പനി ലക്ഷണങ്ങൾ പ്രകടിപ്പിച്ച രണ്ട് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും. കാട്ടാക്കട സ്വദേശിനിയുടെയും മെഡിക്കൽ കോളജിലെ ഒരു വിദ്യാർത്ഥിയുടെയും സാമ്പിളുകളാണ് അയക്കുന്നത്. കാട്ടാക്കട സ്വദേശിനിയുടെ അടുത്ത ബന്ധുക്കൾ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഇവർക്ക് പനിയുണ്ടായി. മുൻകരുതൽ എന്ന നിലയിൽ ഇവരെ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
കോഴിക്കോട് നിന്ന് വന്ന മെഡിക്കൽ കോളജ് വിദ്യാർത്ഥിയെയും പനിയെ തുടർന്ന് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രണ്ട് പേരുടെ സാമ്പിളും തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് അയക്കുന്നത്.
നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി തിരുവനന്തപുരത്ത് രണ്ട് പേർ പ്രത്യേക നിരീക്ഷണത്തിലാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാട്ടാക്കട സ്വദേശിയായ വീട്ടമ്മയും തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർത്ഥിയായ കോഴിക്കോട് സ്വദേശിയുമാണ് പനി, ശ്വാസംമുട്ടൽ എന്നിവയെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്നതെന്നുമായിരുന്നു വാര്‍ത്തകള്‍.
അതേസമയം സംസ്ഥാനത്ത് പുതിയ നിപ്പ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. പരിശോധിച്ചതിൽ ഇതുവരെ 94 സാംപിളുകൾ നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു. ഇന്ന് 11 സാംപിളുകളാണ് നെഗറ്റീവായത്. മെഡിക്കൽ കോളജിൽ 21 പേരാണ് ഐസലേഷനിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ഐഎംസിഎച്ചിൽ രണ്ടു കുട്ടികൾ കൂടിയുണ്ട്. പോസിറ്റീവായിട്ടുള്ള ആളുകൾ ചികിത്സയിലുള്ള ആശുപത്രികളിൽ മെഡിക്കൽ ബോർഡുകൾ നിലവിൽ വന്നതായും ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട് ചേർന്ന ആരോഗ്യ വിദഗ്ധരുടെ യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. നിപ സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച രണ്ടുപേര്‍ക്കെതിരെ കേസെടുത്ത വിവരവും മന്ത്രി പങ്കുവച്ചിരുന്നു.
English Sammury: Samples from two people who showed flu symptoms will be sent for testing
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.