5 November 2024, Tuesday
KSFE Galaxy Chits Banner 2

കേരളവും ഇടതുപക്ഷവും ഫാസിസത്തിന്റെ എതിർചേരി: ടീസ്ത

മഹിളാ സംഘം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും
Janayugom Webdesk
തൃശൂർ
September 10, 2023 8:33 am

കേരളവും ഇടതുപക്ഷവുമാണ് ഫാസിസത്തിന്റെ എതിർചേരിയെന്ന് മാധ്യമ പ്രവർത്തകയും ആക്ടിവിസ്റ്റുമായ ടീസ്ത സെതൽവാദ്. കേരള മഹിളാസംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഗൗരി ലങ്കേഷ് നഗറിൽ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. 

മോഡി സർക്കാർ പാഠപുസ്തകങ്ങളിൽ നിന്ന് ഡാർവിനെയും ഗാന്ധിജിയെയും മൗലാന ആസാദിനെയും ഗുജറാത്ത് കലാപത്തെയും ഒഴിവാക്കിയപ്പോൾ കേരള സർക്കാർ യഥാർത്ഥ ചരിത്രത്തെ സമൂഹത്തിലേക്കെത്തിക്കുകയായിരുന്നു. ബിജെപി സർക്കാർ ഗാന്ധിജിയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അദ്ദേഹം ആരായിരുന്നുവെന്നോ എന്തിന് കൊല്ലപ്പെട്ടുവെന്നോ വ്യക്തമാക്കുന്നില്ല. നാം കടന്നുപോകുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ്. സബർമതി ജയിലിൽ തന്നെ കാണാനെത്തിയ ആനി രാജയെയും രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നും പിന്തുണയറിച്ച് എത്തിയ 2700 ഓളം കത്തുകളും നന്ദിയോടെ ഓർക്കുന്നുവെന്നും അവർ പറഞ്ഞു.
ഫാസിസ്റ്റ് അതോറിട്ടിയായി മാറിയ കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ ദ്രോഹിക്കുകയാണ്. കേന്ദ്ര ഭരണകൂടം ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ജനാധിപത്യം സംരക്ഷിക്കാൻ ബാധ്യതയുള്ള കേന്ദ്ര സർക്കാരിൽ നിന്ന് ജനാധിപത്യ വിരുദ്ധമായ നടപടികളാണുണ്ടാവുന്നത്. ഈ സാഹചര്യത്തിൽ ഫാസിസത്തിനെതിരെയുള്ള പോരാട്ടം നാം ശക്തമാക്കണമെന്നും ടീസ്ത സെതൽവാദ് പറഞ്ഞു. 

മതന്യൂനപക്ഷങ്ങൾ, സാധാരണക്കാർ, തൊഴിലാളികൾ, കർഷകർ തുടങ്ങിയ സമൂഹത്തിന്റെ എല്ലാ മേഖലയെയും ഫാസിസ്റ്റ് ഭരണകൂടം ലക്ഷ്യമിടുകയാണ്. മണിപ്പൂരിലടക്കം നടന്നുക്കൊണ്ടിരിക്കുന്ന സംഭവങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന സംസ്ഥാന–കേന്ദ്ര സർക്കാരുകൾ ജനങ്ങളുടെ പണം ഉപയോഗിച്ച് രാജ്യാന്തര സമ്മേളനം ആഘോഷിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
റവന്യുമന്ത്രി കെ രാജൻ അധ്യക്ഷനായി. സാമൂഹിക പ്രവർത്തക മല്ലിക സാരാഭായ് മുഖ്യപ്രഭാഷണം നടത്തി. ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്, കെയുഡബ്ല്യുജെ പ്രസിഡന്റ് എം വി വിനീത, അഡ്വ. ഇന്ദിര രവീന്ദ്രൻ എന്നിവർ പ്രഭാഷണം നടത്തി. പ്രൊഫ. സി വിമല സ്വാഗതവും ബിജി സദാനന്ദൻ നന്ദിയും പറഞ്ഞു.
എട്ടിന് ആരംഭിച്ച പ്രതിനിധി സമ്മേളനം ഇന്ന് സമാപിക്കും. സമ്മേളനത്തിൽ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുക്കും. തുടർന്ന് വൈകിട്ട് അഞ്ചിന് റോസമ്മ പുന്നൂസ് നഗറിൽ (തെക്കേഗോപുര നടയിൽ) നടക്കുന്ന പൊതുസമ്മേളനം നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൺ (എൻഎഫ്ഐഡബ്ല്യു) ദേശീയ ജനറൽ സെക്രട്ടറി ആനിരാജ ഉദ്ഘാടനം ചെയ്യും. 

Eng­lish Sum­ma­ry: Ker­ala and the left are anti-fas­cism: Teesta

You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.