല
ഇന്ത്യാക്കാര്‍ക്ക് ഇനി അമ്പിളി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.