പ്രധാനപ്പെട്ട 10 വാര്‍ത്തകളുമായി ജനയുഗം മോജോ ന്യൂസ്
1. നിപ ചികിത്സയ്ക്കായുള്ള മരുന്നുകൾ ബുധനാഴ്ച വൈകീട്ട് കോഴിക്കോട് എത്തിക്കുമെന്ന് ആരോഗ്യമന്ത്രി. ഐസിഎംആറുമായി ഇത് സംബന്ധിച്ചുള്ള ചർച്ച നടത്തി. വിമാനമാർഗമാവും മരുന്നുകൾ എത്തുക. നിപ രോഗിയുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
2. നിപ പശ്ചാത്തലത്തിൽ കണ്ടെയിന്‍മെന്റ് സോണുകളിൽ ഉൾപ്പെട്ട മുഴുവന്‍ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും വീട്ടിലിരുന്ന് അറ്റന്‍ഡ് ചെയ്യാവുന്ന തരത്തിൽ ഓൺലൈന്‍ ക്ലാസുകൾ സംഘടിപ്പാന്‍ വിദ്യാഭ്യാസമന്ത്രിയുടെ നിർദേശം. പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദേശം നൽകിയതായി മന്ത്രി ശിവന്‍കുട്ടി അറിയിച്ചു.
3. ബി ജെ പി മുൻ സംഘടനാ ജനറൽ സെക്രട്ടറി പി പി മുകുന്ദൻ (76 ) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം 10.30 ന് കൊച്ചിയിലെ ആർ എസ് എസ് കാര്യാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും. 2 മണിയോടെ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടു പോകും. സംസ്കാരം നാളെ വൈകിട്ട് കണ്ണൂരിൽ.
4. തൃശൂർ ചൊവ്വൂരിൽ പൊലീസുകാരനെ വെട്ടിയ പ്രതികൾ പിടിയിൽ. മൂന്ന് പേരാണ് പുതുക്കാട് നിന്നും പിടിയിലായത്. ചൊവ്വൂർ സ്വദേശികളായ ജിനോ, മെജോ, അനീഷ് എന്നിവരാണ് പിടിയിലായത്. ജിനോ ജോസ് കൊലക്കേസ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് ആക്രമണം നടന്നത്.
5. പോണ്‍ വീഡിയോകള്‍ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ലെന്ന് കേരളാ ഹൈക്കോടതി. പൊതുസ്ഥലത്ത് നിന്ന് പോണ്‍ വീഡിയോ കണ്ടതിന് യുവാവിനെതിരെ ആലുവ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. പോണ്‍ വീഡിയോകള്‍ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമാണ് കുറ്റമെന്നും, ഡിജിറ്റല്‍ യുഗത്തില്‍ ഇത്തരം വീഡിയോകള്‍ ലഭിക്കാന്‍ പ്രയാസമില്ലെന്നും കോടതി വ്യക്തമാക്കി.
6. തുടർച്ചയായി 4 ദിസവം മാറ്റമില്ലാതെയിരുന്ന സ്വർണവിലയിൽ ഇന്ന് (13/09/2023) നേരിയ ഇടിവ്. പവന് 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വർണത്തിന്‍റെ വില 43,600 രൂപയായി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 5450 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.
7. കേരളത്തിന്റെ റെയില്‍വേ വികസന പാതയില്‍ വഴിത്തിരിവാകുന്ന അങ്കമാലി-ശബരി പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് സംസ്ഥാനം കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രാനുമതിയോടെ മാത്രമേ റെയിൽ പദ്ധതികൾ നടപ്പാക്കാനാവൂ എന്നും ഇത്തരം കാര്യങ്ങളിൽ നാം ഒന്നിച്ച് ശബ്ദം ഉയർത്തണമെന്നും എല്‍ദോസ് പി കുന്നപ്പിള്ളിയുടെ സബ്മിഷന് മറുപടിയായി അദ്ദേഹം പറഞ്ഞു.
8. പത്തനംതിട്ട എം സി റോഡിൽ കുരമ്പാല അമ്യത വിദ്യാലയത്തിന് മുൻപിൽ അപകടം. കെ എസ് ആർ ടി ബസും ഡെലിവറി വാനും കൂട്ടിയിടിച്ച് ട്രക്കിൽ ഉണ്ടായിരുന്ന രണ്ട് പേർ മരിച്ചു. എറണാകുളം സ്വദേശികളാണ് രണ്ട് പേരും. ബുധനാഴ്ച രാവിലെ 6.30 ഓടായിരുന്നു സംഭവം. പന്തളം ഭാഗത്ത് നിന്നും വന്ന ഡെലിവറി വാൻ അടൂർ ഭാഗത്ത് നിന്നും വന്ന ബസിൽ ഇടിക്കുകയായിരുന്നു. ഡെലിവറി വാൻ ഓടിച്ചവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് നാട്ടുകാർ പറഞ്ഞു.
9. രാജസ്ഥാനിലെ ഭരത്പൂരിൽ ട്രക്ക് ബസിൽ ഇടിച്ച് 11 മരണം. ജയ്പൂർആഗ്ര ഹൈവേയിൽ ഹൻത്രയ്ക്ക് സമീപം നടന്ന അപകടത്തിൽ 12 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗുജറാത്തിലെ ഭാവ്‌നഗറിൽ നിന്ന് ഉത്തർപ്രദേശിലെ മഥുരയിലേക്ക് പോകുകയായിരുന്നവരാണ് അപകടത്തിൽപെട്ടത്.
10. ബ്രിട്ടീഷ് ഭ്രൂണശാസ്ത്രജ്ഞൻ ഇയാൻ വിൽമുട്ട്(79) അന്തരിച്ചു. ക്ളോണിങ്ങിലൂടെ ലോകത്താദ്യമായി സസ്തനിയെ സൃഷ്ടിച്ച സംഘത്തിന് നേതൃത്വം കൊടുത്ത ബ്രിട്ടീഷ് ഭ്രൂണ ശാസ്ത്രജ്ഞനാണ് ഇയാൻ. എഡിൻബർഗ് സർവകലാശാലയാണ് ഇയാന്റെ മരണ വിവരം പുറത്ത് വിട്ടത്. 1996 ൽ ഇയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ക്ലോണിങ്ങിലൂടെ സ്കോട്ട്‌ലൻഡിലെ റോസ്‍ലിൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ബയോസയൻസിൽ വച്ച് ഡോളി എന്ന ചെമ്മരിയാടിന് ജന്മം നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.