17 November 2024, Sunday
KSFE Galaxy Chits Banner 2

അല്പന് ഐശ്വര്യം കിട്ടിയാല്‍…

ദേവിക
വാതിൽപ്പഴുതിലൂടെ
September 18, 2023 4:00 am

ലോകാതിശയങ്ങള്‍ ഏഴല്ല, എട്ടായി. എട്ടാമത്തെ അത്ഭുതമായി മോഡി സംഘടിപ്പിച്ച ജി20 ഉച്ചകോടി. ഉച്ചകോടി നടത്തിയത് മോഡിയുടെ സംഘടനാപാടവത്തിനുദാഹരണമെന്ന് വിദേശകാര്യ മന്ത്രിയായ എസ് ജയശങ്കര്‍ പോലും ഇന്നലെ തിരുവനന്തപുരത്ത് വന്ന് പ്രഖ്യാപിച്ചുകളഞ്ഞു. ഇതൊക്കെ കേട്ടാല്‍ തോന്നും ജി20 ആണ് പട്ടിണിക്കോലങ്ങളുടെ നാടായ ഇന്ത്യയെ അന്നമൂട്ടുന്നതെന്ന്. ഉച്ചകോടിയില്‍ പങ്കെടുത്തത് 18 രാഷ്ട്രത്തലവന്മാര്‍. ലോകമഹാശക്തികളായ റഷ്യയുടെയും ചെെനയുടെയും തലവന്മാര്‍ പങ്കെടുത്തുമില്ല. പങ്കെടുത്ത കാനഡയാകട്ടെ അടിച്ചുപിരിഞ്ഞു. ഈ കലിപ്പില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ വിമാനത്തിന് കേടുപാടുണ്ടാക്കി രണ്ടുദിവസം അദ്ദേഹത്തെ ബന്ദിയാക്കിയ മോഡിയുടെ തറവേല. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 100 രാഷ്ട്രത്തലവന്മാര്‍ക്ക് ആതിഥ്യമരുളിയ രാജ്യമാണ് ഇന്ത്യ. മോഡിയുടെ ഉച്ചകോടിക്ക് തൊട്ടുമുമ്പ് ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ഉച്ചകോടിക്ക് ചെലവായത് വെറും 356 കോടി രൂപ. പക്ഷെ ഡല്‍ഹിയില്‍ നടന്ന ഉച്ചകോടിക്ക് ചെലവായത് 4111 കോടി. ഇതില്‍ നല്ലൊരു പങ്കും ചെലവായത് ഡല്‍ഹിയിലെ പട്ടിണിപ്പാവങ്ങളായ നാലരലക്ഷം ചേരിനിവാസികളെ കുടിയൊഴിപ്പിക്കാനും അവശേഷിക്കുന്ന ചേരികള്‍ ടാര്‍പ്പാളിന്‍ കെട്ടി മറയ്ക്കാനും. ‘അതിഥി ദേവോ ഭവ’ എന്ന ആപ്തവാക്യം പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി എന്ന മട്ടില്‍ അതിഥികളായ രാഷ്ട്രത്തലവന്മാരുടെ കുഞ്ഞന്‍ ചിത്രങ്ങള്‍ക്കിടെ മോഡിയുടെ പടുകൂറ്റന്‍ കട്ടൗട്ടുകള്‍. ബാലിയിലും ഡല്‍ഹിയിലും നടന്ന ഉച്ചകോടികള്‍ ദീര്‍ഘിച്ചത് രണ്ട് ദിവസം. പക്ഷെ ഡല്‍ഹിയിലെ ചെലവ് 20 ഇരട്ടി. അതായത് ഉച്ചകോടി നടത്തിപ്പിന്റെ വകയിലും 3,500 കോടിയെങ്കിലും തട്ടിയിട്ടുണ്ടാവുമെന്നുറപ്പ്. ചില ഉത്സവ നടത്തിപ്പുവീരന്മാര്‍ ചെറിയൊരു ചിറപ്പു നടത്തിയിട്ട് മഹോത്സവം നടത്തിയതായി ചെലവെഴുതി പണം തട്ടുന്ന രീതി. ഉച്ചകോടി വിജയിപ്പിച്ചതിന് തന്നെ പട്ടുകച്ചയണിയിക്കാനും പിറന്നാള്‍ ആഘോഷിക്കാനും സ്തുതിപാഠകര്‍ക്ക് കല്പന നല്‍കുന്നു. കഴിഞ്ഞ വര്‍ഷം ഇങ്ങേര് ജീവിച്ചിരിപ്പില്ലാത്തതിനാലാണോ അന്ന് പിറന്നാള്‍ ആഘോഷിക്കാത്തത്. അല്പന് ഐശ്വര്യം വന്നാല്‍ അര്‍ധരാത്രി കുടപിടിക്കും എന്നാണല്ലോ.

