21 November 2024, Thursday
KSFE Galaxy Chits Banner 2

എമിലി ഡിക്കിന്‍സിന്റെ കവിതകള്‍

വിവർത്തനം
ഡോ. ആര്യ ഗോപി
September 24, 2023 6:20 pm

(1) പുസ്തകം പോലേതൊരു
വന്‍തോണിയുണ്ടു നമ്മെ-
യക്കരെയെത്തിക്കുവാന്‍?
ത്രസിച്ചു തുടിക്കുന്ന
കവിതത്താളുപോലേതൊരു
പടക്കുതിരയുണ്ടിവിടെ?

ഏതൊരേഴയ്ക്കും
പോകാമിങ്ങനെ ദൂരേയ്ക്കുദൂരം
കൈമടക്കേതുമില്ലാതെ
എത്ര നശ്വരം
ഈ പെരുംരഥം
മനുഷ്യാത്മാവിന്‍
തല്‍ക്കാലമിരിപ്പിടം!

(2) ദീര്‍ഘദൃഷ്ടിക്കണ്ണില്‍
ദൈവികപ്പൊരുള്‍പോല്‍ ഭ്രാന്ത്
ആത്മനിഷ്ഠയ്ക്കിന്നെന്‍
ഇരുട്ടാഴത്തിര ഭ്രാന്ത്
ഏറിയകൂറും സാക്ഷി-
അതിജീവനം സത്യം
വിളംബം വരുത്താതെ
പറ‍ക്കൂ… ഉയരൂ…
ന്യായബോധത്തിന്‍ ചിറകാല്‍
അനര്‍ത്ഥമെന്നോതിയാരോ
ചങ്ങലയ്ക്കിട്ടു മെരുക്കാന്‍
വരുന്നുണ്ട്… വരുന്നുണ്ട്… !

(3) വെറുക്കുവാന്‍
സമയമേയില്ലപോലും
ശവമാടം വിലക്കുമെങ്കിലും
മതിയാവില്ലെന്റെ പ്രാണനില്‍
വെറുപ്പിനോ ഇടമില്ല.

വെറുക്കുവാന്‍
സമയമേയില്ലപോലും…
ഭാരമേന്തും മട്ടിലാസ്നേഹ-
ത്തൂവല്‍ താങ്ങിടാനാകാതെ
ഞാന്‍ കുഴഞ്ഞിടുന്നു!

(4) ഓരോ അതിന്ദ്രീയ നിമിഷത്തിനും
നാം വേപഥോന്മാദം പകരം പറയവേ

പ്രാണത്തുണീരത്തിനാകെ-
യനുപാത തീവ്രതയില്‍
നിന്നിതാ തളിര്‍ക്കുന്നു നിര്‍വൃതി

ആണ്ടുകള്‍ പെറ്റിട്ട ഭിക്ഷാന്നമായി
പ്രേമം ആര്‍ദ്രസമയങ്ങളില്‍ പൂത്തു.

കഠോരകലഹം മറന്നിട്ടുമിന്നെന്‍
ശവപേടകം കണ്ണുനീരില്‍ മുങ്ങിമറയുന്നു.

(5) വന്യരാത്രികള്‍.…വന്യരാത്രികള്‍
ഞാന്‍ നിന്നോടൊത്തുണ്ടായിരുന്നോ?
വന്യരാത്രികള്‍… വന്യരാത്രികള്‍
നമ്മുടെ അമിതേച്ഛയായിരുന്നോ ?

കാറ്റാറാടിയതു വെറുതെയോ
നിന്റെ ഹൃദയാലിംഗനത്തില്‍
ഞാനാ സീമകളറിഞ്ഞിട്ടില്ല
പരിധികളറിഞ്ഞിട്ടില്ല.

ഏദനിലലഞ്ഞും
സമുദ്രത്തിലുലഞ്ഞും
ഈ രാത്രി ഞാന്‍
നിന്നില്‍ നങ്കൂരമിടുന്നു!

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.