25 November 2024, Monday
KSFE Galaxy Chits Banner 2

മുന്‍ എംഎല്‍എ അഡ്വ. എം കെ പ്രേംനാഥ് അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 29, 2023 12:27 pm

മുന്‍ വടകര എംഎല്‍എയും ലോക് താന്ത്രിക് ജനതാദള്‍ സീനിയര്‍ വൈസ് പ്രസിഡന്‍റുമായ അഡ്വ. എം കെ പ്രേംനാഥ് അന്തരിച്ചു. 72 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍രാവിലെയാണ് അന്ത്യം രോഗബാധിതനായി ചികിത്സയിലായിരുന്നു.വിദ്യാര്‍ഥി കാലഘട്ടം മുതല്‍ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു അദ്ദേഹം. 

സോഷ്യലിസ്റ്റ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. മടപ്പള്ളി ഗവ.കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ഇദ്ദേഹം കേരള സര്‍വ്വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തരബിരുദം, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, ഭാരതീയ വിദ്യാഭവനില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ പി.ജി.ഡിപ്ലോമയും കരസ്ഥമാക്കി. ഐഎസ്ഒയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു.

യുവജനതാദള്‍ സംസ്ഥാന സെക്രട്ടറിയായും ദേശീയസമിതി അംഗമായും പ്രവര്‍ത്തിച്ചു. ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 1976‑ല്‍ അടിയന്തരാവസ്ഥയ്ക്ക് എതിരെ നിയമം ലംഘിച്ച് കോഴിക്കോട് ജാഥ നടത്തുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. അന്ന് പോലീസ് മര്‍ദ്ദനത്തിന് ഇരയായി. ഒട്ടേറെ വിദ്യാര്‍ഥി-യുവജനസമരങ്ങള്‍ക്കും നേതൃത്വം നല്‍കി. 2006‑ല്‍ വടകര മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

2011‑ല്‍ വടകരയില്‍നിന്ന് വീണ്ടും ജനവിധി തേടിയെങ്കിലും സി.കെ.നാണുവിനോട് പരാജയപ്പെട്ടു. വടകര റൂറല്‍ ബാങ്ക് പ്രസിഡന്റ്, സ്വതന്ത്രഭൂമി പത്രാധിപര്‍, തിരുവനന്തപുരം പാപ്പനംകോട് എന്‍ജിനീയറിങ് കോളേജ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യം തന്നെ അമൃതം എന്ന പുസ്തകം രചിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ കോളേജില്‍നിന് നിയമബിരുദം നേടിയ ഇദ്ദേഹം വടകര ബാറിലെ അഭിഭാഷകനായിരുന്നു. സ്വാതന്ത്ര്യസമരസേനാനിയായ ചോമ്പാലയിലെ പരേതനായ കുന്നമ്പത്ത് നാരായണക്കുറുപ്പാണ് പിതാവ്. മാതാവ്: പരേതയായ പത്മാവതി അമ്മ. ഭാര്യ: പരേതയായ ടി.സി.പ്രഭ. മകള്‍: ഡോ.പ്രിയ. മരുമകന്‍: കിരണ്‍ കൃഷ്ണ (ദുബായ്). സഹോദരങ്ങള്‍: ബാബു ഹരിപ്രസാദ്, ശോഭന, രമണി, പരേതരായ സേതുകൃഷ്ണന്‍, ചന്ദ്രമണി.

Eng­lish Summary:
For­mer MLA Adv MK Prem­nath passed away

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.