ഒറ്റവെടിക്ക് ഇരട്ടപ്പക്ഷി, ഒറ്റക്കൊമ്പില്‍ ഇരട്ടത്തൂക്കം, ടൂ ഇന്‍ വണ്‍ എന്നൊക്കെ പറയാറുള്ളതുപോലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങ് അക്ഷരാര്‍ത്ഥത്തില്‍ കാണികള്‍ക്ക് ഒരു വിരുന്നായി. പുരസ്കാരദാനത്തിനിടയില്‍ത്തന്നെ നടന്മാരായ അലന്‍സിയറുടെയും ഭീമന്‍ രഘുവിന്റെയും കലാപ്രകടനങ്ങള്‍. അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് അലന്‍സിയര്‍ നടത്തിയ സ്ത്രീവിരുദ്ധ പ്രസംഗം കോളിളക്കമുണ്ടാക്കി, വിവാദത്തിരയിളക്കി എന്നൊന്നും പറഞ്ഞ് നിസാരവല്‍ക്കരിക്കരുത്. ഉറങ്ങിക്കിടന്ന ഒരു നടിയുടെ തുണിയൊന്നു മാറിക്കിടന്ന ചിത്രമെടുത്തതിന് കരണത്ത് തല്ലുകൊണ്ട മഹാനാണ് ടിയാന്‍‍. പാതിരാത്രി ഒരു നടിയെ വിളിച്ച് ശൃംഗാരപദ ലഹരിയില്‍ വര്‍ത്തമാനം പറഞ്ഞിട്ട് അത് മദ്യലഹരിയിലായിപ്പോയി എന്ന് മാപ്പുപറഞ്ഞ ധീരശൂര പരാക്രമി. പുരസ്കാരവേദിയില്‍ പ്രസംഗിക്കുമ്പോള്‍ അലന്‍സിയര്‍ സുബോധത്തിലായിരുന്നുവോ എന്ന് പ്രസംഗിക്കുന്നതിന് മുമ്പ് ലഹരിപരിശോധന നടത്താത്തത് സംഘാടകരുടെ കുറ്റം.


ഇത് കൂടി വായിക്കൂ: ജി20 ഉച്ചകോടിക്ക് കൊടിയിറങ്ങിയപ്പോള്‍


അടുത്തത് നടന്‍ ഭീമന്‍ രഘുവിന്റെ പ്രകടനമായിരുന്നു. ചുവന്ന പുള്ളികളുള്ള മഞ്ഞ ബ്ലൗസുപോലുള്ള ഒരുടുപ്പുമിട്ട് സദസിന്റെ മുന്‍നിരയില്‍ ഏകനായി എണീറ്റുനിന്ന ഭീമന്റെ കോലംകണ്ട് മുഖ്യമന്ത്രി പിണറായി പോലും ചിരിച്ചുപോയി. പക്ഷെ ഭീമന്‍ പറയുന്നത് ബിജെപി വിട്ട് സിപിഎമ്മിലേക്ക് വന്ന തന്നെ മുഖ്യമന്ത്രിക്ക് മനസിലായതുകൊണ്ടാണ് ചിരിച്ചതെന്ന്. പിന്നെയൊട്ടും വെെകിയില്ല. പിന്നിലിരിക്കുന്നവരുടെ കാഴ്ച മറച്ച് അയാള്‍ കുന്തം വിഴുങ്ങിയ മട്ടില്‍ ഒരൊറ്റ നില്പ്. മുഖ്യമന്ത്രിയുടെ പ്രസംഗം തീരുംവരെ. പ്രതിമാതുല്യനായ ഭീമന്റെ കണ്ണുകള്‍ നൃത്തത്തിലെ നേത്രാഭ്യാസിയെപ്പോലെ ഇടംവലം ചുഴറ്റി. അപ്പോള്‍ മുഖ്യമന്ത്രിയെ തനിക്ക് അച്ഛനെപ്പോലെ തോന്നിയത്രെ. താന്‍ ആ നിമിഷം മുതല്‍ ഒരു പൊലീസ് കമാന്‍ഡോയെപ്പോലെ സംരക്ഷകനാവുകയായിരുന്നുവെന്ന് മറ്റൊരു സാക്ഷ്യം. ഭീമന്‍ രഘുവില്‍ നിന്നും കാലം ഇതിലപ്പുറവും വലിയ അഭിനയങ്ങള്‍ കാണാനിരിക്കുന്നതേയുള്ളു. അതിനാല്‍ മുഖ്യമന്ത്രി തന്നെ ഇടപെട്ട് ഒരു ഷോക്ക് ചികിത്സ നല്‍കി ഭീമന്റെ ഭീമന്‍രോഗത്തിന് ശമനമുണ്ടാക്കണമെന്ന് ആരാധക കോടികളുടെപേരില്‍ അപേക്ഷയുണ്ട്.
നമ്മുടെ പ്രബുദ്ധ കേരളം ഇങ്ങനെയാകരുത്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ഒരു ദളിത് സ്ത്രീ പാചകം ചെയ്ത സ്കൂള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ വിദ്യാര്‍ത്ഥികള്‍ വിസമ്മതിച്ചുവെന്ന ദുഃഖകരമായ വാര്‍ത്ത കണ്ടു. കുട്ടികളെ അനുനയിപ്പിക്കാന്‍ ഒടുവില്‍ മുഖ്യമന്ത്രി സ്റ്റാലിന്റെ സഹോദരിയും അന്തരിച്ച കലെെഞ്ജര്‍ കരുണാനിധിയുടെ പുത്രിയുമായ കനിമൊഴി എംപിക്ക് കുട്ടികളുടെയൊപ്പമിരുന്ന് ആ ഭക്ഷണം കഴിക്കേണ്ടിവന്നു. ജാതിക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പടവെട്ടി മരിച്ച പെരിയോര്‍ ഇ വി രാമസ്വാമി നായ്ക്കരുടെ മൂന്നാംതലമുറയിലെ ഇ വി എസ് ഇളങ്കോവനും രാഷ്ട്രീയത്തില്‍ ജാതിവ്യവസ്ഥയ്ക്കെതിരെ ഇപ്പോഴും പോരാടുന്നു. പക്ഷെ ഒന്നിനു പിന്നാലെ താഴ്ന്നജാതിക്കാരെ വേര്‍തിരിക്കുന്ന ജാതിമതിലുകള്‍ ഇപ്പോഴും കെട്ടിപ്പൊക്കുന്ന സവര്‍ണവാഴ്ചയുടെ ദുരന്തദൃശ്യങ്ങള്‍. പക്ഷെ കേരളം അങ്ങനെയല്ല. എങ്കിലും ജാതിവ്യവസ്ഥയുടെ അപൂര്‍വദൃശ്യങ്ങള്‍ നമ്മെ അലോസരപ്പെടുത്തുന്നു. സര്‍വമതങ്ങള്‍ക്കും ആരാധനാസ്വാതന്ത്ര്യമുള്ള രാജ്യത്തെ ഏക മഹാക്ഷേത്രമായ ശബരിമലയില്‍ത്തന്നെ ചാതുര്‍വര്‍ണ്യം സടകുടഞ്ഞാടി. കലിയുഗവരദന്റെ നിവേദ്യമായ ഉണ്ണിയപ്പമുണ്ടാക്കാനുള്ള ടെന്‍ഡര്‍ ഇത്തവണ ലഭിച്ചത് സുബി എന്ന ദളിതന്. ടെന്‍ഡറില്‍ പങ്കെടുക്കാനോ, ഉണ്ണിയപ്പമുണ്ടാക്കാനോ ദളിതന് ഒരയിത്തവുമില്ല. അയ്യപ്പനാണെങ്കില്‍ മതാതീത ഭഗവാന്‍. പക്ഷെ ഉണ്ണിയപ്പം ടെന്‍ഡര്‍ വിളിച്ചുകിട്ടിയെന്ന പേരില്‍ സുബുവിനെ ചില സംഘ്പരിവാറുകാര്‍ സനാതന വീര്യത്തോടെ തല്ലിച്ചതച്ചു. മുഖത്തും ദേഹത്തും കാര്‍ക്കിച്ചുതുപ്പി. നമ്മുടെ ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കും ഇതൊരു വാര്‍ത്തയേ ആയില്ല. എന്നിട്ടും നമ്മള്‍ ഊറ്റംകൊള്ളുന്നു, സാംസ്കാരിക കേരളമെന്ന്.


ഇത് കൂടി വായിക്കൂ:വിദ്വേഷത്തിന്റെ വിഷബീജങ്ങള്‍ നശിക്കണം | Janayugom Editorial


നമ്മുടെ ശരീരത്തിലെ ഒരവയവമായി മാറിക്കഴിഞ്ഞിരിക്കുന്ന മൊബെെല്‍ ഫോണ്‍ കേരളത്തിലെത്തിയതിന്റെ 27-ാം വാര്‍ഷികമായിരുന്നു ഇന്നലെ. എസ്കോടെല്‍ പുറത്തിറക്കിയ ആ ഫോണിലൂടെ വിശ്വസാഹിത്യകാരനായ നമ്മുടെ തകഴി ആദ്യം സംസാരിച്ചത് ദക്ഷിണ മേഖലാ നാവികസേനാ മേധാവി എ ആര്‍ ടണ്ഠനോട്. പിന്നീട് മലയാളത്തിന്റെ കഥാകാരി മാധവിക്കുട്ടിയോട്. 27 വര്‍ഷത്തിനിടെ കോടിക്കണക്കിന് മൊബെെല്‍ ഫോണുകളാണ് കേരളത്തില്‍ വിറ്റഴിക്കപ്പെട്ടത്. ഒരാള്‍ക്ക് മൂന്നും നാലും ഫോണുകള്‍. തട്ടിപ്പുകാര്‍ക്ക് സ്വന്തമായി നൂറുകണക്കിന് ഫോണുകള്‍. ‘ഹലോ മിസ്റ്റര്‍ ടണ്ഠന്‍, ഹലോ മെെ മാധവിക്കുട്ടി’ എന്ന് ആദ്യം വിളിക്കുമ്പോള്‍ തകഴി ഇന്നു കാണുന്ന മാറ്റം സ്വപ്നംപോലും കണ്ടിരിക്കില്ല. മരണത്തിലേക്ക് കെെപിടിച്ചു നടത്തുന്ന ലോണ്‍ ആപ്പുകള്‍ വരെയുള്ള മൊബെെല്‍ ഫോണുകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.